പാലക്കാട്: ഡോ. നീന പ്രസാദിന്റെ (DR. Neena Prasad) നൃത്തം തടസ്സപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച അഭിഭാഷകർക്കെതിരെ രൂക്ഷ വിമർശനവുമായി പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷ (Kalam Pasha).നിയമം സംരക്ഷിക്കേണ്ടവർ തന്നെ നിയമം ലംഘിക്കുന്നത് ശരിയല്ലെന്നും കലാം പാഷ പറഞ്ഞു. പാലക്കാട് ജൂനിയർ അഭിഭാഷകർക്കായി സംഘടിപ്പിച്ച നിയമ പരിശീലന പരിപാടിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സാന്നിധ്യത്തിൽ
ജില്ലാ ജഡ്ജി ഡോ. ബി കലാം പാഷ രൂക്ഷ വിമർശനം നടത്തിയത്.
നീന പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അഭിഭാഷകർ കോടതിയിൽ സമരം നടത്തിയത് തെറ്റാണെന്ന് കലാം പാഷ പറഞ്ഞു. സമരം നടത്തിയവർ തന്നിൽ നിന്നും വിവരങ്ങൾ തേടുന്നതിന് പകരം പുറമെ നിന്നാണ് വിവരങ്ങൾ ശേഖരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്പിയേയോ കളക്ടറെയോ ഉപയോഗിച്ച് അഭിഭാഷകരെ അവിടെ നിന്ന് മാറ്റാമായിരുന്നു. എന്നാൽ തനിക്ക് വേദനയുണ്ടാക്കുമെന്നതിനാലാണ് അത് ചെയ്യാതിരുന്നത്.
Also Read-
ഒരു കലാകാരനോ കാലാകാരിക്കോ ഉണ്ടാകാൻ പാടില്ലാത്ത അനുഭവം; നൃത്തപരിപാടി തടസ്സപ്പെടുത്തിയതിനെ കുറിച്ച് ഡോ. നീന പ്രസാദ്
നിയമം സംരക്ഷിക്കേണ്ടവർ തന്നെ നിയമം ലംഘിക്കുന്നത് ശരിയല്ലെന്ന് കലാം പാഷ പറഞ്ഞു. അതേസമയം, കോടതി നടപടികളെ തടസ്സപ്പെടുത്തിയെന്ന ജഡ്ജിയുടെ ആരോപണം ശരിയല്ലെന്ന് സമരത്തിന് നേതൃത്വം നൽകിയ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ വ്യക്തമാക്കി.
Also Read-
നീനാ പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്താൻ ശ്രമം: ആരോപണം അടിസ്ഥാന രഹിതമെന്ന് ജില്ലാ ജഡ്ജി കലാം പാഷ
മോയൻ എൽ പി സ്കൂളിൽ നീനാ പ്രസാദ് നടത്തിയ നൃത്ത പരിപാടി ജില്ലാ ജഡ്ജി കലാം പാഷയുടെ നിർദേശപ്രകാരം പൊലീസ് തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് അഭിഭാഷകരുടെ നേതൃത്വത്തിൽ ജില്ലാ കോടതിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.
കോടതി വളപ്പിൽ നടന്ന പ്രതിഷേധം ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കലാം പാഷ പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റിന് കത്തും നൽകിയിരുന്നു. താൻ നൃത്ത പരിപാടി തടസ്സപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.
മാർച്ച് 19 നായിരുന്നു പാലക്കാട് സർക്കാർ മോയൻ സ്കൂളിൽ നീനാ പ്രസാദിന്റെ നൃത്തപരിപാടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. ശബ്ദമലിനീകരണമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ജഡ്ജി പരിപാടി നിർത്തിവെക്കാൻ ശ്രമിച്ചതാണ് വിവാദമായത്. ഇതിനിടെ നാളെ മോയൻ സ്കൂളിൽ അധ്യാപകർക്ക് നൽകാനിരുന്ന യാത്രയയപ്പ് പരിപാടിയ്ക്കും ശബ്ദ നിയന്ത്രണം ഏർപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.