• HOME
 • »
 • NEWS
 • »
 • kerala
 • »
 • ശ്രീധരൻപിള്ളയുടെ മാറിമറിഞ്ഞ നിലപാടുകൾ

ശ്രീധരൻപിള്ളയുടെ മാറിമറിഞ്ഞ നിലപാടുകൾ

 • Last Updated :
 • Share this:
  ശബരിമലയിൽ എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്രവിധി പുറത്തുവന്നത് സെപ്തംബർ 28നാണ്. അന്നുതൊട്ട് ഇന്നുവരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻപിള്ള ഈ വിഷയത്തിൽ പലതവണ നിലപാട് മാറ്റി.

  ശബരിമല പ്രതിഷേധ സമരങ്ങളുടെ കാര്യകാരണങ്ങൾ വരെ പലതവണ അദ്ദേഹം മാറ്റിപ്പറഞ്ഞു. ഭക്തരുടെ പ്രതിഷേധത്തിന് ബി.ജെപി പിന്തുണ നൽകുന്നതേയുള്ളൂവെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ ദിവസങ്ങൾ പിന്നിടുമ്പോൾ പ്രത്യക്ഷ സമരമുഖത്ത് ബി.ജെ.പി എത്തി. സുപ്രീംകോടതിവിധിക്കെതിരായ സമരമല്ലെന്ന് ഇടയ്ക്ക് പറഞ്ഞു. സമരം സ്ത്രീപ്രവേശനത്തിന് എതിരെയല്ലെന്നും സർക്കാരിനെതിരെയാണെന്നുമാണ് പുതിയ നിലപാട്.

  സുപ്രീംകോടതി വിധി പുറത്ത് വന്ന ദിവസം (സെപ്തംബർ 28) പറഞ്ഞത്

  ആരാധനാസ്വാതന്ത്ര്യത്തില്‍ സ്ത്രീകളോട് വിവേചനം പാടില്ലെന്ന പൊതുസമീപനമാണ് ബിജെപിക്കുള്ളത്. കോടാനുകോടികളുടെ വിശ്വാസത്തിനു ഭംഗം വരാത്തതും ഭരണഘടനയോട് പ്രതിബദ്ധത പുലര്‍ത്തുന്നതുമായ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടത്. ആചാരാനുഷ്ഠാനങ്ങള്‍ക്ക് മാറ്റം വരുത്തുന്നതിലൂടെ വിശ്വാസി സമൂഹത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തരുത്.

  ഒക്ടോബര്‍ 21ന്

  വിശ്വാസം സംരക്ഷിക്കപ്പെടണം. യാതൊരു രാഷ്ട്രീയലാഭവും ബിജെപി ലക്ഷ്യമിടുന്നില്ല.

  നവംബര്‍ 5, (യുവമോര്‍ച്ച യോഗത്തിനിടെ പറഞ്ഞത്)

  നമ്മളെ സബന്ധിച്ച് ഇത് സുവർണാവസരമാണ്. ശബരിമല സമസ്യയാണ്. നമ്മള്‍ മുന്നോട്ട് വച്ച അജണ്ടയില്‍ ഓരോരുത്തരായി അടിയറവു പറയുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്.ബിജെപി ഒരു പ്ലാന്‍ ആസൂത്രണം ചെയ്തിട്ടുണ്ട് ബിജെപിക്ക് അത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ സന്നിധാനത്തെത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നു. നടയടച്ചാല്‍ കോടതി അലക്ഷ്യമാകുമോ എന്ന് ചോദിച്ചു. നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ലെന്നും, തിരുമേനി ഒറ്റയ്ക്കല്ലെന്നും പറഞ്ഞപ്പോള്‍ രാജീവര് , എനിക്ക് സാര്‍ പറഞ്ഞ ആ ഒരൊറ്റ വാക്കുമതി എന്ന് പറഞ്ഞുകൊണ്ട് ഒരു ദൃഢമായ തീരുമാനം അന്ന് എടുക്കുകയുണ്ടായി.

  അന്ന് മാധ്യമങ്ങളോട് പറഞ്ഞത്

  ഞാന്‍ ഇന്ന് വരെ സുപ്രീം കോടതിവിധിന്യായത്തെ ചോദ്യം ചെയ്തുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല. സമരം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശബരിമലയെ തകര്‍ക്കാനുള്ള നയത്തിനെതിരെയാണ്. സുപ്രീം കോടതി വിധിയേ പറ്റിയുള്ള നിലപാട് പറയുമ്പോള്‍ പറയാം.

  നവംബര്‍ 10

  നടയടക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരി. കണ്ഠരര് രാജീവരുടെ പേര് പറഞ്ഞിട്ടില്ല. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ല.

  നവംബര്‍ 11

  ശ്രീധരന്‍ പിള്ള കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രസംഗത്തിന്റെ കൈയെഴുത്തുപ്രതിയും ഡിവിഡിയും. ശബരിമല തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചുവെന്നും അദ്ദേഹത്തിന് താന്‍ പിന്തുണ നല്‍കിയതായും പറയുന്ന ഭാഗം അതേപടി ഹര്‍ജിയില്‍ വീണ്ടും വ്യക്തമാക്കി.

  നവംബര്‍ 19ന് രാവിലെ

  സ്ത്രീകള്‍ വരുന്നതിനെ സംബന്ധിച്ചല്ല ഈ സമരം. കമ്മ്യൂണിസ്റ്റുകാര്‍ ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ആ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരാണ് ഈ സമരം. കോടിക്കണക്കിനാളുകളുടെ ഒപ്പ് ശേഖരിക്കാന്‍ ഞങ്ങള്‍ വീടുകളില്‍ പോവുന്നത് അതിനു വേണ്ടിയാ. അല്ലാതെ അവിടെ സ്ത്രീകള്‍ വരുന്നോ പോവുന്നോ എന്ന് നോക്കാന്‍ വേണ്ടിയല്ല. സ്ത്രീകള്‍ വരുന്നതില്‍ പ്രതിഷേധമുള്ള വിശ്വാസികളുണ്ടെങ്കില്‍ അവര്‍ അവരുടെ നടപടികള്‍ സ്വീകരിക്കും. ഞങ്ങള്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കും. അത്ര മാത്രമേയുള്ളൂ.

  നവംബര്‍ 19ന് വൈകിട്ട്

  ശബരിമലയില്‍ ആചാരലംഘനത്തിനായി എത്തുന്ന യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്നം. സ്ത്രീ പ്രവേശനമല്ല. ശബരിമല തകര്‍ക്കാനായി കമ്മ്യൂണിസ്റ്റുകള്‍ നടത്തിവരുന്ന ശ്രമത്തെപ്പറ്റി തുടക്കം മുതലെ ഞാന്‍ പറയുന്നത് ഇന്നും കോഴിക്കോട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ആവര്‍ത്തിക്കുകയായിരുന്നു.

  First published: