HOME » NEWS » Kerala » PALARIVATTOM BRIDGE SCAM CRUCIAL ROLE FOR T O SOORAJ SAYS VIGILANCE AR TV

പാലാരിവട്ടം പാലം അഴിമതി: ടി. ഒ സൂരജിന് നിര്‍ണ്ണായക പങ്ക്; അഴിമതിപ്പണത്തിന് കൊച്ചിയില്‍ സ്ഥലംവാങ്ങി

'പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണക്കമ്പനിയായ ആര്‍. ഡി. എസിന് മൊബിലൈസേഷന്‍ ഫണ്ട് ലഭ്യമാക്കിയതിന് പിന്നാലെ ടി. ഒ. സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 17 സെന്റ് സ്ഥലം വാങ്ങി'

News18 Malayalam | news18-malayalam
Updated: July 12, 2021, 4:30 PM IST
പാലാരിവട്ടം പാലം അഴിമതി: ടി. ഒ സൂരജിന് നിര്‍ണ്ണായക പങ്ക്; അഴിമതിപ്പണത്തിന് കൊച്ചിയില്‍ സ്ഥലംവാങ്ങി
ടി.ഒ സൂരജ്
  • Share this:
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഓ സൂരജിന് നിര്‍ണ്ണായക പങ്കെന്ന് ചൂണ്ടിക്കാട്ടി വിജലന്‍സ് ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കി. തനിയ്‌ക്കെതിരായ അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി. ഒ. സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സ് വിശദീകരണം. അഴിമതി നിരോധന നിയമത്തിലെ പുതിയ ദേഗതി പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് വിജിലന്‍സ് തനിക്കെതിരെ കേസെടുത്തതെന്നും അതിനാല്‍ തന്നെ  നിലനില്‍ക്കില്ലെന്നും സൂരജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഈ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വിജിലന്‍സ് സത്യവാങ്മൂലം വ്യക്തമാക്കുന്നു. നടപടിക്രമങ്ങള്‍ പാലിച്ചാണ് നടപടിയെടുത്തത്. പാലം അഴിതിയിലൂടെ സര്‍ക്കാരിന് 14.30 കോടി രൂപ നഷ്ടം വന്നു. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണക്കമ്പനിയായ ആര്‍. ഡി. എസിന് മൊബിലൈസേഷന്‍ ഫണ്ട് ലഭ്യമാക്കിയതിന് പിന്നാലെ ടി. ഒ. സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 17 സെന്റ് സ്ഥലം വാങ്ങി. സ്ഥലക്കച്ചവടത്തില്‍ കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ട്. സൂരജിന്റെ മകന്റെ ഭൂമി ഇടപാടുകളും ദുരൂഹമാണെന്ന് വിജിലന്‍സ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

പാലാരിവട്ടം പാലം കേസില്‍ നാലാം പ്രതിയാണ് ടി. ഒ സൂരജ്. പാലം നിര്‍മിച്ച ആര്‍ ഡി എസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലാണ് കേസിലെ  ഒന്നാം പ്രതി. കോര്‍പറേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ എം.ടി.തങ്കച്ചന്‍ രണ്ടാം പ്രതിയും  കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍  മൂന്നാം പ്രതിയുമാണ്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനായിരുന്നു നിര്‍മാണച്ചുമതല. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയും രൂപരേഖ നിര്‍മ്മിക്കാനുള്ള ചുമതലയും കിറ്റ് കോയ്ക്ക് ആയിരുന്നു. ചുമതലകളില്‍ വന്ന വീഴ്ചയായിരുന്നു ഇവരുടെ കുറ്റം. മുന്‍പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് കേസില്‍ അറസ്റ്റിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇബ്രാഹിംകുഞ്ഞിന് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചിരുന്നു.

സെക്രട്ടറി ടി ഒ സൂരജിന്റെ മൊഴിയാണ് കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ നിര്‍ണായകമായത്. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താന്‍  പ്രവര്‍ത്തിച്ചതെന്ന് അന്വേഷണ സംഘത്തോടും മാധ്യമങ്ങളോടും സൂരജ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. അറസ്റ്റിലായ ആദ്യ ദിവസങ്ങളില്‍ സൂരജ് ഒരു പ്രതികരണത്തിനും തയാറായിരുന്നില്ല. പക്ഷെ തുടര്‍ച്ചയായി റിമാന്‍ഡ് ചെയ്യപ്പെടുകയും ആരും സഹായത്തിന് എത്തില്ലെന്നും മനസിലായതോടെ സൂരജ് നിലപാട് മാറ്റി.

2014 സെപ്തംബറിലാണ് പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ ആരംഭിച്ചത്. 2016 ഒക്ടോബര്‍ 12 ബുധനാഴ്ച മുഖ്യമന്ത്രി  പിണറായി വിജയന്‍ പാലം നാടിനു സമര്‍പ്പിച്ചു. പാലം നിര്‍മ്മിച്ച് രണ്ടു വര്‍ഷം ആയപ്പോള്‍ പാലത്തില്‍ ആറിടത്ത് വിള്ളല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2019 മേയ് ഒന്നിന് രാത്രി മുതല്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടി. മേല്‍പ്പാലനിര്‍മ്മാണത്തില്‍ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വര്‍ഷം കൊണ്ട് പാലത്തിന്റെ ബലക്ഷക്ഷയത്തിനു കാരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പാലം തുറന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ പാലത്തിലെ റോഡിലെ ടാറിളകിയിരുന്നു. എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെയും പാലത്തെ താങ്ങി നിര്‍ത്തുന്ന ബെയറിംഗുകളുടെയും നിര്‍മ്മാണത്തിലുണ്ടായ വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചത്. പാലത്തിന്റെ സുരക്ഷയെ കുറിച്ച് ഐഐടി മദ്രാസ് പഠനം നടത്തിയിരുന്നു.

ഒരു വര്‍ഷവും പത്തുമാസവും നീണ്ട കാത്തിരിപ്പിനുശേഷം കഴിഞ്ഞ മാര്‍ച്ച് ഏഴിന് പാലം ഗതാഗതത്തിനായി വീണ്ടും തുറന്നുകൊടുത്തിരുന്നു. നിയമനടപടികളില്‍ കുരുങ്ങി നിര്‍മ്മാണം ആരംഭിയ്ക്കുന്നത് വൈകിയതിനാലാണ് പുനര്‍നിര്‍മ്മാണം വൈകിയത്. ഡി. എം. ആര്‍. സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റ് 5 മാസവും 10 ദിവസവുമെടുത്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
Published by: Anuraj GR
First published: July 12, 2021, 4:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories