കൊച്ചി: പാലാരിവട്ടം പാലം പുനരുദ്ധാരണ ജോലികളുടെ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക്. 18.77 കോടി രൂപയാണ് കരാര്‍ തുക. പാലം സംബന്ധിച്ച് കോടതിയില്‍ നിലനില്‍ക്കുന്ന കേസുകൾ തീര്‍പ്പായ ശേഷമെ പണി തുടങ്ങൂ. ഡിഎംആര്സിക്കാണ് പാലം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ചമതല.
പാലം പൊളിക്കുന്നതിനു മുന്‍പ് ലോഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സ്ട്രക്ചറല്‍ എന്‍ജിനീയര്‍മാരുടെ സംഘടനയും പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിയും നല്കിയ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജികൾ തീർപ്പായ ശേഷം അറ്റകുറ്റപണിക്കായി പാലത്തിന്റെ സ്പാനുകൾ പൊളിക്കും.
ലോഡ് ടെസ്റ്റ് നടത്തുന്നത് സുരക്ഷിതമല്ലെന്നും വിദഗ്ധ റിപ്പോര്‍ട്ടുകളും പൊതു താല്പര്യവും മാനിച്ചാണു ഡിഎംആര്‍സിയെ കൊണ്ടു പാലം പുനരുദ്ധരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചിരുന്നു. അറ്റകുറ്റപ്പണി ആരംഭിച്ചാല്‍ 9 മാസം കൊണ്ടു പാലം ഗതാഗതം യോഗ്യമാക്കാന്‍ സാധിക്കുമെന്ന് ഡിഎംആര്‍സി അറിയിച്ചിരിക്കുന്നത്. പിയര്‍ ക്യാപുകള്‍ ശക്തിപ്പെടുത്തിയും 102 ഗര്‍ഡറുകള്‍ മാറ്റിയുമാണ് പുനരുദ്ധാരണം നടത്തുന്നത്.
വിവിധ ഏജന്‍സികള്‍ നിര്‍മാണ പോരായ്മകള്‍ കണ്ടെത്തിയതിനു പിന്നാലെ മേയ്ഒന്നിനാണ് പാലം അടച്ചത്. മദ്രാസ് ഐഐടി നിര്‍ദേശിച്ച ആദ്യഘട്ട അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഇ.ശ്രീധരന്റെ നേതൃത്വത്തിലുളള വിദഗ്ധ സമിതി പാലം പുനര്‍നിര്‍മിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ പുനരുദ്ധാരണ ചുമതല സർക്കാർ ഡിഎംആർസിക്ക് കൈമാറി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.