കണ്ണൂർ: പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്ത് പദവി കിട്ടുമെന്നതല്ല പ്രശ്നം, മറിച്ച് നാം എടുക്കുന്ന നിലപാടാണ് പ്രധാനമെന്ന് പി ജയരാജൻ (P Jayarajan). സി പി എം (CPM) സംസ്ഥാന സെക്രട്ടറിയേറിൽ ഉൾപ്പെടുത്താത്തത് വിവാദമായ സാഹചര്യത്തിലാണ് പരാമർശം. സിപിഎമ്മിന് അകത്ത് പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും പി ജയരാജൻ ആരോപിച്ചു. കണ്ണൂരിൽ പാമ്പൻ മാധവൻ അനുസ്മരണ ചടങ്ങിലായിരുന്നു പി ജയരാജന്റെ പ്രതികരണം.
സ്ഥാനമാനങ്ങളിൽ താത്പര്യമില്ലന്ന് വ്യക്തമാക്കിയാണ് പി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കി എന്ന വിവാദങ്ങളെ സംബന്ധിച്ച് ചോദ്യങ്ങളെ നേരിട്ടത്. സ്ഥാനമല്ല, സമൂഹത്തിന്റെയും പാർട്ടിയുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ അത്യാവശ്യമായ നിലപാടുകളാണ് പ്രധാനമെന്നും പി ജയരാജൻ പറഞ്ഞു. ഒളിഞ്ഞുനോട്ടം മനോഭാവമുള്ള മാധ്യമങ്ങൾ സിപിഎമ്മിന് അകത്ത് പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച പി ജയരാജൻ സമൂഹമാധ്യമങ്ങളിൽ തന്നെ ഒഴിവാക്കിയെന്ന വിമർശനങ്ങൾ കണ്ടില്ലെന്ന് വ്യക്തമാക്കി.
Also Read-
പരുമല പമ്പാ കോളജിൽ SFI വനിതാ ആധിപത്യം; മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയംസംസ്ഥാന സെക്രട്ടറിയേറ്റിൽ പി ജയരാജനെ ഉൾപ്പെടുത്താത്തിലുള്ള അനുയായികളുടെ പ്രതിഷേധം പക്ഷെ സാമൂഹ്യമാധ്യമങ്ങളിൽ അലയടിക്കുകയാണ്. റെഡ് ആർമി എന്ന ഫേസ്ബുക്ക് പേജിൽ കടുത്ത പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ''പി ജയരാജൻ സെക്രട്ടേറിയറ്റിൽ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്", "സ്ഥാനമാനങ്ങളിൽ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം", എന്നൊക്കെയുള്ള പോസ്റ്റുകൾ പ്രചരിക്കുകയാണ്. ഒപ്പം പാർട്ടി വിലക്കിയ "കണ്ണൂരിൻ താരകമല്ലോ " എന്ന പാട്ടുമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പി ജയരാജന് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിലും സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആ ഘട്ടത്തിൽ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം ശക്തമായി പ്രതിരോധിച്ചു. സമൂഹ മാധ്യമങ്ങളിൽ ജയരാജൻ അനുകൂലികളുടെ പരസ്യ പ്രസ്താവനകൾക്ക് പാർട്ടി വിലക്ക് കല്പിച്ചു. പി ജെ ആർമി എന്ന ഫേസ്ബുക്ക് പേജിന്റെ പേര് മാറ്റി റെഡ് ആർമി എന്ന് ആക്കി പാർട്ടിയുടെ വരുതിയിലാക്കി.
അനുകൂലികളുടെ പോസ്റ്റുകൾ ജയരാജൻ തന്നെ തള്ളി പറഞ്ഞു. പക്ഷെ അതുകൊണ്ടൊന്നും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് പി ജയരാജനെ ഒഴിവാക്കിയതിൽ അണികൾക്കിടയിൽ രോഷം പെട്ടെന്ന് അടങ്ങും എന്ന് കരുതാനാവില്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ അനുയായികൾ മുറവിളി കൂട്ടുമ്പോഴും താൻ പാർട്ടിക്ക് പൂർണമായി വിധേയമാണെന്ന് സന്ദേശമാണ് പി ജയരാജൻ നൽകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.