കൊല്ലം: സമയം തിങ്കളാഴ്ച വൈകുന്നേരം 5.15 ആയി കാണും. നാഗർകോവിൽനിന്ന് കോട്ടയത്തേക്ക് പോകുന്ന പാസഞ്ചർ ട്രെയിൻ മയ്യനാട് സ്റ്റേഷൻ പിന്നിട്ടു. അടുത്ത സ്റ്റേഷനായ ഇരവിപുരത്തിന് തൊട്ടുമുമ്പുള്ള കൂട്ടിക്കട റെയിൽവേ ഗേറ്റിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് കണ്ട് ലോക്കോ പൈലറ്റ് പെട്ടെന്ന് ട്രെയിൻ നിർത്തി. ഇരമ്പിയെത്തിയ ട്രെയിൻ വൻ ശബ്ദത്തോടെ നിന്നു. ഗേറ്റിന് 100 മീറ്റർ ഇപ്പുറമാണ് ട്രെയിൻ നിന്നത്. അപ്പോഴും വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടുകയും ചെയ്തു.
ലോക്കോ പൈലറ്റ് ട്രെയിനിൽനിന്ന് ഇറങ്ങിവന്നു വിശദീകരണം തേടി. ട്രെയിൻ വരുന്നതിനെക്കുറിച്ച് തനിക്ക് ഒരുവിവരവും ലഭിച്ചില്ലെന്നായിരുന്നു ഗേറ്റ് കീപ്പറുടെ മറുപടി. പീന്നീട് ഗേറ്റ് അടച്ചശേഷം ട്രെയിൻ കടന്നുപോകുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ റെയിൽവേ അധികൃതർ തയ്യാറായിട്ടില്ല. എന്നാൽ വീഴ്ചയുണ്ടായെന്ന് റെയിൽവേ ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് റെയിൽവേ അന്വേഷണം നടത്തുമെന്നാണ് സൂചന.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.