തിരുവന്തപുരം: കോർപറേഷൻ നിയമന കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സമരം അവസാനിപ്പിക്കാൻ തീരുമാനം. മന്ത്രി എം.ബി രാജേഷ് പ്രതിപക്ഷ കക്ഷി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.ഡി ആർ അനിലിനെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതോടെയാണ് സമവായത്തിന് വഴി തെളിഞ്ഞത്.
തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞ 56 ദിവസമായി തുടരുന്ന സമരമാണ് അവസാനിക്കുന്നത്. നിരന്തര പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സെക്രട്ടറിയേറ്റ് കവാടത്തിന് സമാനമായിരുന്നു നഗരസഭാ കവാടവും. സർക്കാരും പാർട്ടിയും ഒപ്പമുണ്ട് എന്നതായിരുന്നു മേയർ ആര്യ രാജേന്ദ്രന്റെ കരുത്ത്. വിവാദങ്ങൾക്കിടെ ചേർന്ന മൂന്ന് കൗൺസിൽ യോഗങ്ങളിലും സമാനതകളില്ലാത്ത പ്രതിഷേധം അരങ്ങേറിയെങ്കിലും മേയർ പതറിയില്ല.
Also Read- തിരുവനന്തപുരം കോര്പ്പറേഷന് കത്തുവിവാദം; ഡി.ആർ അനിലിനെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി
ഇതോടെയാണ് രാജിവെക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ നിലപാടിലും അയവ് വന്നത്. എന്നൽ വിവാദത്തില്‍ ഡി ആര് അനിലിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി എന്നാണ് സിപിഎമ്മിന്റെയും വിലയിരുത്തല്‍. വിഷയത്തില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിഷയം തണുപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തിൽ ഇടപെടൽ ഉണ്ടായത്..കത്തെഴുതിയെന്ന് ഡിആര്‍ അനില്‍ സമ്മതിച്ചതായും, അതിനാല്‍ ആണ് അനിലിനെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് എം ബി രാജേഷ് വ്യക്തമാക്കി.
അതേസമയം, പാർട്ടി തീരുമാനം അംഗീകരിക്കുന്നതായി ഡി ആർ അനിൽ. മാറി നിൽക്കാൻ ആണ് പാർട്ടി ആവശ്യപ്പെട്ടത്. ഒറ്റപ്പെടുത്തിയതല്ല. കോർപ്പറേഷനുമായി ബന്ധപ്പെട്ട വിഷയമല്ല തന്റെ കത്തിലുള്ളത്. നാളെ രാജി നൽകുമെന്നും ഡി ആർ അനിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.