പത്തനംതിട്ട: യുഡിഎഫിലെ അഞ്ചു നേതാക്കളെയും അവരുടെ അഞ്ചു ഭാവങ്ങളെയും പരിചയപ്പെടുത്തുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. പത്തനംതിട്ടയിൽ യു ഡി എഫിന്‍റെ രാപ്പകൽ സമരം നടക്കുന്ന വേദിയിൽ നിന്നായിരുന്നു അഞ്ചു യുഡിഎഫ് നേതാക്കളുടെ അഞ്ച് ഭാവങ്ങൾ പന്തളം സുധാകരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
'ഇതാണ് യു ഡി എഫ്, അഞ്ച് നേതാക്കൾ അഞ്ച് ഭാവത്തിൽ' എന്നുള്ള ചിത്രമാണ് ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവെച്ചത്. ആന്‍റോ ആന്‍റണി എം.പി, പന്തളം സുധാകരൻ, ജോസഫ് എം പുതുശ്ശേരി, കെ ശിവദാസൻ നായർ എന്നിവർ വ്യത്യസ്ത ഭാവങ്ങളിൽ ഇരിക്കുന്ന ചിത്രമാണ് പന്തളം സുധാകരൻ പങ്കുവെച്ചത്.
എന്നാൽ, ഈ ചിത്രത്തിനു ലഭിച്ച ഒരു കമന്‍റ് ആയിരുന്നു ഏറ്റവും രസകരം. "അഞ്ച് നേതാക്കൾ 5 ഭാവത്തിൽ പോയാൽ എങ്ങനെ UDF ആകും.ഒരേ ഭാവത്തിൽ പോയെങ്കിലല്ലേ ഐക്യമുന്നണി ആകൂ നേതാവേ." - എന്നായിരുന്നു ആ കമന്‍റ്.
പ്രളയാനന്തര പുനരധിവാസ പ്രവർത്തനത്തിൽ സർക്കാരിന്‍റെ പരാജയം ചൂണ്ടിക്കാട്ടിയും പി.എസ്.സി. യുടെ വിശ്വാസ്യത തകർത്ത പി.എസ്.സി. ചെയർമാൻ രാജിവെയ്ക്കണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫിന്‍റെ രാപ്പകൽ സമരം നടക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 09.30ന് പത്തനംതിട്ട കളക്‌ടറേറ്റിനു മുന്നിൽ ആരംഭിച്ച സമരം ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക് അവസാനിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anto Antony, Udf