തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെൻറുകളുമായി സർക്കാർ ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ. ഫീസ് എത്രയെന്നറിയാതെ പ്രവേശനത്തിന് പോകേണ്ട ഗതികേടിലാണ് വിദ്യാർഥികളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കൊണ്ടാണ് കാലതാമസം ഉണ്ടായതെന്നും പ്രവേശനം സമയബന്ധിതമായി പൂർത്തിയാക്കുമെന്നുമായിരുന്നു മന്ത്രി കെ.കെ.ശൈലജയുടെ മറുപടി.
മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള ഒരു മുന്നൊരുക്കവും സർക്കാർ നടത്തിയില്ല. നീറ്റ് ഫലം വന്നിട്ട് ഒരു മാസമായിട്ടും പ്രവേശന നടപടികൾ എങ്ങുമെത്തിയില്ല. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ വി.എസ് ശിവകുമാർ ആരോപിച്ചു. അലോട്ട്മെന്റ് വരുമ്പോഴേക്കും ഫീസ് നിശ്ചയിക്കുമെന്നും പ്രവേശനത്തിന് തടസവുമുണ്ടാവില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. കൃത്യമായി അലോട്ട്മെന്റ് പൂർത്തിയാക്കുന്ന സംസ്ഥാനമാണ് കേരളം. തൽക്കാലം കഴിഞ്ഞ വർഷത്തെ ഫീസിൽ പ്രവേശനം നടത്തും. തുടർന്ന് ഫീസ് നിർണയ സമിതിയുടെ തീരുമാനം നടപ്പാക്കും.
ഈ സർക്കാർ കയറിയത് മുതൽ മാനേജ്മെൻറ് കളുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അടിയന്തര പ്രമേയത്തിനു അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.