'യു.എ.പി.എ.യോട് ജനാധിപത്യ കാഴ്ചപ്പാട്'; സി.പി.എമ്മിന്റേത് വൈരുദ്ധ്യം നിറഞ്ഞ നിലപാട്

Party members confused over CPM's approach towards UAPA | അണികളിലും നേതാക്കളിലും ആശയക്കുഴപ്പം

news18-malayalam
Updated: November 9, 2019, 9:54 AM IST
'യു.എ.പി.എ.യോട് ജനാധിപത്യ കാഴ്ചപ്പാട്'; സി.പി.എമ്മിന്റേത് വൈരുദ്ധ്യം നിറഞ്ഞ നിലപാട്
പിണറായി വിജയൻ, സീതാറാം യെച്ചൂരി
  • Share this:
തിരുവനന്തപുരം: യു.എ.പി.എ. നിയമത്തോടുള്ള സി.പി.എം. സമീപനത്തില്‍ അവ്യക്തത. യു.എ.പി.എ. ഫെഡറല്‍ കാഴ്ചപ്പാടുകള്‍ക്ക് എതിരെന്നു പറയുന്ന പാര്‍ട്ടി തന്നെ ജനാധിപത്യ കാഴ്ചപ്പാടോടെ നിയമത്തെ സമീപിക്കുമെന്നും പറയുന്നു. ഈ വൈരുദ്ധ്യമാണ് അണികളേയും നേതാക്കളേയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുന്നത്.

ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറുപ്പിലാണ് യു.എ.പി.എ.യോടുള്ള സി.പി.എമ്മിന്റെ നയസമീപനത്തിലെ മാറ്റം വ്യക്തമാകുന്നത്. ഇത്രയും നാള്‍ കരിനിയമമെന്നാണ് സി.പി.എം. യു.എ.പി.എ.യെ വിശേഷിപ്പിച്ചത്. ഇപ്പോഴും പരസ്യമായി യു.എ.പി.എ.യെ പാര്‍ട്ടി തള്ളിപ്പറയുന്നു. ആര്‍ക്കെതിരേയും യുഎപിഎ ചുമത്തരുതെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടി പന്തീരാങ്കാവ് സംഭവത്തില്‍ യു.എ.പി.എ. ചുമത്തരുതെന്ന് ആവശ്യപ്പെടുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം.

മറിച്ച്, സിപിഎം പറയുന്നത് ഇപ്രകാരമാണ്.' യഥാര്‍ഥത്തില്‍ ഈ നിയമം ഫെഡറല്‍ കാഴ്ചപ്പാടുകള്‍ക്ക് എതിരാണ്. ഈ പരിമിതിക്കകത്തു നിന്നു ജനാധിപത്യ കാഴ്ചപ്പാടോടെ നിയമത്തെ സമീപിക്കാനാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. പന്തീരാങ്കാവ് സംഭവത്തിലും സത്യസന്ധമായി അന്വേഷണം നടത്തി യു.എ.പി.എ. ദുരുപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.' യു.എ.പി.എ.യോടുള്ള സി.പി.എം. ലൈനിന് കടകവിരുദ്ധമാണ് ഈ നിലപാടെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ജനാധിപത്യവിരുദ്ധമായി സി.പി.എം. കാണുന്ന ഒരു നിയമം അതേ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാര്‍ എങ്ങനെ ജനാധിപത്യപരമായി നടപ്പാക്കും എന്ന ചോദ്യമാണ് ഉയരുന്നത്.

പാര്‍ട്ടി അംഗങ്ങള്‍ക്കെതിരേ യു.എ.പി.എ. ചുമത്തിയതു മുതല്‍ സി.പി.എം. പ്രതിരോധത്തിലാണ്. നവംബര്‍ മൂന്നിന് കേസ് സംബന്ധിച്ച വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പ് പുറത്തുവന്നു. യുവാക്കള്‍ക്കെതിരേ യു.എ.പി.എ. ചുമത്തരുതെന്നതാണ് പാര്‍ട്ടി നിലപാട്. എല്‍.ഡി.എഫ്. ഭരണത്തില്‍ ഒരു നിരപരാധിക്കും നേരേ യു.എ.പി.എ. ചുമത്തുമെന്ന് കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

പന്തീരാങ്കാവ് സംഭവത്തില്‍ യു.എ.പി.എ. പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു സി.പി.എം. സെക്രട്ടേറിയറ്റ്. ആ നയസമീപനമാണ് ഇന്നലെ സി.പി.എം. തിരുത്തിയത്. പൊലീസിനെ പൂർണ്ണമായി തള്ളാന്‍ മുഖ്യമന്ത്രി തയാറാകാത്തപ്പോഴും പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും കേന്ദ്രനേതൃത്വത്തിലെ പ്രമുഖരും പൊലീസ് നടപടിയെ പരസ്യമായി തള്ളി രംഗത്തെത്തിയിരുന്നു. കേസ് പിന്‍വലിക്കണമെന്നു ഒളിഞ്ഞും തെളിഞ്ഞും ആവശ്യപ്പെട്ടു.

എന്നാല്‍ പൊലീസിനെയും അവരുടെ പക്കലുള്ള തെളിവുകളേയും വിശ്വസിച്ചേ മതിയാകൂ എന്ന നിലപാടിലാണ് ആദ്യഘട്ടം മുതല്‍ മുഖ്യമന്ത്രി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും ഈ അഭിപ്രായത്തില്‍ പിണറായി വിജയന്‍ ഉറച്ചു നിന്നു. യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടു കൂടിയായപ്പോള്‍ മുഖ്യമന്ത്രിയുടെ വാദമുഖങ്ങള്‍ക്ക് ബലം കൂടി. ഇതോടെ യു.എ.പി.എ. വിഷയത്തില്‍ ഭിന്നാഭിപ്രായമുള്ള നേതാക്കള്‍ പോലും പിന്‍വലിഞ്ഞു. മുഖ്യമന്ത്രിയേയും അതുവഴി കേരളത്തിലെ പൊലീസിനേയും വിശ്വാസത്തിലെടുക്കാന്‍ സി.പി.എം. നേതൃത്വം തയാറായി. മുഖ്യമന്ത്രി തെളിച്ച വഴിയേ മുന്നോട്ടു പോകാന്‍ സെക്രട്ടേറിയറ്റും തീരുമാനിച്ചു.

നേതാക്കള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകരെ ഇത് എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. പ്രത്യേകിച്ചും കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തകരെ. പൊതുസമൂഹത്തിനു മുന്നിലും വലിയ ആശയക്കുഴപ്പമുണ്ടെന്നു പാര്‍ട്ടി തിരിച്ചറിയുന്നു. ഇതു മാറ്റാനാണ് യു.എ.പി.എ. വിഷയത്തില്‍ രാഷ്ട്രീയ പ്രചരണത്തിന് സി.പി.എം. തയാറെടുക്കുന്നത്. ഇത് എത്രത്തോളം ഫലം കാണുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ എതിര്‍പ്പും മറികടക്കേണ്ടതുണ്ട്.

യു.എ.പി.എ. ചുമത്തിയ പൊലീസ് നടപടിയെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി. അംഗം പ്രകാശ് കാരാട്ടും പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. അടുത്തയാഴ്ച നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ഇക്കാര്യത്തില്‍ വിശദ ചര്‍ച്ച നടക്കാനും ഇടയുണ്ട്. യു.എ.പി.എ. ചുമത്തിയ പൊലീസ് നടപടി കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിലും സി.പി.എമ്മിനു തിരിച്ചടിയാകുമെന്നാണ് ആശങ്ക. കേരളത്തിലാകട്ടേ സി.പി.ഐ.യുടെ കടുത്ത എതിര്‍പ്പിനെ മറികടക്കേണ്ടതും അനിവാര്യമാണ്.

മാവോയിസ്റ്റ് വേട്ടയില്‍ തുടങ്ങിയ പരസ്യ വിമര്‍ശനം യു.എ.പി.യിലെത്തിയതോടെ സി.പി.ഐ. കടുപ്പിച്ചു. മോദി ഭരത്തെ ഉപമിച്ചുള്ള കടുത്ത പരാമര്‍ശത്തിനു പോലും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തയാറായി. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനത്തെ ചൊല്ലിയുള്ള മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയുടെ അതൃപ്തി മറികടക്കുക എന്ന വലിയ വെല്ലുവിളിയാണ് സി.പി.എം. നേതൃത്വത്തിനു മുന്നിലുള്ളത്.

First published: November 9, 2019, 9:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading