• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുസ്ലിം ലീഗ് ആക്രമണം; ബിജെപി പിന്തുണ: പ്രതിസന്ധി പരിഹരിക്കാന്‍ സിറാജ് പത്രത്തില്‍ ലേഖനമെഴുതി പി മോഹനന്‍

മുസ്ലിം ലീഗ് ആക്രമണം; ബിജെപി പിന്തുണ: പ്രതിസന്ധി പരിഹരിക്കാന്‍ സിറാജ് പത്രത്തില്‍ ലേഖനമെഴുതി പി മോഹനന്‍

മാവോയിസ്റ്റുകള്‍ 1960കളിലെ ഇടതു തീവ്രവാദികളുടെ പിന്തുടര്‍ച്ചക്കാരല്ലെന്നും മറ്റ് ചില രാഷ്ട്രീയങ്ങളാണ് ഇവരെ സ്വാധീനിക്കുന്നതെന്നും പറയാനാണ് പി മോഹനന്‍ ലേഖനത്തില്‍ ശ്രമിച്ചത്.

p mohanan

p mohanan

  • News18
  • Last Updated :
  • Share this:
    മാവോയിസ്റ്റുകള്‍ക്ക് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദികളുടെ പിന്തുണയുണ്ടെന്ന് പറഞ്ഞതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് പരസ്യമായി രംഗത്തുവന്നു. സമസ്ത ഇ.കെ വിഭാഗത്തിന്റെ മുഖപത്രവും മോഹനനെതിരെയാണ് നിലപാടെടുത്തത്. താന്‍ പറഞ്ഞത് പോപ്പുലര്‍ ഫ്രണ്ടിനെയാണ് വ്യക്തമാക്കിയെങ്കിലും വിമര്‍ശനത്തിന് കുറവൊന്നുമുണ്ടായില്ല.

    ഇതിന് പുറമെയാണ് മോഹനനെ പിന്തുണച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയത്. കുമ്മനം രാജശേഖരനുള്‍പ്പെടെ മോഹനന്റെ പ്രസ്താവനയെ ശരിവെച്ചു. പി മോഹനനെതിരെ മുസ്ലിം സംഘടനകളില്‍ നിന്നുണ്ടാകുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ സംഘപരിവാര കേന്ദ്രങ്ങള്‍ 'സപ്പോര്‍ട്ട് പി മോഹനന്‍' എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയ കാംപെയിനും തുടങ്ങി. ഇതോടെ മോഹനന്‍ കൂടുതല്‍ പ്രതിരോധത്തിലായി.

    Also Read-'മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല; വിമർശിച്ചത് എൻഡിഎഫിനെയും പോപ്പുലർ ഫ്രണ്ടിനെയും'; വിശദീകരണവുമായി പി മോഹനൻ

    പ്രസ്താവന കൈവിട്ട് പോകുന്നുവെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് മുസ്ലിം പ്രസിദ്ധീകരണമായ സിറാജ് ദിനപത്രത്തില്‍ പി മോഹനന്‍ ലേഖനമെഴുതിയത്. സി.പി.എമ്മുമായി ചേര്‍ന്നുനില്‍ക്കുന്ന കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ പ്രസ്താവനയെ സാധൂകരിക്കുന്ന തെളിവുകള്‍ കൊണ്ടുവരാനാണ് പി മോഹനന്‍ ശ്രമിക്കുന്നത്. പോപ്പുലര്‍ഫ്രണ്ടിന്റെ തൊഴിലാളി മനുഷ്യാവകാശ സംഘടനയുടെ ചില നേതാക്കള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് ലേഖനത്തില്‍ പറയുന്നത്. ആഗോള ഭീകര സംഘടനകളെ മാവോയിസ്റ്റുകള്‍ പിന്തുണക്കുന്നുവെന്നും ആരോപിക്കുന്നു.

    Also Read-Also Read- മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം തീവ്രവാദികൾ; CPM കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ

    പ്രസ്താവനക്കെതിരെ രംഗത്തുവന്ന മുസ്ലിം ലീഗിനെയും മോഹനന്‍ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. തീവ്രവാദികള്‍ക്കെതിരെ പറഞ്ഞത് മുസ്ലിം സമുദായത്തിനെതിരെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ലീഗ് ശ്രമിച്ചുവെന്നാണ് വിമര്‍ശനം. ഒപ്പം തനിക്ക് പിന്തുണ നല്‍കിയ ബിജെപിയെയും ചോദ്യം ചെയ്യുന്നുണ്ട്. ബിജെപി പിന്തുണ വിചിത്രമാണെന്നാണ് ആരോപണം. തനിക്കെതിരെ ബോംബെറിഞ്ഞവരാണ് സംഘപരിവാര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭീകരപ്രവര്‍ത്തനം നടത്തിയവരും സംഘപരിവാരാണ്. അവര്‍ തനിക്ക് പിന്തുണ നല്‍കുന്നത് അപഹാസ്യമാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

    മാവോയിസ്റ്റുകള്‍ 1960കളിലെ ഇടതു തീവ്രവാദികളുടെ പിന്തുടര്‍ച്ചക്കാരല്ലെന്നും മറ്റ് ചില രാഷ്ട്രീയങ്ങളാണ് ഇവരെ സ്വാധീനിക്കുന്നതെന്നും പറയാനാണ് പി മോഹനന്‍ ലേഖനത്തില്‍ ശ്രമിച്ചത്. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയിലും കോഴിക്കോട് വിദ്യാര്‍ത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്തതിലും സര്‍ക്കാറിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ മറികടക്കാനാണ് സി.പി.എം ശ്രമം. രണ്ടുവിഷയങ്ങളിലും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയവിഭാഗമായ എസ്.ഡി.പി.ഐ സര്‍ക്കാറിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു. പി മോഹനന്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് രംഗത്തുവരികയും ബി.ജെ.പി പിന്തുണക്കുകയും ചെയ്തത് സിപിഎമ്മിനെതിരെ നിലവില്‍ ഉയരുന്ന ആരോപണങ്ങളെ ശരിവെക്കുന്നതായി മാറുമോയെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. പരാമര്‍ശം തിരിഞ്ഞുകുത്തുമോയെന്ന് ആശങ്കയുയര്‍ന്നതോടെയാണ് മുസ്ലിം പത്രത്തില്‍ തന്നെ പി മോഹനന്‍ ലേഖനമെഴുതിയത്.
    First published: