• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചിക്കന്‍ വാങ്ങിയവര്‍ പണം നല്‍കിയില്ല;കാസര്‍കോട് കട പൂട്ടുമെന്ന ബോർഡ് വെച്ച് ഉടമയുടെ പ്രതിഷേധം

ചിക്കന്‍ വാങ്ങിയവര്‍ പണം നല്‍കിയില്ല;കാസര്‍കോട് കട പൂട്ടുമെന്ന ബോർഡ് വെച്ച് ഉടമയുടെ പ്രതിഷേധം

വീടുകളിലെ ചെറിയ പരിപാടികൾക്കും മറ്റും വലിയ അളവിൽ കോഴി നൽകിയിരുന്നുവെങ്കിലും പലരും ഇതുവരെ പണം നൽകിയില്ലെന്ന് ഹാരിസ് പറയുന്നു

  • Share this:

    ‘കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാന്‍ കാരണം. നിങ്ങള്‍ വാങ്ങിയതിന്‍റെ പൈസ ഉടന്‍ തന്നെ നല്‍കേണ്ടതാണ് അല്ലാത്ത പക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും’ ചിക്കന്‍ കടം വാങ്ങിയവര്‍ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് സാമ്പത്തിക നഷ്ടം സംഭവിച്ച ഒരു വ്യാപാരി തന്‍റെ കടയ്ക്ക് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡിലെ വാക്കുകളാണിത്.

    കാസര്‍കോഡ് ആദൂരിലെ സി.എ നഗര്‍ ചിക്കന്‍ കട ഉടമയായ മുന്‍ പ്രവാസി ഹാരിസാണ് കടം വാങ്ങിയ ചിക്കന്‍റെ പണം തരാത്തവരോടുള്ള പ്രതിഷേധം പരസ്യമാക്കിയത്. സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്നാണ് ഹാരിസിന് കട അടച്ചിടേണ്ടി വന്നത്.

    Also Read-‘വന്യമ്യഗങ്ങളെ പ്രകോപിപ്പിച്ചാല്‍ അവ പ്രതികാരബുദ്ധിയോടെ പ്രതികരിക്കും’; വനം മന്ത്രി എ.കെ ശശീന്ദ്രന്‍

    കഴിഞ്ഞ 20 വർഷത്തോളമായി ദുബായില്‍ ജോലി ചെയ്തിരുന്ന ഹാരിസ് കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു. അതിനിടയിലാണ്  ഉപജീവന മാര്‍ഗമായി ഒന്നരവർഷം മുന്‍പ് ഒരു കോഴിക്കട ആരംഭിച്ചത്. ചെറിയ രീതിയിൽ വരുമാനം ലഭിച്ചിരുന്നെങ്കിലും  പലരും കടമായി  ചിക്കന്‍ വാങ്ങിയത് വലിയ തിരിച്ചടിയായി.

    വീടുകളിലെ ചെറിയ പരിപാടികൾക്കും മറ്റും വലിയ അളവിൽ കോഴി നൽകിയിരുന്നുവെങ്കിലും പലരും ഇതുവരെ പണം നൽകിയില്ലെന്ന് ഹാരിസ് കാസര്‍ഗോഡ് വാര്‍ത്തയോട് പറഞ്ഞു. കൂടാതെ കോഴി വെട്ടിയ ശേഷം പണം പിന്നെ തരാമെന്നും അനവധി പേർ പറയുന്ന അവസ്ഥയും ഉണ്ടായതായും വീടുകളിൽ കോഴി കൊണ്ടുകൊടുത്ത വകയിലും വലിയ തുക കിട്ടാനുണ്ടെന്നും ഹാരിസ് കൂട്ടിച്ചേർത്തു.

    Also Read-കുഞ്ഞ് ജനിച്ച സന്തോഷത്തിൽ ബന്ധുക്കള്‍ക്ക് വിതരണം ചെയ്ത ചോക്ലേറ്റിൽ പുഴുവെന്ന് പരാതി; പാലക്കാട് ബേക്കറി പൂട്ടി

    പലരില്‍ നിന്നായി ഏകദേശം 55,000 രൂപ തനിക്ക് ലഭിക്കാനുണ്ടെന്നും തരാനുള്ളവരുടെ മുഴുവൻ കണക്കുകളും തന്റെ പക്കലുണ്ടെന്നും ഹാരിസ്  പറഞ്ഞു. ഉപഭോക്താക്കളോടുള്ള വിശ്വാസം കൊണ്ടും ആവലാതികൾ പറയുമ്പോൾ മനസിന് അലിവ് തോന്നിയുമാണ് പലർക്കും ചിക്കന്‍ കടം കൊടുത്തത് കിട്ടാനുള്ള പണം പെരുകിയപ്പോൾ കട അടച്ചുപൂട്ടുക മാത്രമായിരുന്നു മുന്നിലുള്ള വഴി. അടുപ്പമുള്ള ചിലര്‍ നൽകിയ ഉപദേശത്തെ തുടര്‍ന്നാണ്  ഇങ്ങനെയൊരു ബോർഡ് വെക്കേണ്ടി വന്നതെന്ന് ഹാരിസ് പറയുന്നു.

    ബോർഡ് കണ്ട് ചിലർ തങ്ങൾ പണം നൽകാനുണ്ടോ എന്ന് ചോദിച്ച്  തന്നെ  ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവർ ആരും തന്നെ പണം തരാൻ ഉള്ളവരായിരുന്നില്ല. അതേസമയം പണം നൽകാനുള്ളവർ വിളിച്ചിട്ടുമില്ലെന്ന് ഹാരിസ് പറഞ്ഞു.

    Published by:Arun krishna
    First published: