• HOME
  • »
  • NEWS
  • »
  • kerala
  • »
  • OPPOSITION SAYS BJP CPM MUTUAL AGREEMENT TO SETTLE GOLD SMUGGLING AND KODAKARA MONEY LAUNDERING CASE JK TV

സ്വര്‍ണക്കടത്തും കൊടകര കുഴല്‍പ്പണക്കേസും ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി-സിപിഎം പരസ്പര ധാരണ; പ്രതിപക്ഷം

ഹൈക്കോടതി വിധി നിയമവിരുദ്ധമായി പ്രവർത്തിച്ച സർക്കാരിനുള്ള കടുത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു

പിണറായി വിജയൻ, വി ഡി സതീശൻ

പിണറായി വിജയൻ, വി ഡി സതീശൻ

  • Share this:
തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം വീണ്ടും സജീവമായി സ്വർണക്കടത്ത് കേസ്. ഇഡിക്കെതിരായ ജുഡിഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയും സ്വർണടക്കടത്ത് കേസ് പ്രതി സരിത്തിന്റെ വെളിപ്പെടുത്തലുമാണ് സ്വർണക്കടത്തിനെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത്. രണ്ടു വിഷയങ്ങളിലും സർക്കാരിനെതിരേ പ്രതിപക്ഷം രംഗത്തു വന്നു കഴിഞ്ഞു. സ്വർണക്കടത്തും കൊടകര കുഴൽപ്പണ കവർച്ചാ കേസും പരസ്പരം ഒത്തുതീർപ്പാക്കാനാണ് ശ്രമമെന്ന് ആരോപിച്ച് സർക്കാരിനേയും ബിജെപിയേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുകയാണ് യുഡിഎഫ്.

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം നിർജീവമായ സ്വർണക്കടത്ത് വിവാദവും കേസും വീണ്ടും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയാകുകയാണ്. ആക്രമമാണ് മികച്ച പ്രതിരോധമെന്നു തിരിച്ചറിഞ്ഞ് കേന്ദ്ര ഏജൻസികൾക്കെതിരേ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് സർക്കാർ രാഷ്ട്രീയ പ്രതിയോഗികളെ ഞെട്ടിച്ചത്. അതിന്റെ രാഷ്ട്രീയനേട്ടം ഇടതുമുന്നണിക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ അന്നത്തെ ആ നീക്കത്തിന്റെ നിയമസാധുത ഇപ്പോൾ തത്കാലത്തേക്കെങ്കിലും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു.  മുന്നിൽ നിയമ വഴികൾ ബാക്കിയുണ്ടെങ്കിലും സർക്കാർ മറുപടി പറയേണ്ടി വരും. കോടതി വിധി മറികടക്കാൻ നിയമപോരാട്ടം തുടരാനാണ് സർക്കാരിലെ പ്രാഥമിക ധാരണ. എങ്കിലും അത് എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. ഇതിനകം തന്നെ പ്രതിപക്ഷം ഈ വിഷയത്തിലെ രാഷ്ട്രീയ സാധ്യത തിരിച്ചറിഞ്ഞു ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

ഹൈക്കോടതി വിധി നിയമവിരുദ്ധമായി പ്രവർത്തിച്ച സർക്കാരിനുള്ള കടുത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേട്ടു കേൾവിയില്ലാത്ത വിചിത്ര വാദവുമായാണ് കേന്ദ്ര ഏജൻസികൾക്കെതിരേ സർക്കാർ നീങ്ങിയത്. അതും ജുഡിഷ്യൽ അന്വേഷണം പോലുള്ള മാർഗത്തിലൂടെ. ജുഡിഷ്യൽ അന്വേഷണം ഉപയോഗിച്ച് കേന്ദ്ര ഏജൻസികൾ സർക്കാരിനെതിരേ എടുത്ത കേസ് അട്ടിമരിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഇതിലെ നിയമ വിരുദ്ധത വിധിയിൽ ഹൈക്കോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിലെ നിയമ പ്രശ്നങ്ങൾ നേരത്തേ തന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Also Read-സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് ഇടക്കാല സ്റ്റേ

അതിനു പുറമേയാണ് സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ വെളിപ്പെടുത്തലും. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ കറൻസി കടത്തിയെന്ന മൊഴി ഗൗരവത്തോടെയാണ് പ്രതിപക്ഷം കാണുന്നത്. നിയമസഭാ സമ്മേളനം പുരോഗമിക്കുന്ന സാഹചര്യം സർക്കാരിനെതിരേയുള്ള പ്രതിപക്ഷം നീക്കങ്ങളുടെ മൂർച്ച വർധിപ്പിക്കുകയും ചെയ്യും. നാളെ നിയമസഭയിൽ ഈ വിഷയം പ്രതിപക്ഷം ഉന്നയിക്കാനാണാ സാധ്യത. മുഖ്യമന്ത്രി തന്നെ മറുപടി പറയേണ്ടിയും വരും. തെരഞ്ഞെടുപ്പിനു ശേഷം പൊടുന്നനെ സ്വർണടക്കടത്ത് കേസിൽ അന്വേഷണം നിലച്ചത് സർക്കാർ-ബിജെപി ധാരണയുടെ ഫലമെന്ന ആരോപണവും പ്രതിപക്ഷം കടുപ്പിക്കുകയാണ്. സിപിഎം- ബിജെപി നേതൃത്വങ്ങളിൽ ധാരണയിലെത്തി സ്വർണ കടത്ത് കേസും കൊടകര കുഴൽപ്പണ കേസും ഒത്തുതീർത്തും എന്ന ആരോപണം പ്രതിപക്ഷ നേതാവ് ഇന്നും ആവർത്തിച്ചു.

കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നേരത്തേ പ്രതിപക്ഷം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സസ്വർണക്കടത്ത് കേസ് അന്വേഷണം നിലച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രിയുടെ കാലിൽ വീണു കിടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കൊടകര കുഴൽപ്പണ കേസിൽ നിന്ന് രക്ഷപ്പെടാനാണ് സുരേന്ദ്രന്റെ ശ്രമം. കേസിൽ സുരേന്ദ്രന്റെ മൊഴി എടുക്കാൻ അന്വേഷണം സംഘം വൈകിയതും ഒത്തു തീർപ്പിന്റെ ഭാഗമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

എന്നാൽ ആരോപണങ്ങളിൽ കഴമ്പും പുതുമയും ഇല്ലെന്ന വാദം ഉയർത്തിയാകും സർക്കാർ പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കുക. ആരോപണങ്ങൾ ജനങ്ങൾ നേരത്തേ തള്ളിക്കളഞ്ഞതാണെന്നും ഇടതു കേന്ദ്രങ്ങൾ പറയുന്നു. പക്ഷേ, മുഖ്യമന്ത്രിക്കെതിരേ തന്നെ സ്വർണടക്കടത്ത് കേസ് പ്രതിയുടെ മൊഴി വന്നതും പ്രതിപക്ഷം അത് ആയുധമാക്കുന്നതും സർക്കാരിന് സഭയ്ക്കുള്ളിലും പുറത്തും അസുഖകരമായ അന്തരീക്ഷം സൃഷ്ടിക്കും എന്നുറുപ്പാണ്.
Published by:Jayesh Krishnan
First published:
)}