• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sunday Lockdown| ഞായറാഴ്ച നിയന്ത്രണത്തിൽ ഇളവ് വേണം; സർക്കാരിനോട് ഓർത്തഡോക്സ് സഭ

Sunday Lockdown| ഞായറാഴ്ച നിയന്ത്രണത്തിൽ ഇളവ് വേണം; സർക്കാരിനോട് ഓർത്തഡോക്സ് സഭ

ക്രൈസ്തവസഭകൾ സമ്മർദം ശക്തമാക്കിയതോടെ സർക്കാർ എന്ത് നിലപാട് എടുക്കും എന്നാണ് ഇനി അറിയാനുള്ളത്.

ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ

ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ

  • Share this:
കോട്ടയം: ഞായറാഴ്ച കടുത്ത നിയന്ത്രണം (Sunday Lockdown) സർക്കാർ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇതിൽ ഇളവ് വേണമെന്ന് ആവശ്യവുമായി ഓർത്തഡോക്സ് സഭ (Orthodox Church) സർക്കാരിനെ സമീപിച്ചത്. ഞായറാഴ്ച പള്ളി പ്രാർത്ഥനയിൽ നേരിട്ടു പങ്കെടുക്കാൻ ആകാത്ത സ്ഥിതിയാണ് വിശ്വാസികൾക്ക് ഉള്ളതെന്ന് ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടുന്നു.

വിശ്വാസികളെ സംബന്ധിച്ച് ഞായറാഴ്ച പ്രാർത്ഥന വളരെ പ്രധാനപ്പെട്ടതാണ്. പ്രതിസന്ധികളുടെയും മാനസിക ക്ലേശങ്ങളുടെയും നടുവില്‍ വിശ്വാസികളുടെ ആശ്രയം ആരാധനയും പ്രാര്‍ത്ഥനയുമാണ്. ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍, മാക്കാംകുന്ന് കണ്‍വന്‍ഷന്‍ തുടങ്ങി നിരവധി ശുശ്രൂഷകള്‍ വിശ്വാസ സമൂഹത്തില്‍ സമാധാനവും പ്രതീക്ഷയും നല്‍കുന്നവയാണ്. നോമ്പിന്റെയും വ്രതത്തിന്റെയും നാളുകളും സമീപിക്കുന്നു. ഈ സാഹചര്യത്തില്‍, സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Also Read- Sunday lockdown | ഞായറാഴ്ച നിയന്ത്രണത്തിനെതിരെ വീണ്ടും KCBC; കർദിനാൾ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു

സീ കാറ്റഗറിയിൽപ്പെട്ട ജില്ലകളിൽ മറ്റു ദിവസങ്ങളിലും കടുത്ത നിയന്ത്രണം ആണ് ഉള്ളത്. മദ്യശാലകൾ അടക്കം പ്രവർത്തിക്കുമ്പോൾ ആരാധനാലയങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നത് നേരത്തെയും വിമർശിക്കപ്പെട്ടിരുന്നു.  കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് അടക്കം വിവിധ രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നിരുന്നു. മദ്യശാലകൾ തുറക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും ചെയ്യുന്ന സമീപനത്തിനെതിരെ കാലിയായ മദ്യക്കുപ്പികൾ കലക്ടറേറ്റിനു മുൻപിൽ വച്ച് കൊണ്ടായിരുന്നു  കേരള കോൺഗ്രസ് പ്രതിഷേധം.

നേരത്തെ വിവിധ ക്രൈസ്തവ സംഘടനകൾ ഇതേ ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. ക്രൈസ്തവസഭകൾ സമ്മർദം ശക്തമാക്കിയതോടെ സർക്കാർ എന്ത് നിലപാട് എടുക്കും എന്നാണ് ഇനി അറിയാനുള്ളത്. ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് പൂർണ നിയന്ത്രണം വന്നതോടെ ഓൺലൈൻ വഴിയാണ് കുർബാനയും മറ്റ് ചടങ്ങുകളും നടന്നിരുന്നത്.

Also Read- New Arch Bishop| ഡോ. എം സൂസപാക്യം വിരമിച്ചു; ഫാ.തോമസ് നെറ്റോ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ്

ആരാധനാലയങ്ങളുടെ കാര്യത്തിൽ ഇളവുകൾക്ക് സർക്കാർ നീക്കം നടത്തിയേക്കും. വിശ്വാസികളുടെ കടുത്ത എതിർപ്പിനെ മറികടന്ന് ആരാധനാലയങ്ങൾ മാത്രം പൂട്ടിയിടണ്ട എന്ന നിലപാട്  സർക്കാർ വൃത്തങ്ങൾക്ക് ഉണ്ട്. ഓർത്തഡോക്സ് സഭയുമായി ഏറെ കടുപ്പമുള്ള ആരോഗ്യമന്ത്രി വീണ ജോർജ് ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുക്കും എന്ന് പ്രതീക്ഷയിലാണ് സഭാനേതൃത്വം.

സിനിമാശാലകൾ അടക്കം തുറക്കണമെന്ന് ആവശ്യത്തിൽ നേരത്തെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സി കാറ്റഗറിയിലുള്ള അഞ്ച് ജില്ലകളിൽ സിനിമാശാലകൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്. റിലീസ് ചെയ്ത ശേഷം ചിത്രങ്ങൾ ഓടാതെ വരുന്ന സ്ഥിതിയാണ് ഇതോടെ ഉണ്ടായത്. നിലവിൽ 50% സീറ്റുകളിൽ മാത്രമാണ് സിനിമാശാലകളിൽ പ്രവേശനം ഉള്ളത്. അതേ സമയം സിനിമാശാലകൾ തുറന്നു പ്രവർത്തിക്കാൻ അനുകൂലമായ നിലപാടല്ല സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്.

എയർ കണ്ടീഷൻ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ‌ ആളുകൾ കൂട്ടമായി ഇരിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഏതായാലും ആരാധനാകേന്ദ്രങ്ങൾ തുറക്കണമെന്ന് സമ്മർദ്ദം ക്രൈസ്തവസഭകൾ ശക്തമാക്കിയതോടെ സർക്കാർ എടുക്കുന്ന നിലപാട് ഇനി നിർണായകമാണ്.  വിശ്വാസികളെ കുറച്ചെങ്കിലും അനുവദിക്കുന്ന നിലപാടിലേക്ക് സർക്കാർ കടന്നേക്കും. സഭകൾ ആവശ്യമുന്നയിച്ച സാഹചര്യത്തിൽ അടുത്ത സർക്കാർ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.
Published by:Rajesh V
First published: