ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കവേ കോട്ടയം എസ്.പി., ഡി. ശില്പയുടെ പേരെടുത്ത് പറയാതെ വിമർശനവുമായി ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള. ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഗോവ രാജ്ഭവന് അയച്ച കത്താണ് വിമർശനത്തിന് കാരണം. കോട്ടയം ജില്ലയിൽ നിന്ന് ഒരു ഉദ്യോഗസ്ഥ അയച്ച കത്ത് എന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീധരൻ പിള്ള പ്രസംഗത്തിന്റെ അവസാനം പരാതി പ്രകടമാക്കിയത്.
ഓർത്തഡോക്സ് സഭയിലെ പരിപാടിയിൽ പങ്കെടുക്കുന്നത് അനുചിതമാണെന്ന് ഈമെയിലിൽ പരാമർശിച്ചതായി ശ്രീധരൻ പിള്ള പറഞ്ഞു. രാജ്ഭവനിലേക്കാണ് ഔദ്യോഗികമായി മെയിൽ അയച്ചത്. രാജ് ഭവൻ ഉദ്യോഗസ്ഥർ ഇക്കാര്യം തന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ താൻ തന്നെ ഇടപെട്ട് ഇതിന് മറുപടി നൽകുകയായിരുന്നു എന്ന് ശ്രീധരൻ പിള്ള പറയുന്നു.
കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടാതെ സഭാ ആസ്ഥാനത്തെ പരിപാടിയിൽ പങ്കെടുക്കുന്നത് അനുചിതമാണെന്ന് ഇ-മെയിലിൽ പറഞ്ഞിരുന്നതായി ശ്രീധരൻ പിള്ള പറയുന്നു. എന്നാൽ എന്താണ് നിയമസഹായം എന്ന് വ്യക്തമാക്കിയില്ല. ഇ-മെയിലിൽ ഗവർണർ പങ്കെടുക്കുന്നത് അനുചിതമാണെന്ന പ്രയോഗം ശരിയായില്ല എന്ന് ശ്രീധരൻപിള്ള ചൂണ്ടിക്കാട്ടുന്നു.
ഗവർണർമാർക്ക് സന്ദേശം അയക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഒരു ഗവർണറോട് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത് അനുചിതമാണെന്ന് ഒരു ഉദ്യോഗസ്ഥ പറയുന്നതിനെയാണ് ശ്രീധരൻ പിള്ള ചോദ്യം ചെയ്യുന്നത്.
ഇ-മെയിൽ സന്ദേശം വന്ന ഉടൻ തന്നെ യോഗത്തിൽ പങ്കെടുക്കും എന്ന മറുപടിയാണ് താൻ നൽകിയതെന്ന് ശ്രീധരൻപിള്ള സദസിനെ അറിയിച്ചു. ഇക്കാര്യം ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മനെ അറിയിച്ചിരുന്നതായി ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ ഇത്തരം കാര്യങ്ങളെ വിശാലമായി കണ്ട് പെരുമാറണം.
ഇത്തരം കാര്യങ്ങളെ മനസിലാക്കാൻ ദൈവം അവർക്ക് സദ്ബുദ്ധി കൊടുക്കട്ടെ എന്നും ശ്രീധരൻ പിള്ള പറഞ്ഞു.
കോട്ടയം എസ്പി യുടെ വിശദീകരണം
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് തന്നെയാണ് ഇമെയിൽ വന്നതെന്ന് ഗവർണറുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശിൽപ ന്യൂസ് 18 നോട് പറഞ്ഞത് ഇങ്ങനെ:
താൻ തന്നെയാണ് ഗവർണറുടെ ഓഫീസിന് മറുപടി നൽകിയത്. എന്നാൽ കോവിഡ് കണ്ടെയ്ൻമെൻറ് സോൺ ആണ് എന്ന കാര്യം ഈമെയിലിൽ അറിയിച്ചിരുന്നതായി ശില്പ വിശദീകരിക്കുന്നു. ഇക്കാര്യത്തിൽ തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തത്. ഇന്നലെ രാത്രി വരെ ദേവലോകം അരമന ഇരിക്കുന്ന പ്രദേശം കണ്ടെയ്ൻമെൻറ് സോൺ ആയിരുന്നു. ഇന്നലെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗമാണ് പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെയ്ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയത്. അതുകൊണ്ടാണ് പിന്നീട് അനുമതി നൽകിയത് എന്നും ജില്ലാ പോലീസ് മേധാവി വിശദീകരിച്ചു.
സംഭവത്തിൽ കൂടുതൽ പരാതിയില്ല എന്ന നിലപാടിലാണ് ഗോവ ഗവർണർ ശ്രീധരൻ പിള്ള. വേദിയിലുണ്ടായിരുന്ന ആരോഗ്യമന്ത്രി വീണ ജോർജ് ഇക്കാര്യത്തിൽ എന്താണ് ഉണ്ടായത് എന്ന് ഗവർണറോട് ചോദിച്ചു മനസ്സിലാക്കി. എന്നാൽ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണ്ട എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.