ലൈഫ് മിഷനില്‍ വീട് ലഭിച്ചത് ഭൂമിയുള്ളവര്‍ക്ക് മാത്രം; ഭൂമിയില്ലാത്ത ഒരു ലക്ഷം കുടുംബങ്ങള്‍ പെരുവഴിയില്‍

ഒരു ലക്ഷത്തിലധികം കുടുംബങ്ങളാണ് ഭൂമിക്കും വീടിനും കാത്തിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: December 22, 2019, 3:17 PM IST
ലൈഫ് മിഷനില്‍ വീട് ലഭിച്ചത് ഭൂമിയുള്ളവര്‍ക്ക് മാത്രം; ഭൂമിയില്ലാത്ത ഒരു ലക്ഷം കുടുംബങ്ങള്‍ പെരുവഴിയില്‍
ലൈഫ് മിഷൻ
  • Share this:
കോഴിക്കോട്:  ലൈഫ് മിഷന്‍ പദ്ധതിയില്‍ ഭൂമിയുള്ള 90 ശതമാനം പേര്‍ക്കും വീട്  നല്‍കിയെന്ന് എല്‍.ഡി.എഫ്. സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും എന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഒരു ലക്ഷത്തിലധികം കുടുംബങ്ങളാണ് ഭൂമിക്കും വീടിനും കാത്തിരിക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയില്‍ രണ്ട് സ്‌കീമുകളാണുള്ളത്. ഇതില്‍ ഭൂമിയുള്ളവര്‍ക്ക് വീട് വയ്ക്കാൻ സാമ്പത്തിക സഹായം നല്‍കുന്നതാണ് ഒകു സ്‌കീം. ഭൂരഹിതര്‍ക്ക് ഭൂമിയും വീടും വാങ്ങിക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്നതാണ് രണ്ടാമത്തെ സ്‌കീം.

ലൈഫ് മിഷന്റെ കണക്കനുസരിച്ച് 98,818 ഭൂമിയുള്ള ഭവന രഹിതരാണുണ്ടായിരുന്നത്. ഇതില്‍ 90,305 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സാമ്പത്തിക സഹായം നല്‍കിയെന്നാണ് വിവരവകാശ രേഖകള്‍ പറയുന്നത്. അതേസമയം 1,06,925 ഭൂരഹിത-ഭവനരഹിത കുടുംബങ്ങളുണ്ടെന്നാണ് ലൈഫ് മിഷന്റെ കണക്ക്. ഇതില്‍ 8010 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഭൂമി വാങ്ങാന്‍ സഹായം ലഭിച്ചത്.
ഇവര്‍ക്കാവട്ടെ വീട് വെയ്ക്കാന്‍ സഹായം ലഭിച്ചിട്ടുമില്ല.

ഇടുക്കി ജില്ലയില്‍ അടിമാലിയില്‍ 217 ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. രണ്ടാമത്തെ സ്‌കീമില്‍ ആകെ ലഭിച്ച സഹായം ഇതുമാത്രമാണെന്ന് സാമൂഹ്യപ്രവര്‍ത്തകനായ അഡ്വ. വി.ടി. പ്രദീപ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. തൃശൂരിലും പെരിന്തല്‍മണ്ണയിലും ഫ്ളാറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചെങ്കിലും പതിനൊന്ന് ജില്ലകളില്‍ നിര്‍ധനര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ യാതൊരു നടപടിയുമായിട്ടില്ല.

എല്ലാ ജില്ലയിലും ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കുമെന്നാണ് ലൈഫ് മിഷന്റെ പ്രഖ്യാപനം. എല്ലാ ജില്ലയിലും ഫ്ളാറ്റ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ത്തന്നെ പരമാവധി 2500 കുടുംബങ്ങള്‍ക്കേ പ്രയോജനമുണ്ടാവുകയുള്ളു. ഒരു ലക്ഷത്തിലധികം കുടുംബങ്ങള്‍ അപ്പോഴും മൂന്ന് സെന്റ് പോലും ഭൂമിയില്ലാതെ പെരുവഴിയില്‍ത്തന്നെ.

ലൈഫ് മിഷനിലൂടെ ഭൂമിയുള്ളവര്‍ക്ക് വീട് നല്‍കിയതിന്റെ കണക്കുകള്‍ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുമ്പോഴാണ് ഭൂരഹിത-ഭവനരഹിത കുടുംബങ്ങളുടെ കണക്കുകള്‍ പുറത്തുവരുന്നത്.
First published: December 22, 2019, 3:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading