പാലക്കാട് : കുനിശേരിക്കാരുടെ മാമ്പഴക്കാലത്തിൽ ഇനി കണ്ണീരിന്റെ ഉപ്പ് കലർന്നിരിക്കും. കുളത്തിൽ മുങ്ങി മരിച്ച സഹോദരങ്ങളായ മൂന്നു കുട്ടികൾക്ക് നാടിൻറെ വിട.തൊടിയിൽ നിന്നു പെറുക്കിയ മാങ്ങകൾ കഴുകാന്‍ കുളത്തിലിറങ്ങിയ ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണു കുളത്തിൽ മുങ്ങി മരിച്ചത്. കുനിശേരി കുതിരപ്പാറ കരിയങ്കാട് ജസീർ - റംല ദമ്പതികളുടെ മക്കളാണ് ഇവർ.
ഞായറാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെ വീട്ടില്‍ നിന്ന് 150 മീറ്റര്‍ അകലെയുള്ള കൊറ്റിയോടു കുളത്തിനരികെ, റിൻഷാദിന്റെ സഹപാഠി കൂടിയായ അടുത്ത വീട്ടിലെ കൂട്ടുകാരിക്കൊപ്പം കളിക്കുകയായിരുന്നു മൂന്നുപേരും. റിൻഷാദ് ആയിരുന്നു മാവിൻചുവട്ടിൽ നിന്നു പെറുക്കിയെടുത്ത മാങ്ങകൾ കഴുകാൻ ആദ്യം കുളത്തിലിറങ്ങിയത്. പാറയിൽ കാൽ വഴുതി റിൻഷാദ് വീഴുന്നതുകണ്ട മൂന്നു വയസ്സുകാരൻ റിഫാസും വെള്ളത്തിലേക്കിറങ്ങി. മുങ്ങിത്താഴ്ന്ന ഇരുവരെയും രക്ഷപ്പെടുത്താൻ, ജിൻഷാദ് കുളത്തിലേക്കു ചാടി.
മൂന്നു പേരും വെള്ളത്തിൽ താഴ്ന്നു പോകുന്നതു കണ്ടു കൂട്ടുകാരി ഓടിച്ചെന്ന് ഇവരുടെ മാതാവ് റംലയെ വിവരമറിയിച്ചു. പരിസരവാസികൾ ഓടിക്കൂടി കുട്ടികളെ വെള്ളത്തില്‍ നിന്നു പുറത്തെടുത്ത് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറായ ജസീർ ഒന്നരവർഷമായി പള്ളിമേട്ടിലുള്ള വാടകവീട്ടിലാണു താമസിക്കുന്നത്.
കണ്ണമ്പുള്ളി ജിയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ജിൻഷാദ്. റിൻഷാദ് മൂന്നാം ക്ലാസിലും. പഠിക്കാന്‍ മിടുക്കരായ ഇവര്‍ ഉപജില്ലാ അറബിക് കലോത്സവ വിജയികളാണ്.
ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ കരിയങ്കാട്ടെ കുടുംബ വീട്ടിൽ കൊണ്ടുവന്ന് കുനിശേരി വേർമാനൂർ ജുമാ മസ്ജിദിൽ കബറടക്കി.
Published by:Chandrakanth viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.