തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ്(Lokayukta Ordinance) കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. രാവിലെ 11:30- നാണ് യു.ഡി.എഫ്(UDF) പ്രതിനിധി സംഘം രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.എം.എ സലാം, മോന്‍സ് ജോസഫ്, എ.എ അസീസ്, സി.പി ജോണ്‍, ജി ദേവരാജന്‍ എന്നിവരാണ് ഗവര്‍ണറെ കാണുക. നിയമവിരുദ്ധമായ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ യുഡിഎഫ് നേതൃത്വം തീരുമാനിച്ചത്.
മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി ഗവര്‍ണറും മന്ത്രിമാര്‍ക്കെതിരെയുള്ള പരാതി മുഖ്യമന്ത്രിയും തീര്‍പ്പുകല്‍പ്പിക്കുന്നത് നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് പ്രതിപക്ഷം ഗവര്‍ണറെ അറിയിക്കും. ലോകായുക്തയുടെ അധികാരം ഗണ്യമായി ചുരുക്കുന്നതും അപ്പീല്‍ അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതുമായ ഓര്‍ഡിനന്‍സാണ് വിവാദമായിരിക്കുന്നത്.
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സര്‍വ്വകലാശാല വിഷയങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാരുമായി മാസങ്ങളായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടാതെ മടക്കിയാലും കൂടുതല്‍ വിശദീകരണം തേടിയാലും സര്‍ക്കാരിന് അത് തിരിച്ചടിയാകും. മാത്രമല്ല പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഇത് ശക്തി പകരുകയും ചെയ്യും.
ഓര്‍ഡിനന്‍സിനെ ശരിയായ രീതിയില്‍ പഠിക്കാതെയാണ് പ്രതിപക്ഷനേതാവ് വിഡി സതീശന് ആരോപണമുന്നയിക്കുന്നത് ആണ് നിയമ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കുന്നത്. കര്‍ണാടകയിലെ ഉള്‍പ്പെടെ ലോകായുക്തയുടെ അധികാരത്തെ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കത്തെ നിയമ വകുപ്പ് മന്ത്രി പ്രതിരോധിക്കുന്നത്
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.