തിരുവനന്തപുരം: ലഹരിക്കടത്തില്‍ സി പി എം നേതാവിനെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനെ പ്രതിപക്ഷം പിന്തുണയ്ക്കില്ലെന്ന് വി ഡി സതീശൻ. ‘വേണ്ടപ്പെട്ടവരെ ചേര്‍ത്ത് പിടിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള കാമ്പയിന് നടത്തുന്നത് ആത്മാര്‍ത്ഥതയല്ല. അത്തരം കാമ്പയിനില്‍ കേരളത്തിലെ പ്രതിപക്ഷം ഉണ്ടാകില്ലെന്നും’, അദേഹം പറഞ്ഞു.
‘കരുനാഗപ്പള്ളിയില്‍ സ്കൂളിന് മുന്നില്‍ നിന്നാണ് നിരോധിത പുകയില ഉല്പന്നങ്ങളുമായി എത്തിയ വാഹനം പിടികൂടിയത്. എന്നാൽ തെളിവുകളില്ലാതെ വാഹനത്തിന്റെ ഉടമയെ എങ്ങനെ അറസ്റ്റ് ചെയ്യുമെന്നാണ് മന്ത്രി എം.ബി രാജേഷ് ചോദിക്കുന്നത്. ലഹരിവിരുദ്ധ കാമ്പയിന് ഉദ്ഘാടനം ചെയ്യുകയും ലഹരിക്കടത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്ത എത്രയോ പേരുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്’, സതീശൻ പറഞ്ഞു.
ഓഗസ്റ്റ് 24- ന് അരക്കോടിയുടെ ലഹരി കടത്തിയതിന് ആലപ്പുഴയില്‍ അറസ്റ്റിലായ പ്രതികള്‍ തന്നെയാണ് കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലും പിടിയിലായത്. നിരപരാധിയാണെന്ന് നിങ്ങള്‍ പറയുന്ന ഷാനവാസ് ആ കേസിലെ പ്രതികളുമായാണ് ബര്‍ത്ത് ഡേ ആഘോഷിച്ചത്. ഷാനവാസ് സ്വന്തം വാഹനം ഇടുക്കിയിലുള്ള ആള്‍ക്ക് വിട്ടു കൊടുത്തതാണെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്നും സതീശൻ ചോദിച്ചു.
അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ ഷാനവാസ് കുറ്റക്കാരനല്ലെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞത് മാധ്യമങ്ങളില്‍ വന്നതാണ്. ഷാനവാസിനെതിരെ തെളിവില്ലെന്നും വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നുമാണ് സജി ചെറിയാന് പറഞ്ഞത്. എന്ത് ജാഗ്രതയാണ് അയാള്‍ കാണിക്കാതിരുന്നത്?
മുന്‍ മന്ത്രി ജി സുധാകരനും ചിത്തരഞ്ജന് എം.എല്‍.എയും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സജി ചെറിയാനുമായി ബന്ധമുള്ള ഷാനവാസിനെ കുരുക്കിയതാണെന്നും പാര്‍ട്ടിയില്‍ ആരോപണം ഉയര്‍ന്നിരുന്നു. അപ്പോള്‍ ചിത്തരഞ്ജന് സന്തോഷമായി. അതോടെ ചിത്തരഞ്ജന്റെ സന്തോഷം കെടുത്താന്‍ സജി ചെറിയാന്റെ നേതൃത്വത്തില്‍ 34 പേരുടെ അശ്ലീല ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ പുറത്ത് വിട്ടു. ആ വീഡിയോ എല്ലാവരുടെയും കൈയ്യില്‍ ഇരിക്കുകയല്ലേ?
Also read- കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ വെന്തുമരിച്ചു
മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വന്നതിന് പിന്നാലെ ഷാനവാസിന് ഒരു പങ്കുമില്ലെന്ന തരത്തില്‍ പൊലീസ് റിപ്പോര്‍ട്ട് നല്കി. എന്നാല്‍ ഇയാളുടെ മാഫിയാ ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത് മാധ്യമങ്ങളില്‍ വന്നതാണ്. ഒരു പൊതുപ്രവര്ത്തകന് ഉണ്ടാകേണ്ട ധാര്‍മ്മികതയോ പൊതുമൂല്യങ്ങളോ കാത്തു സൂക്ഷിക്കാതെ ഗുണ്ടാ- ലഹരി മാഫിയാ സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഉണ്ടാക്കുന്ന പണം ബിനാമി ഇടപാടുകള്‍ക്കായി ഷാനവാസ് ഉപഗിക്കുന്നുണ്ടെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. ഇത്തരമൊരു റിപ്പോര്‍ട്ടുണ്ടായിട്ടാണ് ഷാനവാസിനെതിരെ ഒരു തെളിവും ഇല്ലെന്ന് മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ പറയുന്നത്.
ഭരണത്തിന്റെ ഭാഗമായി പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന ജീര്‍ണത എത്രമാത്രം ആഴത്തിലുള്ളതാണെന്നതിന് തെളിവാണ് ആലപ്പുഴയില്‍ കണ്ടത്. എല്ലാ തെളിവുകളും ഉണ്ടായിട്ടും ഗുരുതരമായ കേസില്‍ ഉള്‍പ്പെട്ട പാര്‍ട്ടി നേതാവിനെ സംരക്ഷിക്കാനും ചേര്‍ത്ത് നിര്‍ത്താനുമാണ് ശ്രമിക്കുന്നത്. മയക്ക് മരുന്ന് സംഘങ്ങള്‍ കേരളത്തില്‍ അഴിഞ്ഞാടുമ്പോള്‍ വേണ്ടപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്താനായി സര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം നടത്തുകയാണെന്നും സതീശൻ ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drug mafia, Drugs Case, Opposition leader V D Satheesan, V.D. Satheeshan