പത്തനംതിട്ട: കടുവയുടെ ആക്രമണമുണ്ടായ കോന്നി തണ്ണിത്തോട് പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒന്നാം വാര്‍ഡ് അഞ്ചുകുഴി, രണ്ടാം വാര്‍ഡ് പഞ്ചായത്തുപടി എന്നീ പ്രദേശങ്ങളിലാണ് ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഇന്നു മുതൽ മെയ് 15 അർധരാത്രിവരെയാണ് നിരോധനാജ്ഞ. തണ്ണിത്തോട് മേടപ്പാറ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ സി ഡിവിഷന് തോട്ടത്തിനകത്ത് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ ബിനീഷ് മാത്യു എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കടുവ യുവാവിനെ ആക്രമിച്ച് കൊന്ന സ്ഥലത്ത് വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ചു.
നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുകയോ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാനോ പാടില്ലെന്ന് കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഉത്തരവ് ജനങ്ങളെ അറിയിക്കുന്നതിനായി മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നതിന് തണ്ണിത്തോട് എസ്എച്ച്ഒ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
പ്രദേശത്ത് ജനം തടിച്ചുകൂടുന്നത് ക്രമ സമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും നിരോധനാജ്ഞ പുറപ്പെടുവിക്കുന്നത് ഉചിതമാണെന്നും അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്കി.
ഈ സ്ഥലം ജനവാസ മേഖലയോട് ചേര്‍ന്ന് ആയതിനാല്‍ വീണ്ടും കടുവയുടെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് റാന്നി ഡിഎഫ്ഒ റിപ്പോര്‍ട്ട് നല്കി. കടുത്ത ജാഗ്രത ആവശ്യമാണെന്നും കടുവ മനുഷ്യവാസ മേഖലയില്‍ ഇറങ്ങുന്ന സന്ദര്‍ഭങ്ങളില്‍ പ്രദേശത്ത് 144 പ്രഖ്യാപിക്കണമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശമുണ്ടെന്നും, ജനങ്ങള്‍ പുറത്തിറങ്ങി സംഘം ചേരുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നതും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുമെന്നും റാന്നി ഡിഎഫ്ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരമാണ് ജില്ലാകളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
സർവ്വകക്ഷിയോഗം ചേർന്നു
തണ്ണിത്തോട് മേടപ്പാറയില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടുന്നതിന് ആവശ്യമായ നടപടികള്‍ നിശ്ചയിക്കുന്നതിന് സര്‍വകക്ഷി യോഗം ചേര്‍ന്നു. കടുവയുടെ ആക്രമണത്തിനിരയായി യുവാവ് കൊല്ലപ്പെട്ട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വനം വകുപ്പ് മന്ത്രി അഡ്വ.കെ രാജുവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച്ച സര്‍വകക്ഷി യോഗം ചേര്‍ന്നത്. ആന്റോ ആന്റണി എംപി, അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ തണ്ണിത്തോട് പഞ്ചായത്ത് ഓഫീസില്‍ നടന്ന യോഗത്തില്‍ കടുവയെ വെടിവച്ച് കൊല്ലണം എന്ന ആവശ്യം ഉയര്‍ന്നു. നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കടുവ യുവാവിനെ ആക്രമിച്ച് കൊന്ന സ്ഥലത്ത് വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ചു. പ്രദേശത്തെ ജനവാസ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനും ജാഗ്രതാ നിര്‍ദേശങ്ങള്‍ അനൗണ്‍സ്മെന്റ് നടത്തി ബോധവത്കരിക്കുന്നതിനും തീരുമാനമായി.
ഡ്രോണ്‍ നിരീക്ഷണം ശക്തിപ്പെടുത്തി കടുവയ്ക്കായി തെരച്ചില്‍ ശക്തിപ്പെടുത്തും. സായുധരായ പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംയുക്തമായി സുരക്ഷ ശക്തമാക്കുന്നതിനും സര്‍വകക്ഷി യോഗം തീരുമാനിച്ചു. വനം വകുപ്പിന്റേയും പൊലീസിന്റേയും സമയോചിത ഇടപെടല്‍ ജനവാസ മേഖലയിലെ പരിഭ്രാന്തിയിലായ ആളുകള്‍ക്ക് വലിയ ആശ്വാസമേകിയെന്ന് അഡ്വ കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സായുധരായ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് അടൂര്‍ ഡി വൈ എസ് പി ജവഹര്‍ ജനാര്‍ദ്ദ് പറഞ്ഞു.
കടുവയെ കാണപ്പെട്ട സ്ഥലത്തിന്റെ സമീപ വാര്‍ഡുകളിലെ പഞ്ചായത്തംഗങ്ങളെ ഉള്‍പ്പെടുത്തി ഇതുവരെ ഉണ്ടായിട്ടുള്ള സംഭവങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കും. കടുവ ഇറങ്ങിയതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കേസ് എടുക്കുന്നതിനും കണ്ട്രോള് റും തുറക്കുന്നതിനും സര്‍വകക്ഷി യോഗം തീരുമാനിച്ചു.
TRENDING:മദ്യം വാങ്ങാൻ ഓൺലൈൻ ആപ്പ്; സാധ്യതകൾ പരിശോധിക്കാൻ എക്സൈസ് വകുപ്പ് [NEWS]ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിനാക്കുന്നതാണ് ഉചിതം: കെ.എസ് ശബരിനാഥൻ MLA [NEWS]നെയ്മറിന് ഫുട്ബോൾ മാത്രമല്ല അഭിനയവും അറിയാം; മണി ഹീസ്റ്റിൽ നെയ്മറിനെ കണ്ടിട്ട് മനസിലാകാത്തവരുണ്ടോ ? [NEWS]
തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, ബ്ലോക്ക് പഞ്ചായത്തംഗം പി ആര് രാമചന്ദ്രന്‍പിള്ള കോന്നി തഹല്‍സീദാര്‍ ശ്രീകുമാര്‍, അടൂര്‍ ഡി വൈ എസ് പി ജവഹര്‍ ജനാര്‍ദ്, ഫ്ളൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ബൈജു കൃഷ്ണന്,റാന്നി ഡിഎഫ്ഒ എം. ഉണ്ണികൃഷ്ണന്, വടശേരിക്കര റേഞ്ച് ഓഫീസര്‍ ബി. വേണുകുമാര്‍, റാന്നി റേഞ്ച് ഓഫീസര്‍ ആര്. അധീഷ്, റാന്നി ആര് ആര് റ്റി ഡെപ്യൂട്ടി ലിതേഷ് മാത്യു, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗിരി, തണ്ണിത്തോട് പൊലീസ് സി ഐ അബ്ദുള്‍റഹ്മാന്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍, സി പി ഐ എം പെരുനാട് ഏരിയ കമ്മറ്റി അംഗം പ്രവീണ്‍ പ്രസാദ്, സിപിഐ സംസ്ഥാന കൗണ്‍സിലംഗം പി ആര് ഗോപിനാഥന്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.