തട്ടിയെടുത്തവര്‍ക്ക് അത് വെറുമൊരു ഫോണ്‍ മാത്രമായിരിക്കും. എന്നാല്‍ ഈ വൃദ്ധദമ്പതികള്‍ക്ക് അങ്ങനെയല്ല. എപ്പോഴും കാണാനായി സൂക്ഷിച്ച് വെച്ച മകളുടെ ചിത്രങ്ങള്‍, വീഡിയോകള്‍ അങ്ങനെ ഈ മാതാപിതാക്കള്‍ക്ക് നഷ്ടപ്പെട്ടതൊന്നും വിലമതിക്കാനാവാത്തതാണ്.
ഒരാഴ്ചമുന്‍പാണ് ബൈക്കിലെത്തിയ സംഘം തിരുവനന്തപുരം ഇലിപ്പോടുള്ള മാധവന് പോറ്റിയുടെ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മാധവന് പോറ്റിയും മകളും സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട് മകള്‍ മരിക്കുന്നത്. മനോരമ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അന്ന് മുതല്‍ മനസ് തകര്‍ന്ന മാതാപിതാക്കള്‍ വിദേശത്തുള്ള മക്കളെ കാണുന്നതും വിളിക്കുന്നതുമെല്ലാം നഷ്ടമായ ഫോണിലൂടെയായിരുന്നു. ബൈക്കില്‍ എതിരെയെത്തിയ രണ്ട് പേരാണ് പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് കടന്നുകളഞ്ഞത്. മോഷണം നടന്നയുടന്‍ തടയാനോ പ്രതിരോധിക്കാനോ കഴിഞ്ഞില്ല.സമീപത്ത് നിന്ന് സിസിടിവി ദൃശ്യങ്ങളൊന്നും ലഭിക്കാത്തതും ഫോണ്‍ കണ്ടെത്തുന്നതിന് വെല്ലുവിളിയാണ്. ഫോണ്‍ തിരികെ നല്കിയില്ലെങ്കിലും മകളുടെ ചിത്രങ്ങള്‍ മാത്രമെങ്കിലും തിരിച്ച് നല്‍കണമെന്നാണ് ഈ ദമ്പതികളുടെ അപേക്ഷ
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.