കൊച്ചി: ഫോൺ വിളി വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ നിയമ നടപടി സ്വീകരിയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ധാര്‍മ്മികമായ കാര്യം മാത്രമല്ല ഉള്ളത്. നിയമപരമായ പ്രശ്നവുമുണ്ട്. പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ പാടില്ലാത്തതാണ്. മന്ത്രിയെന്നല്ല ഒരു പൗരനും ഇടപെടാന്‍ സാധിക്കില്ല. എ കെ ശശീന്ദ്രന് ചെയ്തത് തെറ്റായ നടപടിയായിരുന്നു. ഒരു കാരണത്താലും ഇത് അംഗീകരിയ്ക്കാനാവില്ലെന്നും വി ഡി സതീശന് പറഞ്ഞു.
പീഡന പരാതി തീർപ്പാക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇരയുടെ പിതാവിനെ ഭീക്ഷണിപ്പെടുത്തിയെന്ന പരാതി നിലനിൽക്കില്ലെന്നാണ് നിയമോപദേശം. നല്ല രീതിയിൽ തീർക്കണം എന്ന മന്ത്രിയുടെ ഭാഷാ പ്രയോഗത്തിൽ തെറ്റായിട്ട് ഒന്നുമില്ലെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. സർക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ രേഖകൾ പുറത്തുവന്നു,
ഇരയുടെ പിതാവിനോട് കേസ് അവസാനിപ്പിക്കാനായി മന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ഈ ഫോൺ സംഭാഷണമാണ് മന്ത്രിക്കെതിരെയുള്ള പരാതിയ്ക്കാധാരം.
മന്ത്രിയുടെ പാർട്ടി നേതാവിനെതിരെയുള്ള കേസ് ഇല്ലാതാക്കാനായിരുന്നു മന്ത്രി ഫോണിലൂടെ ആവശ്യപ്പെട്ടത്. എന്നാൽ ഇരയുടെ പിതാവ് പരാതി പിൻവലിക്കില്ലെന്ന് പറഞ്ഞതോടെ മന്ത്രി നല്ല രീതിയിൽ പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഫോൺസംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ മന്ത്രി നടത്തിയ ഫോൺ സംഭാഷണത്തിലെ ഭാഷാപ്രയോഗങ്ങളിൽ തെറ്റായ രീതിയോ ഭീഷണിയോ ഇല്ലെന്നാണ് നിയമോപദേശം.
മലയാളം ഇംഗ്ലീഷ് നിഘണ്ടു അനുസരിച്ച് നല്ല പോലെ എന്ന വാക്കിന് വേണ്ടതുപോലെ എന്നാണ് അർത്ഥമെന്നാണ് വ്യാഖ്യാനം.മാത്രമല്ല, ഒരു പ്രയാസവുമില്ലാതെ പ്രശ്നം പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞതിൽ തെറ്റില്ലെന്നും ഭീഷണിയോ സ്വാധീനമോ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നു. ഇരക്കെതിരെയുള്ള മന്ത്രിയുടെ ഇടപെടലിനെ അനുകൂല ഇടപെടലായി വ്യാഖ്യാനിച്ച് കേസ് അവസാനിപ്പിക്കൻ ലഭിച്ച ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുക്കാത്തത്. എന്നാൽ ഇത്തരം നിയമോപദേശം സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.