സുപ്രീംകോടതി വിധി ഉണ്ടായിട്ടും ആരാധന നടത്താൻ കഴിയാതെ ഓർത്തഡോക്സ് സഭ

news18india
Updated: November 25, 2018, 8:07 PM IST
സുപ്രീംകോടതി വിധി ഉണ്ടായിട്ടും ആരാധന നടത്താൻ കഴിയാതെ ഓർത്തഡോക്സ് സഭ
  • Share this:
കോതമംഗലം: സംഘർഷാവസ്ഥ നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയിൽ സുപ്രീംകോടതിയുടെ അനുകൂല ഉത്തരവുമായി എത്തിയിട്ടും ഓർത്തഡോക്സ് വിഭാഗത്തിന് ആരാധന നടത്താൻ കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ കോടതി ഉത്തരവുമായി കുർബാന അർപ്പിക്കാൻ തോമസ് പോൾ റമ്പാനും ശുശ്രൂഷകരും പള്ളിയിലെത്തിയിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി പോലീസ് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

1934 - ലെ ഭരണഘടനയനുസരിച്ച് പള്ളികളുടെ ഭരണാവകാശം ഓർത്തഡോക്സ് പക്ഷത്തിന് ആണെന്ന് സുപ്രീം കോടതി വിധിയുണ്ടായിരുന്നു. ഇതനുസരിച്ച് യാക്കോബായ പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള കോതമംഗലം ചെറിയ പള്ളിയുടെയും ഉടമസ്ഥാവകാശം ഓർത്തഡോക്സ് വിഭാഗത്തിനാണ്. എന്നാൽ ഓർത്തഡോക്സ് പക്ഷത്തെ പള്ളിയിൽ പ്രവേശിക്കാൻ എതിർ വിഭാഗം അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പള്ളിയിൽ കുർബാനയർപ്പിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു ഓർത്തഡോക്‌സ് വൈദികൻ തോമസ് പോൾ റമ്പാൻ കോടതിയെ സമീപിച്ചത്.

'തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ വിധി നടപ്പാക്കേണ്ടതില്ല'

സുപ്രീം കോടതിയിൽ ഒാർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ വിധി കിട്ടുകയും ചെയ്തു. ഇതനുസരിച്ച് ഞായറാഴ്ച രാവിലെ കോടതി ഉത്തരവുമായി കുർബാനയർപ്പിക്കാൻ തോമസ് പോൾ റമ്പാനും ശുശ്രൂഷകരും പള്ളിയിലെത്തി. എന്നാൽ മുവാറ്റുപുഴ ഡി വൈ എസ് പി കെ. ബിജു മോന്റെ നേതൃത്വത്തിൽ പോലീസ് വൈദികനെയും സംഘത്തെയും തടയുകയായിരുന്നു.

പള്ളിയിൽ എതിർ വിഭാഗത്തിന്റെ കുർബാന നടക്കുന്നതിനാൽ സ്തീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് വിശ്വാസികളെ ബലം പ്രയോഗിച്ച് മാറ്റാൻ കഴിയില്ലെന്നും മടങ്ങണമെന്നും പോലീസ് ആവശ്യപ്പെട്ടു. തുടർന്ന് റമ്പാനും സംഘവും പള്ളിയിൽ കയറാതെ മടങ്ങുകയായിരുന്നു. വൈകാതെ അനുകൂല സാഹചര്യം ഒരുക്കുമെന്ന് പൊലീസ് വൈദികന് ഉറപ്പു നൽകി.
First published: November 25, 2018, 8:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading