പാലക്കാട്: നഗരത്തിൽ ഒരു കുടുംബത്തിന് ഊരുവിലക്ക് ഏർപ്പെടുത്തിയതായി പരാതി. പാലക്കാട് കുന്നത്തൂർമേട് അരുന്ധതിയാർ തെരുവിലെ ഉണ്ണികൃഷ്ണന്റെ കുടുംബത്തിനെയാണ് സമുദായം ഊരുവിലക്കേർപ്പെടുത്തിയത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഉണ്ണികൃഷ്ണൻ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി.
രണ്ടു മാസത്തിലേറെയായി ചക്ക്ലിയ സമുദായത്തിന്റെ ഊരുവിലക്കിനെ തുടർന്ന് ഒറ്റപ്പെട്ട് കഴിയുകയാണ് പാലക്കാട് കുന്നത്തൂർമേട് അരുന്ധതിയാർ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബവും. രണ്ടുമാസം മുൻപാണ് സംഭവങ്ങളുടെ തുടക്കം.
ഇവിടുത്തെ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊങ്കലിന് ഒരു കുട്ടിയുടെ മാല നഷ്ടപ്പെട്ടിരുന്നു. കുട്ടിയുടെ ബന്ധുക്കൾ മഷിനോട്ടം നടത്തി ഉണ്ണികൃഷ്ണന്റെ ഭാര്യ സൗദാമിനിയെ കുറ്റക്കാരിയായി ചിത്രീകരിച്ചു. മാല എടുത്തിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ സൗദാമിനി ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു.
ഇതിനിടെ ക്ഷേത്ര ഗേറ്റിന്റെ കൊളുത്ത് ഇളകിയെന്ന് പരാതിയായി. പിറ്റേ ദിവസം തന്നെ ഇവർ കമ്മറ്റിയുടെ അനുമതിയോടെ വെൽഡ് ചെയ്ത് നന്നാക്കി കൊടുത്തു. എന്നാൽ പിന്നീട് ഇവരെ ഊരുവിലക്കിയെന്നാണ് സൗദാമിനിയും ഉണ്ണികൃഷ്ണനും പറയുന്നത്.
സംഭവത്തിന് ശേഷം ക്ഷേത്രത്തിൽ പ്രവേശിയ്ക്കുന്നതിന് ഇവർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കുടുംബ ചടങ്ങുകൾക്ക് പോലും വിളിക്കുന്നില്ലെന്നും ഇവർ വേദനയോടെ പറയുന്നു. കുട്ടികളും ഒറ്റപ്പെട്ട് കഴിയുകയാണ്. നഗരസഭാ ജീവനക്കാരനായ ബാലസുബ്രഹ്മണ്യൻ എന്നയാളാണ് ഇതിന് നേതൃത്വം നൽകുന്നതെന്നാണ് ഉണ്ണികൃഷ്ണന്റെ ആരോപണം.
എന്നാൽ ഊരുവിലക്കിയിട്ടില്ലെന്നാണ് ബാലസുബ്രഹ്മണ്യന്റെ പ്രതികരണം. ഊരുവിലക്കിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പരിഹാരമാകാത്തതിനാൽ നടപടി ആവശ്യപ്പെട്ട് ഉണ്ണികൃഷ്ണനും കുടുംബവും മുഖ്യമന്ത്രിക്ക് പരാതി നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.