കൊച്ചി: പി ശശി (P Sasi) വീണ്ടും സിപിഎം (CPM) സംസ്ഥാന സമിതിയിലേക്ക് മടങ്ങിയെത്തി. സദാചാര ലംഘന ആരോപണങ്ങളെ തുടർന്ന് 2011ലാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ശശി പാർട്ടിക്ക് പുറത്തായത്. ലൈംഗിക പീഡന കേസിൽ 2016ൽ കോടതി കേസിൽ കുറ്റവിമുക്തനാക്കി. 2018 ജൂലൈയിൽ പാർട്ടിയിലേക്ക് മടങ്ങിയെത്തിയ ശശി, 2019 മാർച്ചിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തി. പി ശശി പുറത്താകുന്നതിനെ തുടർന്നാണ് പി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായത്.
ഡിവൈഎഫ്ഐ ജില്ലാ നേതാവായ യുവതിയാണ് ശശിക്കെതിരെ പരാതി നൽകിയത്. എന്നാൽ ശശിക്കെതിരായ നടപടി പാർട്ടിക്കുള്ളിൽ ഒതുങ്ങിയതോടെ ക്രൈം വാരിക എഡിറ്റർ ടി.പി നന്ദകുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ തെളിവില്ലെന്ന് കണ്ടാണ് കോടതി പി.ശശിയെ കുറ്റവിമുക്തനാക്കിയത്.
പാർട്ടിയിൽനിന്ന് പുറത്തായ ശശി അഭിഭാഷകനെന്ന നിലയിൽ പൊതുരംഗത്ത് സജീവമായിരുന്നു. നിരവധി പൊതുതാൽപര്യ ഹർജികൾ കോടതിയിലെത്തിച്ച് മാധ്യമശ്രദ്ധയിലും നിറഞ്ഞുനിന്നിരുന്നു. കോടതി കുറ്റവിമുക്തനാക്കിയതോടെ പാർട്ടിയിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം അദ്ദേഹം അറിയിക്കുകയായിരുന്നു.
2018 ജൂലൈയിൽ അദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റിയിലും പിന്നീട് ഏരിയാ കമ്മിറ്റിയിലും ഉൾപ്പെടുത്തുകയായിരുന്നു. പിന്നീട് സിപിഎം അഭിഭാഷക സംഘടനയുടെ ജില്ലാ പ്രസിഡന്റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുമ്പ് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള പി ശശി, പാർട്ടിയിലെ കണ്ണൂർ ഘടകത്തിലെ ശക്തനായിരുന്നു. ഇതിനിടെയാണ് ആരോപണത്തിൽപ്പെട്ട് പാർട്ടിക്ക് പുറത്തായത്.
Also Read-
CPM സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ; പിണറായിക്ക് പ്രായപരിധിയിൽ ഇളവ്; കോടിയേരിക്ക് മൂന്നാമൂഴം
കൊച്ചിയിൽ സമാപിച്ച സംസ്ഥാന സമ്മേളനം സെക്രട്ടറിയായി കോടിയേ ബാലകൃഷ്ണനെ ഐകണേ്ഠ്യേന തെരഞ്ഞെടുത്തു. തുടർച്ചയായ മൂന്നാം തവണയാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയായുന്നത്. 70 കാരനായ കോടിയേരി പൊളിറ്റ്ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ്. 88 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളാണ്. എം എം വർഗീസ്, എ വി റസ്സൽ, ഇ എൻ സുരേഷ്ബാബു, സി വി വർഗീസ്, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്, ഒ ആർ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ് പുതുതായി കമ്മിറ്റിയിലെത്തിയത്. 12 പേർ കമ്മിറ്റിയിൽനിന്ന് ഒഴിവായി. പി കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, എം എം മണി, എം ചന്ദ്രൻ, കെ അനന്ത ഗോപൻ, ആർ ഉണ്ണികൃഷ്ണപിള്ള, ജി സുധാകരൻ, കോലിയക്കോട് കൃഷ്ണൻനായർ, സി പി നാരായണൻ, ജെയിംസ് മാത്യൂ എന്നിവരാണ് ഒഴിവായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.