അട്ടപ്പാടി മധു കേസിൽ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ്. പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷ ചെയർമാനായിട്ടുള്ള വിറ്റ്നസ് പ്രൊട്ടക്ഷൻ കമ്മറ്റിയുടേതാണ് തീരുമാനം. കേസിൻ്റെ വിചാരണ കഴിയുന്നത് വരെ സാക്ഷികൾക്ക് സംരക്ഷണം നൽകണമെന്നാണ് നിർദേശം. കേസിൻ്റെ വിസ്താരം തുടങ്ങുന്ന വേളയിൽ പ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ സാക്ഷികൾക്കും പൊലീസ് സംരക്ഷണം നൽകാൻ തീരുമാനിച്ചത്.
പാലക്കാട് എസ്പി ആർ വിശ്വനാഥൻ,പബ്ലിക് പ്രോസിക്യൂട്ടർ പി അനിൽ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാതിരിക്കാൻ ശ്രമിക്കുക, സാക്ഷികളുടെ വീടിന് നിരീക്ഷണം ഏർപ്പെടുത്തുക, സാക്ഷി വിസ്താരത്തിന് കോടതിയിലേക്ക് പോകുമ്പോൾ എസ്കോർട് നൽകുക തുടങ്ങി ഏഴ് സുരക്ഷാ നിർദ്ദേശങ്ങളാണ് സമിതിയുടെ ഉത്തരവിലുള്ളത്.
സാക്ഷികൾ കൂറുമാറിയതോടെ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങിയിരുന്നു. അഡ്വ രാജേഷ് എം മേനോനെയാണ് മധുവിൻ്റെ കുടുംബത്തിൻ്റെ നിർദ്ദേശപ്രകാരം പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. മധു കേസിൽ സാക്ഷികൾ കൂറുമാറി തുടങ്ങിയതോടെയാണ് മധുവിൻ്റെ കുടുംബം പുതിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
പുതിയ ആളെ നിയമിക്കുന്നത് വിചാരണ നിർത്തിവെക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതോടെ നിലവിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ രാജി വെച്ചു. കുടുംബത്തിൻ്റെ നിർദ്ദേശപ്രകാരം അഡീഷണൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ രാജേഷ് എം മേനോന് പകരം ചുമതല നൽകാനും തീരുമാനമായി.
മധുവിൻ്റെ കുടുംബം തന്നെയാണ് രാജേന്ദ്രനെയും നിർദ്ദേശിച്ചതെങ്കിലും സാക്ഷികളുടെ കൂറുമാറ്റം തടയാൻ ഇദ്ദേഹത്തിന് കഴിയാതെ വന്നതോടെയാണ് പുതിയ ആളെ നിയമിക്കണമെന്ന ആവശ്യവുമായി ഇവർ രംഗത്തെത്തിയത്. ആവശ്യം അംഗീകരിച്ചതിൽ തൃപ്തിയുണ്ടെന്ന് കുടുംബം പ്രതികരിച്ചു. മധു കേസിൽ നാലാമത്തെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാണ് രാജേഷ് എം മേനോൻ.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.