കോഴിക്കോട്: ലൗ ജിഹാദ് അല്ലെങ്കില്‍ മറ്റൊരു ജിഹാദ് എന്നതൊന്നും ഇസ്ലാം മതത്തിലില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്. നാർക്കോട്ടിക്ക് ജിഹാദിൻ്റെ പേരുപറഞ്ഞ് ഒരു സമുദായത്തെ മോശപ്പെടുത്തുവാനുള്ള നീക്കമാണ് ഉണ്ടായത്. മുസ്ലിം സമുദായം ഇത്തരതിലുള്ള ഒരു ജിഹാദിനും ആഹ്വാനം ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല.
പാലാ ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണം. അത് ചര്‍ച്ചയാക്കാന്‍ ആരും മുന്നോട്ട് വരാന്‍ പാടില്ല. ഞങ്ങളിവിടെ സമാധാനമാണ് ഉദ്ദേശിക്കുന്നത്. ഭിന്നിപ്പുണ്ടാക്കി കലഹിച്ച് പോകാന്‍ താത്പര്യമില്ല. ബിഷപ്പ് പറഞ്ഞത് തെറ്റാണ്. മധ്യസ്ഥ ചര്‍ച്ചകളല്ല വേണ്ടത്. മുസ്ലിം സമുദായത്തിനെതിരെ ഉന്നയിച്ച തെറ്റായ വാദമാണ്. അത് ഉന്നയിച്ചയാള്‍ ആ തെറ്റായ വാദം എത്രയും വേഗം പിന്‍വലിച്ച് മാപ്പു പറയുകയാണ് വേണ്ടത്.
ഭിന്നിപ്പ് മാറ്റാൻ ഇതിനായി ആര് നീക്കം നടത്തിയാലും ആശ്വാസകരമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ്ലാം അനുവദിക്കുന്നില്ല. ലൗജിഹാദ് ഇല്ല എന്നത് വ്യക്തമായപ്പോള്‍ നാര്‍കോട്ടിക്ക് ജിഹാദ് എന്ന് പുതിയ പേര് വലിച്ചിടുകയാണ്. ഈ പേരുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. മുസ്ലിം സമുദായം ഒരിക്കലും ഭീകരവാദത്തിനോ തീവ്രവാദത്തിനോ കൂട്ടുനിന്നിട്ടില്ല. നില്ക്കുകയുമില്ല. എപ്പോഴും അതിനെതിരെ സംസാരിക്കുന്നവരാണ് ഞങ്ങളെന്നും തെറ്റ് ചെയ്യുന്ന വ്യക്തികള്‍ എല്ലാ മതങ്ങളിലുമുണ്ടാകാമെന്നും കാന്തപുരം പറഞ്ഞു.
Also Read-'കേരളത്തിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ നീക്കം' വിഡി സതീശന്; 'വാസവന്റെ നടപടി ബുദ്ധിയില്ലാത്തവരുടേതുപോലെ'; കെ സുധാകരന്
നിര്‍ബന്ധിച്ചോ വഞ്ചനയിലൂടെയോ മതപരിവര്‍ത്തനം ഇസ്ലാം കല്പിച്ചിട്ടില്ല. സൗകര്യമുള്ളവര്‍ക്ക് വരാം ഇല്ലാത്തവര്‍ക്ക് പോകാം എന്നതാണ് നയം. ഇസ്ലാമിലേക്കൊരാള് കടന്നുവരുമ്പോള്‍ ആദ്യമായി പറഞ്ഞുകൊടുക്കുന്ന വാക്കുകള്‍ ‘മനസ്സില്‍ ഉറപ്പിച്ച് നാവ് കൊണ്ട് പറയുന്നു’ എന്നതാണെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
എന്നാൽ വി. എൻ. വാസവൻ ബിഷപ്പിനെ സന്ദർശിച്ച ശേഷം നടത്തിയ വിവാദ പ്രസ്താവനയെ കുറിച്ചോ, സർക്കാരിൻ്റെ വിഷയത്തിലുള്ള നിലപാടിനെ കാന്തപുരം വ്യക്തമായ മറുപടി പറഞ്ഞില്ലെന്നതും ഏറെ ശ്രദ്ധേയമാണ്.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരുടെ നേത്യത്വത്തിലാണ് ഞായറാഴ്ച്ച വൈകിട്ട് 4.30ന് കോൺഗ്രസ് നേതാക്കൾ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ചക്ക് എത്തിയത്. കൂടിക്കാഴ്ച്ച 45 മിനിറ്റോളം നീണ്ട് നിന്നു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായതിന് പിന്നാലെ അനുരഞ്ജന നീക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ രാത്രി മുതല്‍ കോഴിക്കോട് കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടത്തുകയാണ്. ഇന്നലെ രാത്രി നേതാക്കള്‍ താമരശേരി ബിഷപ്പുമായി ചര്‍ച്ച നടത്തിയിരുന്നു.
Also Read-പാല ബിഷപ്പിനെ കണ്ട് മന്ത്രി പിന്തുണ അറിയിച്ചത് വേദനയുണ്ടാക്കുന്നത്; ഇസ്ലാമില്‍ ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദുമില്ല: ജിഫ്രി തങ്ങള്‍
കെ സുധാകരനും വി.ഡി സതീശനുമൊപ്പം കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദർശനത്തിന് ശേഷം പുറത്തിറങ്ങിയ സുധാകരൻ കൂടിക്കാഴ്ച്ച പ്രശ്ന പരിഹാരത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് പറഞ്ഞു. കാന്തപുരത്തെ സന്ദർശിച്ച നേതാക്കൾ കോഴിക്കോട് ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് വർഗീസ് ചക്കാലയ്ക്കലുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.