• HOME
  • »
  • NEWS
  • »
  • kerala
  • »
  • സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും; പാലായിൽ സമാധാനയോഗം വിളിച്ചു ചേർത്ത് പൊലീസ്

സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും; പാലായിൽ സമാധാനയോഗം വിളിച്ചു ചേർത്ത് പൊലീസ്

പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലാണ് മത മേലധ്യക്ഷന്മാരുടെ യോഗം വിളിച്ചു ചേർത്തത്. വിവിധ മത നേതാക്കൾ പങ്കെടുത്ത യോഗം സമാധാനത്തിന് ആഹ്വാനം ചെയ്തു. 

Pala-Police

Pala-Police

  • Share this:
കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നാർകോട്ടിക് ജിഹാദ് പരാമർശം വലിയ പ്രതിഷേധങ്ങൾക്ക് ആണ് കാരണമായത്. മുസ്ലിം സംഘടനകളുടെ ഭാഗത്തുനിന്ന് തൊട്ടടുത്ത ദിവസം തന്നെ പാലാ ബിഷപ് ഹൗസിലേക്ക് മാർച്ച് നടത്തിയിരുന്നു. അതിനുശേഷം ബിഷപ്പ് അനുകൂല പ്രകടനവുമായി സഭാ വിശ്വാസികൾ രംഗത്തെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് സമാധാനാന്തരീക്ഷം തകർന്നത്. സാമൂഹിക മാധ്യമങ്ങളിൽ അടക്കം വലിയ തോതിലുള്ള വാദപ്രതിവാദങ്ങൾ ആണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് യോഗം ചേരാൻ പോലീസ് തീരുമാനിച്ചത്. പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലാണ് മത മേലധ്യക്ഷന്മാരുടെ യോഗം വിളിച്ചു ചേർത്തത്. വിവിധ മത നേതാക്കൾ പങ്കെടുത്ത യോഗം സമാധാനത്തിന് ആഹ്വാനം ചെയ്തു. യോഗത്തിൽ പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ സമുദായ നേതാക്കൾ പങ്കടുത്തു.

പാലായില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സമുദായ സംഘടനകള്‍ക്ക് പങ്കില്ലെന്ന്​ യോഗത്തിൽ പ​ങ്കെടുത്തവർ വ്യക്തമാക്കി. മത-സാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളെ യോഗം അപലപിച്ചു. ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.

ഈരാറ്റുപേട്ടയിലെ ഫുഡ് പ്രോസസിങ്​ യൂണിറ്റിനെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ നടപടിയെടുക്കുമെന്ന്​ ഡിവൈ.എസ്​.പി അറിയിച്ചു. സൈബർ സെല്‍ അന്വേഷണം നടത്തി നടപടിയെടുക്കും. വര്‍ഗീയ പരാമര്‍ശങ്ങളും കമൻറുകളും നടത്തുന്ന ഗ്രൂപ്പുകളെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്​.പി അറിയിച്ചു.

Also Read- 'സർക്കാർ ചർച്ചക്ക് തയാറാകണം'; സമാധാനത്തിനായി CSI ബിഷപ്പും താഴത്തങ്ങാടി ഇമാമും സംയുക്ത വാർത്താസമ്മേളനത്തിൽ

ഇമാം ഏകോപന സമിതി ചെയര്‍മാൻ മുഹമ്മദ് നദീര്‍ മൗലവി, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടർ ഫാ.ജോർജ്​ വര്‍ഗീസ്​ ഞാറക്കുന്നേല്‍, ഈരാറ്റുപേട്ട നൈനാര്‍ പള്ളി പ്രസിഡൻറും കേരള മുസ്​ലിം ജമാഅത്ത്​ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറുമായ മുഹമ്മദ് സക്കീര്‍, കത്തോലിക്ക കോണ്‍ഗ്രസ് നേതാവ്​ രാജീവ് ജോസഫ് കൊച്ചുപറമ്പില്‍, എൻ.എസ്​.എസ്​ ഡയറക്ടര്‍ ബോര്‍ഡ്​ അംഗവും മീനച്ചില്‍ താലൂക്ക് പ്രസിഡൻറുമായ സി.പി. ചന്ദ്രന്‍ നായര്‍ ചൊള്ളാനിക്കല്‍, പാസ്​റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്​റ്റ്യന്‍ കൈമനാല്‍, ഈരാറ്റുപേട്ട മുഹ്​യിദ്ദീന്‍ ജുമാമസ്ജിദ്​ പ്രസിഡൻറ്​ പി.ടി. അഫ്സറുദ്ദീന്‍ പുള്ളോലില്‍, എസ്​.എൻ.ഡി.പി യൂനിയന്‍ മീനച്ചില്‍ താലൂക്ക് അഡ്മിനിസ്ട്രേറ്റിവ് അംഗം സി.ടി. രാജന്‍ അക്ഷര, ഈരാറ്റുപേട്ട പുത്തൻപ്പള്ളി ജുമാമസ്ജിദ്​ പ്രസിഡൻറ്​ കെ.ഇ. പരീത് എന്നിവര്‍ പങ്കെടുത്തു.

പാലാ കേന്ദ്രീകരിച്ച് നടന്ന പ്രകടനങ്ങളെ താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലം വിമർശിച്ചിരുന്നു.  പ്രകടനം നടത്തിയത് ശരിയായില്ല എന്ന് അദ്ദേഹം സിഎസ്ഐ സഭ ആസ്ഥാനത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഒരു ഭാഗത്തുനിന്നും പ്രകോപനമുണ്ടാക്കുന്നത് ഗുണമല്ല എന്നാണ് അദ്ദേഹം കൂട്ടിച്ചേർത്തത്. ഏതായാലും പൊലീസ് സമാധാനയോഗം വിളിച്ചതോടെ പാലയിൽ ഇനി പ്രകടനങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന. ഏതായാലും നിർദ്ദേശം ലംഘിച്ച് പ്രകടനങ്ങൾ ഉണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പാലാ പോലീസ് നൽകുന്ന വിവരം. നേരത്തെ കാഞ്ഞിരപ്പള്ളിയിൽ അടക്കം ഗുഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രകടനം നടന്നതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Published by:Anuraj GR
First published: