• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാനൂർ മൻസൂർ കൊലപാതകം: ഒരാൾ കൂടി പിടിയിൽ; മുഖ്യ സൂത്രധാരനെന്ന് സൂചന

പാനൂർ മൻസൂർ കൊലപാതകം: ഒരാൾ കൂടി പിടിയിൽ; മുഖ്യ സൂത്രധാരനെന്ന് സൂചന

കൊലപാതകത്തിലെ പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്

മൻസൂർ

മൻസൂർ

  • Share this:
    കണ്ണൂർ: പാനൂരിലെ മുസ്ലീംലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ. മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലടുത്തത്. പത്ത് മണിക്ക് കൂടുതൽ വിവരങ്ങൾ പുറത്തുവിടും. കൊലപാതകത്തിലെ പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്നാണ് എഫ്ഐആറിലെ വിവരം. സി പി എം ലോക്കല്‍ കമ്മിറ്റി അംഗം ജാബിർ, DYFI മേഖല ട്രഷറര്‍ ഷുഹൈൽ എന്നിവർ പ്രതിപ്പട്ടികയിലുണ്ട്. എഫ് ഐ ആറിന്റെ പകര്‍പ്പ് ന്യൂസ് 18 ന് ലഭിച്ചു.

    അതേസമയം മന്‍സൂറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റാരോപിതനായ കൊച്ചിയങ്ങാടി സ്വദേശിയുമായ രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതക്കത്തിനു ശേഷം രതീഷ് ഒളിവിലായിരുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. മന്‍സൂര്‍ വധക്കേസില്‍ രണ്ടാമത്തെ പ്രതിയാണ് രതീഷ്.

    കോഴിക്കോട് ചെക്യാടിന് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം രതീഷിന്റെ വീട്ടില്‍ എത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ രതീഷിന് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.

    Also Read-പാനൂര്‍ മന്‍സൂര്‍ വധക്കേസ്; പ്രതിപട്ടികയില്‍ സി പി എം പ്രാദേശിക നേതാക്കളും

    പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. നിലവിലെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. പ്രതികൾക്കെതിരെ എന്തുകൊണ്ട് യുഎപിഎ വകുപ്പ് ചുമത്തുന്നില്ലെന്നും കഴിഞ്ഞ ദിവസം കെ സുധാകരൻ പറഞ്ഞിരുന്നു. ഷുഹൈബ് വധത്തില്‍ പങ്കുള്ള ആകാശ് തില്ലങ്കേരിക്ക് മന്‍സൂര്‍ കൊലപാതകത്തിലും പങ്കുണ്ട്. ആകാശിന്റെ സാന്നിധ്യത്തില്‍ തെളിവായി സാക്ഷിയെ ഹാജരാക്കാമെന്നും സുധാകരൻ പറഞ്ഞിരുന്നു.

    Also Read-'പാനൂർ കൊലക്കേസിൽ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ട്; യുഎപിഎ ചുമത്തണം': കെ. സുധാകരന്‍

    പാനൂർ മന്‍സൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘത്തിൽ അവിശ്വാസം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘം രൂപീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മന്‍സൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

    എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെയെങ്കിലും നേതൃത്വത്തില്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇക്കാര്യത്തില്‍ ആലോചിച്ച് നാളെ തീരുമാനം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    നേരത്തേ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിനോസിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഷിനോസാണ് ഒന്നാം പ്രതി. ഷിനോസിന്‍റെ മൊബൈല്‍ ഫോണില്‍ നിന്നും അന്വേഷണ സംഘത്തിന് പ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസിനെ സഹായിക്കും വിധത്തിലുള്ള നിര്‍ണായക തെളിവുകള്‍ക്കായി മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കണം. അതിനായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുചക്ര വാഹനങ്ങളും കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട്, മന്‍സൂറിന്‍റെ ബന്ധുക്കളില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്തി.
    Published by:Naseeba TC
    First published: