എറണാകുളം: അടച്ചുറപ്പില്ലാത്ത താത്കാലിക വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസുകൾ എങ്ങനെ കാണുമെന്ന ആശങ്കയിലായിരുന്നു ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന വരുൺദേവും വസുദേവും. ക്ലാസ് തുടങ്ങുമ്പോഴും എന്തു ചെയ്യുമെന്ന ആശങ്കയായിരുന്നു വീട്ടിൽ.
എടവനക്കാട് എ.ഇ.ഒ. ഓഫീസ് സ്റ്റോപ്പിൽ താമസിക്കുന്ന ചിരട്ടപ്പുരയ്ക്കൽ ശെൽവരാജിന്റെയും പരേതയായ രമാദേവിയുടെയും മൂന്നു മക്കളിൽ ഇളയവരാണ് ഈ ഇരട്ട സഹോദരങ്ങൾ. എട്ട് മാസം മുൻപുണ്ടായ അമ്മയുടെ അപ്രതീക്ഷിതമായ വേർപാടിൽ മനംനൊന്തു കഴിയുകയാണ് ഈ മക്കളും കടുംബവും. സ്വന്തമായി ഭൂമിയുണ്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ അടച്ചുറപ്പുള്ള സുരക്ഷിതമായ ഒരു ഭവനം ഉണ്ടാക്കുവാൻ സാധിക്കാത്ത ആശങ്കയിലുമായിരുന്നു പിതാവ് ശെൽവരാജ്. അതിനിടയിലാണ് കോവിഡും ലോക്ക്ഡൗണും.
കൂലിപ്പണിക്കാരനായ ശെൽവരാജിന്റെ മുമ്പിൽ തന്റെ മക്കളുടെ ഓൺലൈൻ വിദ്യാഭ്യാസവും വലിയ വെല്ലുവിളികളാണ് ഉയർത്തിയിരുന്നത്. കീഴ്മാട് അന്ധവിദ്യാലയ അധികൃതർ എടവനക്കാട് പഞ്ചായത്ത് ഭാരവാഹികളുമായി ബന്ധപ്പെട്ടതിനെ തുടർന്ന് നാട്ടുകാരുമായി ചേർന്ന് ടി.വി. വാങ്ങാനാവശ്യമായ പണം കണ്ടെത്തി.
സംസ്ഥാന സ്പെഷൽ സ്കൂൾ യുവജനോത്സവങ്ങളിൽ ബാൻറ്, കവിതാപാരായണം, സംഘഗാനം എന്നിവയിലും പ്രവൃത്തി പരിചയമേളയിൽ കുട നിർമ്മാണത്തിലും, കയർ ചവിട്ടി നിർമ്മാണത്തിലും സംസ്ഥാനതല വിജയികളാണ് വരുൺദേവും വസുദേവും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.