നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • P. Jayarajan | ഖാദി ബോർഡ് മഹത്തായ സ്ഥാപനം; ഒതുക്കൽ ആരോപണം തള്ളി പി. ജയരാജൻ

    P. Jayarajan | ഖാദി ബോർഡ് മഹത്തായ സ്ഥാപനം; ഒതുക്കൽ ആരോപണം തള്ളി പി. ജയരാജൻ

    ഖാദി ബോർഡ് മഹത്തായ സ്ഥാപനമെന്നും അഭിമാനത്തോടെ വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തെന്നും പി. ജയരാജൻ

    • Share this:
    തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ (Vice chairman of Khadi Board) സ്ഥാനം ഏറ്റെടുക്കുന്നത് അഭിമാനത്തോടെയെന്ന് സി.പി.എം. സംസ്ഥാന സമിതി അംഗം പി. ജയരാജൻ (P. Jayarajan). അപ്രധാന തസ്തികയിൽ ഒതുക്കിയെന്ന ആരോപണം തള്ളിയാണ് ജയരാജന്റെ പ്രതികരണം. 69-ാം ജന്മദിനത്തിലാണ് ഖാദി ബോർഡ് ചെയർമാനായി പി. ജയരാജൻ ചുമതലയേറ്റത്.

    കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാനായാണ് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് പി. ജയരാജനെ മാറ്റിയത്. എം.വി. ജയരാജനു പകരം ജില്ലാ സെക്രട്ടറിയാക്കുകയും ചെയ്തു. കെ. മുരളീധരനോട് തോറ്റതോടെ പിന്നീട് ഇതുവരെ സി.പി.എം. സംസ്ഥാന സമിതി അം​ഗമെന്ന ചുമതലയിൽ മാത്രമാണ് ജയരാജന്റെ പ്രവർത്തനം. ബോർ‍ഡ് കോർപ്പറേഷൻ അധ്യക്ഷന്മാരെ തീരുമാനിച്ചപ്പോൾ താരതമ്യേന അപ്രധാനമായ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ പദവിയാണ് സിപിഎം സംസ്ഥാന നേതൃത്വം പി. ജയരാജനെ പോലെ സംസ്ഥാനത്തെ പ്രധാന നേതാവിനായി മാറ്റിവച്ചത്.

    സി.പി.എം. സഹയാത്രിക ശോഭനാ ജോർജായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഖാദി ബോർഡിന്റെ വൈസ് ചെയർപേഴ്സൺ. ഇത്തവണ മറ്റൊരു സഹയാത്രികനായ ചെറിയാൻ ഫിലിപ്പിനെയാണ് ഈ പദവിയിലേക്ക് സി.പി.എം. ആദ്യം കണ്ടുവച്ചത്. ചെറിയാനെ നിയമിച്ച് വ്യവസായ വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ ഇതിനുള്ളിൽ സി.പി.എം. നേതൃത്വവുമായി അകൽച്ചയിലായിരുന്ന ചെറിയാൻ ഫിലിപ്പ് സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് സർക്കാരിനെ അറിയിച്ചു. വൈകാതെ ചെറിയാൻ ഫിലിപ്പ് സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച് കോൺ​ഗ്രസിലേക്ക് മടങ്ങുകയും ചെയ്തു.

    ഇത്തരമൊരു പദവിയിലേക്ക് പി. ജയരാജനെ പോലെ മുതിർന്ന നേതാവിനെ തീരുമാനിച്ചത് ജയരാജൻ അനുകൂലിളെ ഞെട്ടിച്ചിരുന്നു. പാർട്ടി നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത ജയരാജനെ നേതൃത്വം ഒതുക്കി എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ആരോപണം പൂർണമായും തള്ളുകയാണ് പി. ജയരാജൻ.

    ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട മഹത്തായ സ്ഥാപനമാണ് ഖാദി ബോർഡ്. അതിന്റെ ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് അഭിമാനത്തോടെയാണെന്ന് പി. ജയരാജൻ പ്രതികരിച്ചു. തോട്ടണ്ടി ഇറക്കുമതി അഴിമതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന കെ.എ. രതീഷാണ് ഖാദി ബോർഡ് സെക്രട്ടറി. സെക്രട്ടറി സ്ഥാനത്ത് രതീഷിന്റെ ശമ്പളം നിശ്ചയിച്ചതടക്കം നേരത്തേ വിവാദമായിരുന്നു. അത്തരത്തിലൊരു ഉദ്യോ​ഗസ്ഥൻ സെക്രട്ടറിയായി ഇരിക്കുന്ന സ്ഥാപനത്തെ നയിക്കുന്നത് വെല്ലുവിളിയാകുമോ എന്നും ജയരാജനോട് മാധ്യമ പ്രവർത്തകർ ചോദിച്ചു.

    അത്തരം ആരോപണങ്ങളെല്ലാം മാധ്യമ വാർത്തകളാണെന്നും ഇക്കാര്യത്തിൽ പരിശോധിച്ച ശേഷം പ്രതികരിക്കാം എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഖാദി ബോർ‍ഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതോടെ വലിയൊരു ഇടവേളയ്ക്കു ശേഷം ജയരാജന്റെ പ്രവർത്തന കേന്ദ്രം കണ്ണൂരിൽ നിന്നു മാറുകയാണ് എന്നതും ശ്രദ്ധേയമാണ്.

    പ്രിയ നേതാവ് സ്ഥാനമേൽക്കുന്നതിന് അഭിവാദ്യം അർപ്പിക്കാൻ ജനറൽ ഹോസ്പിറ്റൽ ലോക്കൽ കമ്മിറ്റി നേതാക്കളും ചുമട്ടു തൊഴിലാളികളും ഖാദി ബോർഡ് ആസ്ഥാനത്ത് എത്തിയിരുന്നു. അവർ കൊണ്ടുവന്ന കേക്ക് മുറിച്ച് അദ്ദേഹം ജന്മദിനം ആഘോഷിച്ചു.
    Published by:user_57
    First published: