നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • എ കെ ശശീന്ദ്രനെ കുടുക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ഗൂഢാലോചന നടത്തി; പരാതിക്കാരിയുടെ അച്ഛന്‍ ഉള്‍പ്പെടെ ആറു പേരെ സസ്‌പെന്‍ഡ് ചെയ്തു

    എ കെ ശശീന്ദ്രനെ കുടുക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ഗൂഢാലോചന നടത്തി; പരാതിക്കാരിയുടെ അച്ഛന്‍ ഉള്‍പ്പെടെ ആറു പേരെ സസ്‌പെന്‍ഡ് ചെയ്തു

    സംസ്ഥാന ജനറൽ സെക്രട്ടറി മാത്യുസ് ജോർജ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആറ് നേതാക്കളെ എൻസിപി സസ്പെൻഡ് ചെയ്തു.

    മന്ത്രി എ.കെ ശശീന്ദ്രൻ

    മന്ത്രി എ.കെ ശശീന്ദ്രൻ

    • Share this:
    തിരുവനന്തപുരം: മന്ത്രി എ .കെ. ശശീന്ദ്രൻ ഉൾപ്പെട്ട  ഫോൺ വിവാദത്തിൽ പാർട്ടിതല ഗൂഢാലോചനയുണ്ടായെന്ന ആരോപണം ശരിവച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന് സംസ്ഥാന ഭാരവാഹി യോഗത്തിൻ്റെ അംഗീകാരം.  എ. കെ ശശീന്ദ്രനെ  കുടുക്കാൻ പാർട്ടി നേതാക്കൾ തന്നെ ഗൂഢാലോചന നടത്തി എന്നാണ് കണ്ടെത്തൽ. ഗൂഢാലോചനയുടെ കാരണം  കണ്ടെത്താൻ കൂടുതൽ അന്വേഷണത്തിനും തീരുമാനമുണ്ട്.  സംസ്ഥാന ജനറൽ സെക്രട്ടറി മാത്യുസ് ജോർജ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആറ് നേതാക്കളെ എൻസിപി സസ്പെൻഡ് ചെയ്തു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. പരാതിക്കാരിയുടെ പിതാവ് ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് സസ്പെൻഷൻ.

    പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ പ്രതികളായ എൻസിപി സംസ്ഥാന നിർവാഹകസമിതി അംഗം പത്മാകരൻ, ട്രേഡ് യൂണിയൻ നേതാവ് രാജീവ് എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്ക് പുറമേ കുണ്ടറ നിയോജക മണ്ഡലം പ്രസിഡൻ്റ് ബെനഡിക്റ്റ്, സംസ്ഥാന സമിതി അംഗം പ്രദീപ്, എൻസിപി മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറ് ഹണി വിറ്റോ, എൻ വൈ സി കൊല്ലം ജില്ലാ പ്രസിഡൻറ് ബിജു എന്നിവരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്.

    മന്ത്രിയുടെ ഫോൺ റെക്കോർഡ് ചെയ്തതും അതു പത്രമാധ്യമങ്ങളിലൂടെ  പ്രചരിപ്പിച്ചതും ബെനഡിക്ട് ആണെന്ന് അന്വേഷണ സമിതി കണ്ടെത്തി. കൂടാതെ ബെനഡിക്ട് നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. സംസ്ഥാന സമിതി അംഗമായ പ്രദീപ് മന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളാണ്.  ആ ബന്ധം ഉപയോഗിച്ച് മന്ത്രിയെ കൊണ്ട് ഫോൺ ചെയ്യിപ്പിച്ചത് പ്രദീപിൻ്റെ ഗൂഢാലോചനയാണ് എന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. മഹിളാ നേതാവ് ഹണി വിറ്റോ ഫോൺ സന്ദേശം സാമൂഹ്യമാധ്യമങ്ങളുടെ പ്രചരിപ്പിച്ചു. യുവജന വിഭാഗം നേതാവ് ബിജുവിനെതിരേയും ഇതേ കുറ്റമാണ്  എൻസിപി ആരോപിക്കുന്നത്.

    Also Read-മരംമുറി ഉത്തരവിറക്കാന്‍ നിയമോപദേശം തേടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല; റവന്യൂ മന്ത്രി കെ രാജന്‍

    മന്ത്രിയെ കുടുക്കാൻ ഇവരെ പ്രേരിപ്പിച്ച ഘടകം എന്തെന്ന് കൂടുതൽ അന്വേഷണത്തിലൂടെയേ വെളിപ്പെടുകയുള്ളൂ എന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ പറഞ്ഞു. മന്ത്രി എ .കെ. ശശീന്ദ്രന് ക്ലീൻചിറ്റ് നൽകിയെങ്കിലും അദ്ദേഹം കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമായിരുന്നുവെന്ന് സംസ്ഥാന ഭാരവാഹി യോഗത്തിൽ അഭിപ്രായമുയർന്നു. ശശീന്ദ്രൻ എൻ സി പി യുടെ മുതിർന്ന നേതാവാണ്.  ഇത്തരം കാര്യങ്ങളിൽ ഇടപെടരുത് എന്ന് പറയാൻ കഴിയില്ല. പക്ഷേ ഇടപെടുമ്പോൾ ജാഗ്രത ഉണ്ടാകണമെന്ന് എന്ന് പി സി ചാക്കോ അഭിപ്രായപ്പെട്ടു. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ  മന്ത്രിക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാനും ഭാരവാഹി യോഗത്തിൽ തീരുമാനമായി.

    ജില്ലാ നേതാക്കൾ നേരിട്ട് മന്ത്രിയോട് പ്രൊമോഷൻ ,ട്രാൻസ്ഫർ തുടങ്ങിയ കാര്യങ്ങളും നിവേദനങ്ങളും  ഇനി സംസാരിക്കാൻ പാടില്ല. സംസ്ഥാന കമ്മിറ്റി ഓഫീസിൽ കാര്യങ്ങൾ അറിയിക്കുകയും സംസ്ഥാന നേതൃത്വം മാത്രം ഇത്തരം കാര്യങ്ങളിൽ മന്ത്രിയുമായി ചർച്ച നടത്തുകയും വേണമെന്നാണ് തീരുമാനം. ശശീന്ദ്രൻ തെറ്റു ചെയ്തിട്ടില്ലെന്നും അതിനാൽ രാജിവയ്ക്കേണ്ട കാര്യമില്ലെന്നും പി.സി.ചാക്കോ പറഞ്ഞു.
    പാർട്ടി പ്രവർത്തനത്തിന് പത്തിന കർമ പരിപാടിക്കും  ഭാരവാഹി യോഗം രൂപം നൽകി. 140 നിയോജക മണ്ഡലങ്ങളിലും പാർട്ടി ഓഫീസുകൾ തുറക്കും.  14 ജില്ലാ ഓഫീസുകളും നവീകരിച്ച് ആധുനികവത്കരിക്കാനും തീരുമാനമുണ്ട്.

    Also Read-ഐ എൻ എൽ തമ്മിലടിയിൽ എറണാകുളം ജില്ലാ കമ്മിറ്റിയിൽ അച്ചടക്ക നടപടി, രണ്ടു പേരെ ആറ് മാസത്തേക്ക് പുറത്താക്കി; പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തു

    സംഘടനാ പ്രവർത്തകർക്ക് പെരുമാറ്റച്ചട്ടം കൊണ്ടു വരും. നിയോജക മണ്ഡലം - ജില്ലാ - നേതാക്കൾക്ക് പരിശീലന - നേതൃത്വ ക്യാംപുകളും സംസ്ഥാന നേതാക്കൾക്കായി ഏകദിന പരിശീലന ക്യാംപും സംഘടിപ്പിക്കും.  ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ ഇനി പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല.  പാർട്ടി അംഗത്വത്തിനായി വലിയ തോതിലുള്ള ആവശ്യം പരിഗണിച്ച് , ഡിജിറ്റൽ മെമ്പർഷിപ്പ് സംവിധാനം ഉടൻ കൊണ്ടുവരും. മിസ്ഡ് കാൾ അംഗത്വത്തിനാണ് തീരുമാനം.  സ്ത്രീധനം വാങ്ങുന്നവർക്കും കൊടുക്കുന്നവർക്കും പാർട്ടി അംഗത്വം നൽകേണ്ടെന്നും തീരുമാനമുണ്ട്.
    Published by:Jayesh Krishnan
    First published:
    )}