• HOME
 • »
 • NEWS
 • »
 • kerala
 • »
 • OPPOSITION QUESTIONS DOUBLE STANDARDS IN LOCKDOWN RELAXATION WITH COVID CERTIFICATE TO ENTER GROCERY SHOPS AND NO CERTIFICATE TO BUY LIQUOR 1

'മദ്യം വാങ്ങാൻ വേണ്ടാത്ത വാക്‌സിൻ അരി വാങ്ങാൻ വേണം; യുവാക്കൾ വീട്ടിലും പ്രായമായവർ വഴിയിലും'; സർക്കാരിനെതിരെ പ്രതിപക്ഷം

'പെൺകുട്ടികൾ പുറത്തിറങ്ങുമ്പോൾ അവരെ അസഭ്യം പറയാൻ പോലീസിന് എന്ത് അധികാരമെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. 50 കൊല്ലം മുമ്പുള്ള കുട്ടൻപിള്ള പോലീസിൻറെ കാലത്തേക്ക് ഈ സർക്കാർ പോലീസിനെ മടക്കി കൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

assembly_udf

assembly_udf

 • Share this:
  തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിനായി സർക്കാർ നടപ്പാക്കുന്ന പുതിയ മാർഗനിർദേശത്തിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം. മദ്യം വാങ്ങാൻ വാക്‌സിൻ വേണ്ട, അരി വാങ്ങാൻ വാക്‌സിൻ വേണമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഉള്ളതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് അഭികാമ്യമെന്ന് മന്ത്രി സഭയിൽ പറഞ്ഞു. ഉത്തരവിൽ ചീഫ് സെക്രട്ടറി അത് നിർബന്ധമാക്കി. മന്ത്രി പറയുന്നതോ ചീഫ് സെക്രട്ടറി പറയുന്നതോ, ഏതാണ് വിശ്വസിക്കേണ്ടതെന്നും പ്രതിപക്ഷം ചോദിച്ചു.

  ഗുരുതരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളതെന്നും കെ ബാബു പറഞ്ഞു. യുവാക്കൾ വീട്ടിലിരിക്കണമെന്നും വാക്സിൻ എടുത്ത പ്രായമായവർക്ക് പുറത്തിറങ്ങാൻ കഴിയും എന്നതാണ് ഇപ്പോഴത്തെ ഉത്തരവു പറയുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പുതിയ ഉത്തരവ് ജനങ്ങളിൽ വലിയ നിരാശയുണ്ടാക്കി. ആന കൊടുത്താലും ആശ കൊടുക്കരുത്. ആറ്റു നോറ്റിരുന്നു പ്രസവിച്ചത് ചാപിള്ള ആയിപ്പോയ അവസ്ഥയിലാണിത്. ജനങ്ങൾ നിരാശയിലാണ്. ആന കൊടുത്താലും ആശ കൊടുക്കരുതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

  അതേസമയം അതിതീവ്ര വ്യാപനം ഉള്ള ഡെൽറ്റ വൈറസുകളാണ് 90 ശതമാനവും കേരളത്തിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇരട്ടിയോ അതിലധികമോ ആകാം, ജാഗ്രത വേണം. എല്ലാ കാലവും ലോക്ക്ഡൗണിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ ആകില്ല. നിയന്ത്രണങ്ങൾ മറികടന്നാൽ അത് തടയേണ്ടത് പോലീസിൻറെ ഉത്തരവാദിത്വം ആണ്. അതാണ് അവർ നിർവഹിച്ചത്. രണ്ടാം തരംഗത്തിൽ നിന്ന് പൂർണ്ണമായും മോചനം നേടിയിട്ടില്ല. മൂന്നാം തരംഗവും ആശങ്കയുണ്ടാക്കുന്നു. വാക്സിനേഷൻ പൂർത്തിയാകുന്നതിനുമുമ്പ് മൂന്നാം തരംഗം ഉണ്ടായാൽ സ്ഥിതി ഗുരുതരമാകും. അത് തടയാനുള്ള നിയന്ത്രണങ്ങളാണ് സർക്കാർ ആലോചിക്കുന്നതും നടപ്പാക്കുന്നതും. പകർച്ചവ്യാധികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്, അതാണ് നിറവേറ്റുന്നതും പ്രതിപക്ഷത്തിൻ്റെ പൂർണ്ണമായ സഹകരണം അഭ്യർത്ഥിക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.

  Also Read- 'പാൽ വാങ്ങാൻ പോകാൻ കോവിഡ് സർട്ടിഫിക്കറ്റ് വേണോ?; ഈ ലോകത്തെ ഏറ്റവും വലിയ വിഡ്ഡികളാണ് നമ്മൾ; സർക്കാരിനെതിരെ നടി രഞ്ജിനി

  കോവിഡിൻ്റെ ആദ്യഘട്ടത്തിൽത്തന്നെ നിബന്ധനകളെ യുഡിഎഫ് നേതാക്കൾ വെല്ലുവിളിച്ചതായി ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. നേതാക്കളിൽ പലർക്കും കോവിഡ് രോഗവും ബാധിച്ചു. ലോക് ഡൗൺ നിയന്ത്രണങ്ങൾ എടുത്തു മാറ്റുമ്പോഴും ലഘൂകരിച്ച നിയന്ത്രണങ്ങൾ വേണ്ടിവരും. ഇതിനെ എതിർക്കുന്നത്
  കോവിഡ് വർധിച്ചാലും സർക്കാരിന് ദുഷ് പേര് ഉണ്ടാകണമെന്ന സമീപനത്തിൻ്റെ ഭാഗമാണെന്ന് ആരോഗ്യ മന്ത്രി വിമർശിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകിയാവണം നിയന്ത്രണങ്ങളിൽ ഇളവ് നൽകേണ്ടത്. ഇതാണ് സർക്കാരിൻറെ നിലപാട്. പെട്ടെന്ന് പൂർണമായ ഇളവ് കൊണ്ടുവരാൻ കഴിയില്ല. അങ്ങനെ ചെയ്താൽ നൽകേണ്ടി വരുന്ന വില ജനങ്ങളുടെ ജീവനാണ്. അതു വേണോയെന്ന് പരിശോധിക്കണം. സുപ്രീം കോടതി നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ നിയന്ത്രണം. സർക്കാരിൻറെ പ്രധാനപ്പെട്ട ദൗത്യം ജനങ്ങളെ സംരക്ഷിക്കലാണെന്നും വീണാ ജോർജ് പറഞ്ഞു.

  വിഷയത്തിൽ മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് സ്പക്കർ അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. സർക്കാർ ജനങ്ങളെ കളിയാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി. ഡി സതീശൻ കുറ്റപ്പെടുത്തി. ഇപ്പോഴത്തേത് കൂടുതൽ നിയന്ത്രണങ്ങൾ. ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. 57.86 ശതമാനം ആളുകൾക്ക് കടയിൽ പോകണമെങ്കിൽ 500 രൂപ കൊടുത്ത് ആർ ടി പി സി ആർ എടുക്കണം. എന്തു നിയന്ത്രണമാണിതെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.

  സംസ്ഥാനത്ത് പൊലീസിന് എന്തും ചെയ്യാനുള്ള ലൈസൻസാണ് നൽകിയിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. പെൺകുട്ടികൾ പുറത്തിറങ്ങുമ്പോൾ അവരെ അസഭ്യം പറയാൻ പോലീസിന് എന്ത് അധികാരം? 50 കൊല്ലം മുമ്പുള്ള കുട്ടൻപിള്ള പോലീസിൻറെ കാലത്തേക്ക് ഈ സർക്കാർ പോലീസിനെ മടക്കി കൊണ്ടുപോകുന്നു. ആളുകളെ പോലീസ് പീഡിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു. ആളുകൾക്ക് ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കടയിൽ കയറണമെങ്കിൽ ആർ ടി പിസി ആർ സർട്ടിഫിക്കറ്റ് വേണംപുറത്തിറങ്ങാൻ കഴിയാത്ത ആളുകൾ എങ്ങനെ സാധനം വാങ്ങുമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. പെറ്റി സർക്കാർ എന്ന് ചരിത്രത്തിൽ ഈ സർക്കാരിന് പേരു വരും. ആരാണിത് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി മറുപടി പറയണം. കോവിഡിനെ പേരിൽ ജനങ്ങളെ സർക്കാർ ദ്രോഹിക്കുന്നു. സർക്കാർ ഇത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
  Published by:Anuraj GR
  First published:
  )}