HOME » NEWS » Kerala »

എടക്കരയിലെ ആംബുലൻസായി അറഫാത്തിന്റെ അംബാസിഡർ; കോവിഡ് ബാധിതർക്ക് കൈത്താങ്ങായി യുവാവ്

അറഫാത്തിന്റെ അംബാസിഡർ കാറിലാണ് കോവിഡ് ബാധിതരെ ആശുപത്രിയിലേക്കും, ലാബുകളിലേക്കുമെല്ലാം കൊണ്ടു പോവുന്നത്

News18 Malayalam | news18-malayalam
Updated: April 30, 2021, 5:27 PM IST
എടക്കരയിലെ ആംബുലൻസായി അറഫാത്തിന്റെ അംബാസിഡർ; കോവിഡ് ബാധിതർക്ക് കൈത്താങ്ങായി യുവാവ്
മുഹമ്മദ് അറഫാത്ത്
  • Share this:
പാലക്കാട് എടത്തറയിൽ കോവിഡ് പോസിറ്റീവായവർക്ക് കൈത്താങ്ങാവുകയാണ് മുഹമ്മദ് അറഫാത്ത്. കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്ക് ആശുപത്രിയിലോ, പരിശോധനാ കേന്ദ്രത്തിലോ പോവുന്നതിന് ആംബുലൻസ് സൗകര്യം വളരെ പരിമിതമാണ്. ഇവരെ കൊണ്ടുപോവാൻ ടാക്സിക്കാർക്കും പ്രയോഗിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ പലപ്പോഴും കോവിഡ് ബാധിതർ വലിയ ദുരിതം നേരിടുന്നു. ഇത് മനസ്സിലാക്കിയാണ് എടത്തറ സ്വദേശിയായ മുഹമ്മദ് അറഫാത്ത് തന്റെ നാട്ടിൽ കോവിഡ് വൈദ്യസഹായം ഉറപ്പു വരുത്തുന്നതിനായി മുന്നിട്ടിറങ്ങിയത്.

അറഫാത്തിന്റെ അംബാസിഡർ കാറിലാണ് കോവിഡ് ബാധിതരെ ആശുപത്രിയിലേക്കും, ലാബുകളിലേക്കുമെല്ലാം കൊണ്ടു പോവുന്നത്. പി പി ഇ കിറ്റെല്ലാം ധരിച്ച്, കോവിഡ്  സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് അറഫാത്തിന്റെ പ്രവർത്തനം.

ഒരാഴ്ച മുൻപ് സുഹൃത്തിന്റെ വീട്ടിലുള്ളവർക്ക് മുഴുവൻ കോവിഡ് പോസിറ്റീവായതോടെ പരിശോധനയ്ക്ക് കൊണ്ടുപോവാൻ വാഹനങ്ങളൊന്നും കിട്ടിയിരുന്നില്ല. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അറഫാത്ത് വാരാന്ത്യ നിയന്ത്രണമുള്ള  ദിവസമായതിനാൽ അന്ന് ജോലിക്ക് പോയിരുന്നില്ല. സുഹൃത്തിന്റെ പ്രതിസന്ധി അറിഞ്ഞതോടെ അറഫാത്ത് പി പി ഇ കിറ്റ് ധരിച്ച് സ്വന്തം കാറെടുത്ത് വീട്ടുകാരെ പരിശോധനയ്ക്കായി കൊണ്ടുപോയി.



മുഹമ്മദ് അറഫാത്ത്

ഇക്കാര്യം അറിഞ്ഞ നാട്ടുകാർ പിന്നീട് സഹായത്തിനായി വിളിച്ചു തുടങ്ങി. അവരെയാരെയും നിരാശപ്പെടുത്താൻ അറഫാത്ത് ഒരുക്കമായിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ എഴുപതോളം പേരെയാണ് അറഫാത്ത് ആശുപത്രിയിലെത്തിയത്.

മറക്കാനാവാത്ത അനുഭവം

രണ്ടു ദിവസം മുൻപാണ് എടത്തറയിലെ ഒരു വീട്ടിലെ പ്രായമായ ഒരാൾ അവശനാണെന്ന് പറഞ്ഞ് ആശാ വർക്കർ അറഫാത്തിനെ വിളിയ്ക്കുന്നത്. ഉടനെ തന്നെ അവിടെയെത്തിയെങ്കിലും രോഗി മരിച്ചതായി ബോധ്യപ്പെട്ടു. ശരീരമെല്ലാം മരവിച്ച ആ മനുഷ്യനെ തൊട്ടു നോക്കിയതും ആശുപത്രിയിൽ കൊണ്ടു പോയതും മറക്കാനാവാത്ത അനുഭവമാണെന്ന് അറഫാത്ത് പറയുന്നു.

കോവിഡ് ബാധിതയായ വിദ്യാർത്ഥിനിക്ക് പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനും സഹായമായി നിന്നത് അറഫാത്താണ്‌. തന്റെ പ്രവർത്തനത്തിന് വീട്ടുകാരുടെ പൂർണ പിന്തുണയുണ്ടെന്ന് അറഫാത്ത് പറയുന്നു. ആദ്യമൊക്കെ എതിർപ്പുണ്ടായിരുന്നുവെങ്കിലും സഹായം കിട്ടിയവരുടെ പ്രതികരണം വീട്ടുകാർക്ക് ഏറെ സന്തോഷം നൽകിയതായും ഇപ്പോൾ എല്ലാവരും നല്ല പിന്തുണയാണ് നൽകുന്നതെന്നും അറഫാത്ത്. ആരോഗ്യ പ്രവർത്തകരും നല്ല പിന്തുണ നൽകുന്നതായും അറഫാത്ത് വ്യക്തമാക്കി. നാട്ടുകാരും പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്.

വലിയ ആത്മസംതൃപ്തി ലഭിയ്ക്കുന്ന പ്രവൃത്തി

ഒറ്റപ്പെട്ടു പോവുന്ന കോവിഡ് ബാധിതരെ സഹായിയ്ക്കുന്നത് വലിയ ആത്മ സംതൃപ്തി നൽകുന്നതായി അറഫാത്ത് പറയുന്നു. ജോലിയെ ബാധിക്കാത്ത തരത്തിൽ പ്രവർത്തനവുമായി മുന്നോട്ട് പോവണമെന്നാണ് അറഫാത്തിന്റെ ആഗ്രഹം. നമ്മൾ ഒന്ന് മനസ്സ് വെച്ചാൽ കോവിഡ് ബാധിതരായവരെ സഹായിക്കാൻ കഴിയുമെന്ന് അറഫാത്ത് പറയുന്നു. തനിയ്ക്ക് കോവിഡ് ബാധിച്ചാൽ, താൻ ഏറ്റെടുത്ത പ്രവൃത്തി സുഹൃത്തുക്കൾ തുടരുമെന്നും ഇദ്ദേഹം പറയുന്നു.
Published by: Naseeba TC
First published: April 30, 2021, 5:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories