• HOME
  • »
  • NEWS
  • »
  • kerala
  • »
  • OUR APPROACH IS THAT NEW PEOPLE ARE COMING SAYS CM PINARAYI ON THE OMISSION OF KK SHAILAJA

'പുതിയ ആളുകൾ വരുകയെന്നത് ഞങ്ങളുടെ സമീപനം'; കെ കെ ശൈലജയെ ഒഴിവാക്കിയതിനെ കുറിച്ച് മുഖ്യമന്ത്രി

'എല്ലാവരും മാറണമെന്ന കാര്യത്തിൽ ആർക്കെങ്കിലും ഇളവ് നൽകണമോയെന്നാണ് ചർച്ച ചെയ്തത്. അതിന് പ്രത്യേക ഇളവ് വേണ്ടെന്നായിരുന്നു തീരുമാനം'

കെകെ ശൈലജ ടീച്ചർ

കെകെ ശൈലജ ടീച്ചർ

  • Share this:
    തിരുവനന്തപുരം: കെ കെ ശൈലജയെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാത്തതിനെ കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായങ്ങളെ മാനിക്കുന്നതായും, പുതിയ ആളുകൾ വരികയെന്നതാണ് തങ്ങളുടെ സമീപനമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    കഴിഞ്ഞ മന്ത്രിസഭയിൽ എല്ലാവരും മികവ് കാട്ടിയവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും മാറണമെന്ന കാര്യത്തിൽ ആർക്കെങ്കിലും ഇളവ് നൽകണമോയെന്നാണ് ചർച്ച ചെയ്തത്. അതിന് പ്രത്യേക ഇളവ് വേണ്ടെന്നായിരുന്നു തീരുമാനം. ഇളവ് കൊടുത്താൽ വേറെ പലർക്കും കൊടുക്കേണ്ടി വരും. വേറെ പലരും ഇളവിന് അർഹരാണ്. മികച്ച പ്രകടനം നടത്തിയവർ നിരവധി പേരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

    പുതിയ മന്ത്രിമാരെ നിശ്ചയിച്ചപ്പോൾ മികവ് മാനിക്കാതെയല്ല, തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി പേരെ സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കിയില്ലേ. ഇതിന് ദുരുദ്ദേശമില്ലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിലെ എല്ലാ പ്രവർത്തനങ്ങളും കൂട്ടായിട്ടാണ നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

    എല്ലാവരും മാറണമെന്നത് പാർട്ടിയുടെ കൂട്ടായ തീരുമാനം. മുഖ്യമന്ത്രിയും മാറേണ്ടെ എന്ന വിമർശനം സ്വാഭാവികമാണ്. എന്നാൽ പാർട്ടി തീരുമാനം ഇതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം സത്യപ്രതിജ്ഞയിൽനിന്ന് പിൻമാറിയത് ശരിയായ രീതിയല്ല. പ്രതിപക്ഷമില്ലാത്തത് ഔചിത്യമല്ല. നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ കഴിയില്ലല്ലോ. ഒട്ടേറെ പേർ ചടങ്ങിൽ പങ്കെടുക്കുന്നതിൽനിന്ന് പിൻമാറിയിട്ടുണ്ട്. ആളുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സമയമായിട്ടില്ലെന്നന്നും ഇപ്പോഴുള്ള ജാഗ്രത തുടരുകതന്നെ വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്നു ദിവസമായി 24.5 ശതമാനമായിരുന്നു ഇന്നിത് 23.29 ആയി കുറഞ്ഞിട്ടുണ്ട്. സ്ഥിരീകരിച്ച കോവിഡ് കേസുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും ആഴ്ചവെച്ച് നോക്കുമ്പോള്‍ രോഗവ്യാപനം ഗണ്യമായി കുറഞ്ഞുവരികയാണ്.

    ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്നു ദിവസമായി 36.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എറണാകുളത്ത് 23.02 ശതമാനവും മലപ്പുറത്ത് 33.03 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ 14 മുതല്‍ 20 വരെയുള്ള ആഴ്ചകളില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 92,248 കേസുകളാണ്. ആ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ശതമാനമാണ്. കേസുകളുടെ എണ്ണത്തില്‍ 134.7 ശതമാനം വര്‍ധനവുണ്ടായി.

    ഏപ്രില്‍ 28 മുതല്‍ മേയ് നാലു വരെ 2,41,615 പേര്‍ക്ക് കോവിഡ് സ്ഥരീകരിച്ചു. ടിപിആര്‍ 25.79 ശതമാനം. തൊട്ടുമുമ്പുള്ള ആഴ്ചയിലെ ടിപിആറില്‍ നിന്ന് 21.23 ശതമാനം വര്‍ധനവുണ്ടായി. കേസുകളുടെ എണ്ണത്തില്‍ 28.71 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. അവസാന ആഴ്ചയില്‍ 2,33,301 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ 26.44 ശതമാനം. മുന്‍ ആഴ്ചയില്‍ നിന്ന് 3.15 ശതമാനം കുറവുണ്ടായി. കേസുകളുട എണ്ണം 12.1 ശതമാനമായി കുറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    അതേസമയം സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Also Read-'രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്കുളള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ട് നിരസിക്കുന്നു'; വി മുരളീധരന്‍

    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,82,89,940 സാമ്പിളുകളാണ് പരിശോധിച്ചത്.
    Published by:Anuraj GR
    First published:
    )}