• HOME
 • »
 • NEWS
 • »
 • kerala
 • »
 • Palakkad| സംഘർഷ സാധ്യത: പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ 24 വരെ നീട്ടി

Palakkad| സംഘർഷ സാധ്യത: പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ 24 വരെ നീട്ടി

സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതിജാഗ്രത പാലിക്കാനാണ് പൊലീസ് സേനക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 • Share this:
  പാലക്കാട്: 24 മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ നടന്ന ജില്ലയിൽ തുടർസംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ ഈ മാസം 24 വരെ നീട്ടിയതായി ജില്ലാ കളക്ടർ അറിയിച്ചു. കൊലപാതകങ്ങളെ തുടർന്ന് ജില്ലയിൽ നടപ്പാക്കിയ നിരോധനാജ്ഞ ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതിജാഗ്രത പാലിക്കാനാണ് പൊലീസ് സേനക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

  മൂന്ന് കമ്പനി സായുധ പൊലീസ് സേനയെ കൂടാതെ രാത്രി പട്രോളിങ്ങും പരിശോധനയും സജീവമാണ്. നഗരത്തിലേക്ക് പ്രവേശിക്കുന്ന യാക്കര, മണപ്പുള്ളിക്കാവ്, കൽമണ്ഡപം, വിക്ടോറിയ കോളജ്, ചക്കാന്തറ തുടങ്ങി പ്രധാന കവലകളിൽ ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങളുടെ വിവരശേഖര‍ണം നടത്തുന്നുണ്ട്. രാത്രി പട്രോളിങ്ങും പരിശോധനയും ഉൾപ്പെടെ ശക്തമാക്കി. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ തമിഴ്‌നാട് പൊലീസിന്‍റെ സഹായവും ഉറപ്പുവരുത്തി. 90 പൊലീസുകാരാണ് തമിഴ്നാട്ടിൽനിന്ന് എത്തിയിട്ടുള്ളത്.

   ശ്രീനിവാസൻ വധക്കേസ്: ആറു പ്രതികളിൽ നാലുപേരെ തിരിച്ചറിഞ്ഞു

  ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ നാലുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്‌മാന്‍, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അതേസമയം, ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആകെ ആറുപ്രതികളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മൂന്ന് ഇരുചക്രവാഹനങ്ങളിലായാണ് അക്രമിസംഘം ശ്രീനിവാസന്റെ കടയിലെത്തിയത്. ഇതില്‍ വാഹനങ്ങളുടെ പിന്‍സീറ്റില്‍ ഇരുന്നവരാണ് കടയില്‍ കയറി ശ്രീനിവാസനെ ആക്രമിച്ചത്. പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

  പാലക്കാട് ജില്ലാ ആശുപത്രി പരിസരത്തുവെച്ചാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം നടന്നത് ജില്ലാ ആശുപത്രിയിലായിരുന്നു. ആ സമയം നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അവിടെ തടിച്ചുകൂടിയിരുന്നു. ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളും ആശുപത്രി പരിസരത്തുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി പരിസരത്തുനിന്ന് പ്രതികള്‍ സംഘടിച്ചെത്തിയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് കരുതുന്നു.

  അതേസമയം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകരായ കള്ളിമുള്ളി പാറുക്കുട്ടിനിവാസില്‍ രമേശ് (42), മേനോന്‍പാറ കരിമണ്ണ് എടുപ്പുകുളം ആറുമുഖന്‍ (ആറു-27), കല്ലേപ്പുള്ളി ആലമ്പള്ളം കുറുപ്പത്ത് വീട്ടില്‍ ശരവണന്‍ എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്.

  അറസ്റ്റിലായ മൂന്ന് പ്രതികളുമായും അന്വേഷണസംഘം കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കോരയാര്‍ ഒന്നാംപുഴയില്‍ മണ്ണുകാട്ട് നടത്തിയ തെളിവെടുപ്പില്‍ സംഘം സംഭവത്തിനുശേഷം ഒളിപ്പിച്ച നാല് വാളുകള്‍ കണ്ടെടുത്തു. തുടര്‍ന്ന്, എലപ്പുള്ളി പഞ്ചായത്ത് അതിര്‍ത്തിയിലെ മേലേപോക്കാംതോട് എന്ന സ്ഥലത്ത്, കൃത്യത്തിനുശേഷം സംഘം മൂന്നുദിവസം ഒളിവില്‍ക്കഴിഞ്ഞ കാട്ടിലും തെളിവെടുപ്പ് നടന്നു. ഇവിടെനിന്ന് രക്തംപുരണ്ട വസ്ത്രവും കണ്ടെടുത്തു. കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിയശേഷമാവും അക്രമംനടന്ന സ്ഥലത്തുംമറ്റും തെളിവെടുപ്പ് നടത്തുകയെന്നും പോലീസ് പറഞ്ഞു.

  അറസ്റ്റിലായ രമേശാണ് സുബൈര്‍ വധത്തിന്റെ സൂത്രധാരനെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. കൃത്യത്തില്‍ നേരിട്ടുപങ്കെടുത്തത് അറസ്റ്റിലായ മൂവര്‍സംഘമാണെന്നും പൊലീസ് പറയുന്നു. തനിക്കെന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിന് ഉത്തരവാദി സുബൈറായിരിക്കുമെന്ന്, മരിക്കുന്നതിനുമുമ്പ് സഞ്ജിത്ത് ഉറ്റസുഹൃത്തായ രമേശിനോട് പറഞ്ഞിരുന്നു. ഇത് രമേശിന്റെ മൊഴിയാണെന്ന് എഡിജിപി പറഞ്ഞു. സഞ്ജിത്ത് കൊല്ലപ്പെട്ടശേഷം രമേശ് അവസരം കാത്തുകഴിയുകയായിരുന്നു. കൃത്യത്തിന് സഹായികളായി പലരെയും സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറി. പിന്നീടാണ് ശരവണനും ആറുമുഖനും സഹായിക്കാന്‍ സന്നദ്ധരായതെന്നും രമേശ് മൊഴിനല്‍കി.
  Published by:Rajesh V
  First published: