'സമൂഹത്തിന് നഷ്ടമായത് ശക്തനായ ഹൈന്ദവ സൈദ്ധാന്തികനെ' പി. പരമേശ്വരനെപ്പോലെ ഒരാൾ ഇനി വരുമോയെന്ന് പ്രവചിക്കാനാകില്ല

പരമേശ്വരജിയുടെ നിര്യാണത്തോടെ, ശക്തനായ ഒരു ഹൈന്ദവ സൈദ്ധാന്തികനെയാണ് നഷ്ടമായത്. ഇനി അത്തരമൊരു വ്യക്തിത്വം സമൂഹത്തിൽ ഉയർന്നുവരുന്നത് എപ്പോഴായിരിക്കുമെന്ന് പ്രവചിക്കാൻ പോലും സാധിക്കില്ല.

News18 Malayalam | news18-malayalam
Updated: February 10, 2020, 8:46 AM IST
'സമൂഹത്തിന് നഷ്ടമായത് ശക്തനായ ഹൈന്ദവ സൈദ്ധാന്തികനെ' പി. പരമേശ്വരനെപ്പോലെ ഒരാൾ ഇനി വരുമോയെന്ന് പ്രവചിക്കാനാകില്ല
News18
  • Share this:
പി. നാരായണൻ

തിരുവിതാംകൂർ സർവകലാശാല, കേരള സർവകലാശാലയായി മാറുന്ന കാലം. ഞായറാഴ്ച അന്തരിച്ച ആർ.എസ്.എസ് സൈദ്ധാന്തികൻ പി. പരമേശ്വരന് അക്കാലത്ത് ഒരു കത്ത് അയച്ചു. ബി.എ ഹിസ്റ്ററിക്ക് റാങ്കോടുകൂടി പാസായതിനുള്ള ഗോൾഡ് മെഡലും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങണമെന്നായിരുന്നു ആ കത്തിലെ ഉള്ളടക്കം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലായിരുന്നു പി. പരമേശ്വരന്‍റെ ബിരുദ പഠനം. അലപ്പുഴ ജില്ലയിലെ മുഹമ്മ സ്വദേശിയായ പി. പരമേശ്വരൻ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ചരിത്രപുസ്തകങ്ങൾ വായിക്കാൻ കൂടുതൽ താൽപ്പര്യം കാട്ടിയിരുന്നു. ക്ലാസ് മുറികളിൽ നിന്നുള്ള കുറിപ്പുകളേക്കാൾ അദ്ദേഹം വായിച്ചത് സ്റ്റേറ്റ് ലൈബ്രറിയിലെ പുസ്തകങ്ങളായിരുന്നു. വിദ്യാർത്ഥി കാലഘട്ടത്തിൽത്തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ (ആർ‌എസ്‌എസ്) ചേർന്ന് ദേശീയ പുനർനിർമ്മാണത്തിനായി സ്വയം സമർപ്പിച്ച ജീവിതമായിരുന്നു പി. പരമേശ്വരന്‍റേത്. തിളക്കമാർന്ന വിജയത്തോടെ ബിരുദ പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റോ ഗോൾഡ് മെഡലോ കൈപ്പറ്റാതെ അദ്ദേഹം തിരുവനന്തപുരം നഗരം വിട്ടു. ഹിന്ദു സമൂഹവും ആർ‌എസ്‌എസും മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ മനസിലുണ്ടായിരുന്നത്.

ഇക്കാലത്ത് സംഘത്തിന്‍റെ സൈദ്ധാന്തികരിൽ അഗ്രഗണ്യനായി കണക്കാക്കപ്പെട്ടെങ്കിലും തുടക്കത്തിൽ ക്യാമ്പുകളിൽ പങ്കെടുത്ത് സംഘത്തിന്റെ ഔപചാരിക പരിശീലനം നേടാൻ പി പരമേശ്വര്ജിക്ക് കഴിഞ്ഞില്ല. വെറ്റ് പ്ലൂറസി എന്ന ശ്വാസകോശരോഗം ബാധിച്ച അദ്ദേഹം നാഗ്പൂരിൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ആർ‌എസ്‌എസിന്റെ ഹെഡ് ക്വാർട്ടേഴ്സിലെ താമസത്തിനിടയിൽ അദ്ദേഹം ഗുരുജി ഗോൽ‌വാൾക്കറുമായി അടുപ്പത്തിലായി. ഗോൾവാൾക്കറിൽ നിന്ന് നേരിട്ട് ലഭിച്ച ബോധ്യം അദ്ദേഹത്തെ സംഘപ്രത്യയശാസ്ത്രത്തിന്റെ കടുത്ത വിശ്വാസിയാക്കി. കൊൽക്കത്തയിലെ രാമകൃഷ്ണ മഠവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ ഹിന്ദുക്കളല്ലെന്ന അവർ സ്വീകരിച്ച വാദത്തിനെതിരെ പി. പരമേശ്വരൻ സ്വീകരിച്ച ശക്തമായ നിലപാട് ശ്രദ്ധേയമായിരുന്നു.

നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് രാമായണ മാസാചരണത്തിന് പ്രാമുഖ്യമേകിയതിലൂടെ കേരളത്തിനും ഹിന്ദു സമൂഹത്തിനു മൊത്തത്തിലും പരമേശ്വർജി നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. 1982ൽ കൊച്ചിയിൽ ഒരു വിശാല ഹിന്ദു സമ്മേളനം സംഘടിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. മലയാള മാസമായ കർക്കിടകത്തിൽ ഉടനീളം രാമായണം പാരായണം ചെയ്യുകയെന്ന ആശയം മുന്നോട്ടുവെച്ചത് അദ്ദേഹമായിരുന്നു. ഇത് പെട്ടെന്നുതന്നെ സംസ്ഥാനത്തെ ഹിന്ദുക്കളെല്ലാം ഏറ്റെടുത്തു. ഹൈന്ദവ സമുദായ സംഘടനകളെല്ലാം ഇത് ഏറ്റെടുത്തതോടെ എഴുത്തച്ഛൻ എഴുതിയ രാമായണം സംസ്ഥാനത്ത് ഏറ്റവുമധികം വിൽപനയുള്ള പുസ്തകമായി മാറി. ശബിരമല മണ്ഡലകാലം പോലെ രാമായണമാസാചരണവും കേരളത്തിലെ പ്രധാന ആത്മീയ സീസണുകളിലൊന്നായി ഇന്ന് മാറി.

അടിയന്തരാവസ്ഥ കാലത്ത് മിസ തടവുകാരനായിരുന്നു പി. പരമേശ്വരൻ. തടവു ജീവിതം പന്നീടുള്ള കാലത്ത് അദ്ദേഹത്തെ ഒരു പൂർണസമയ സാമൂഹികപ്രവർത്തകനാക്കി മാറ്റി. അങ്ങനെയാണ് ന്യൂഡൽഹിയിൽ ദീൻ ദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറായി പി. പരമേശ്വരൻ മാറുന്നത്. എന്നിരുന്നാലും, മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ വേരുറയ്ക്കുകയും ക്രിസ്തു-ഇസ്‌ലാം മതങ്ങളുടെ സ്വാധീനവും കേരളത്തിൽ ശക്തിപ്രാപിക്കുകയും അതുകാരണം ദേശീയത എന്ന ആശയം പരാജയപ്പെടുമെന്ന ഘട്ടമായതോടെ പി. പരമേശ്വരൻ കേരളത്തിലേക്ക് ശ്രദ്ധ പതിപ്പിച്ചു. അത്തരം വെല്ലുവിളികളെ ഫലപ്രദമായി ഏറ്റെടുക്കാൻ കഴിയുന്ന ഒരു ബൌദ്ധിക ഫോറമെന്ന നിലയിൽ ഭാരതീയ വിചാര കേന്ദ്രം എന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു. ആഴത്തിലുള്ള പഠനങ്ങൾ, ഗവേഷണങ്ങൾ, ഭാരതീയ ആശയങ്ങൾ പ്രചരിപ്പിക്കൽ എന്നിവയിലൂടെ വരേണ്യവർഗക്കാർക്കും പൊതുജനങ്ങൾക്കുമിടയിൽ 1982 മുതൽ അതിന് സ്വാധീനമേറി. നിലവിൽ, കേരളത്തിലെ അക്കാദമിക് പ്രാധാന്യമുള്ള ഭാരതീയ വിചാരകേന്ദ്രത്തിന് കീഴിൽ മുപ്പത് പ്രവർത്തന യൂണിറ്റുകളുണ്ട്. രാഷ്ട്രീയ എതിരാളികളുമായി നിരവധി സംവാദങ്ങളും സംഭാഷണങ്ങളും നടത്തിയതിലൂടെ ഭാരതീയ ചിന്തകളുടെയും ബൌദ്ധിക നവോത്ഥാനത്തിന്റെയും മുൻനിരയിലേക്ക് എത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ച പി. പരമേശ്വരൻ സംഘസാഹിത്യം ആരംഭിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു, പ്രത്യേകിച്ചും കേസരി മാസികയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചുകൊണ്ട്. മധ്യപ്രദേശിൽ കേരളത്തിൽ നിന്നുള്ള മിഷനറിമാർ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഐസി‌എസ് ഉദ്യോഗസ്ഥൻ കെ സി നിയോഗി കമ്മീഷൻ റിപ്പോർട്ട് അടിസ്ഥാനമാക്കി എഴുതിയ "ഭാരതത്തിലെ വിദേശ പാതിരി പ്രവർത്തനം" എന്ന പേരിലുള്ള പുസ്തകമാണ് മലയാളത്തിൽ അദ്ദേഹം ആദ്യം പ്രസിദ്ധീകരിച്ച കൃതി. ഗുരുവായൂർ മണത്തലയിൽ എസ്എൻ‌ഡി‌പി യോഗത്തിന്റെ കീഴിലുള്ള ക്ഷേത്രോത്സവത്തിലേക്ക് വിശ്വാസികൾക്ക്  പങ്കെടുക്കാനാകുന്നവിധത്തിൽ നടത്തിയ പി. പരമേശ്വരന്‍റെ ഇടപെടലും ശ്രദ്ധേയമായിരുന്നു.

കേരളത്തിൽ ഭാരതീയ ജനസംഘം (ബിജെഎസ്) സംഘടിപ്പിക്കുന്നതിലും 1967ലെ കോഴിക്കോട് ദേശീയ കൗൺസിൽ യോഗത്തിലൂടെ പാർട്ടിയുടെ സാന്നിദ്ധ്യം സംസ്ഥാനത്ത് ശക്തമാക്കുന്നതിലും ശ്രദ്ധേയ ഇടപെടലായിരുന്നു പി. പരമേശ്വരൻ നടത്തിയത്. 1977 വരെ ബിജെഎസിന്‍റെ സജീവ സംഘാടകനും ദേശീയ വൈസ് പ്രസിഡന്‍റുമായി അദ്ദേഹം തുടർന്നു.

പരമേശ്വരജിയുടെ നിര്യാണത്തോടെ, ശക്തനായ ഒരു ഹൈന്ദവ സൈദ്ധാന്തികനെയാണ് നഷ്ടമായത്. ഇനി അത്തരമൊരു വ്യക്തിത്വം സമൂഹത്തിൽ ഉയർന്നുവരുന്നത് എപ്പോഴായിരിക്കുമെന്ന് പ്രവചിക്കാൻ പോലും സാധിക്കില്ല.

(ആർ.എസ്.എസ് പ്രാന്തീയ കാര്യ കാരി സദസ്യനാണ് ലേഖകൻ)
First published: February 9, 2020, 11:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading