തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കഥാകാരൻ മീനച്ചിൽ ഉരുളികുന്നത്തുകാരൻ സക്കറിയയെ തേടി സംസ്ഥാന സർക്കാരിന്റെ സമുന്നത സാഹിത്യ പുരസ്ക്കാരം 2020ലെ എഴുത്തച്ഛൻ പുരസ്ക്കാരം കഥാകൃത്ത് പോൾ സക്കറിയയ്ക്ക്. മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ചാണ് പുരസ്ക്കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം.
എഴുത്തച്ഛൻ പുരസ്ക്കാരം സക്കറിയയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. പുരസ്ക്കാരദാന ചടങ്ങിന്റെ തീയതി പിന്നീട് അറിയിക്കും. 2019ലെ എഴുത്തച്ഛൻ പുരസ്ക്കാരം നോവലിസ്റ്റ് ആനന്ദിനാണ് ലഭിച്ചത്.
മലയാളത്തിൽ ഏറെ ശ്രദ്ധേയനായ എഴുത്തുകാരിൽ ഒരാളാണ് സക്കറിയ. ലോകനിലവാരത്തിലുള്ള കഥകളിലൂടെ വായനക്കാരുടെ മനസിൽ പ്രതിഷ്ഠ നേടിയ കഥാകാരനാണ് സക്കറിയ. വേറിട്ട അനുഭവങ്ങളും ശ്രദ്ധിക്കപ്പെടുന്ന കഥാഖ്യാനശൈലിയുമാണ് സക്കറിയയുടേത്.
സക്കറിയ എഴുതിയ കഥകളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്.
1945 ജൂൺ അഞ്ചിന് മീനച്ചിൽ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത് മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായാണ് സക്കറിയയുടെ ജനനം. ഉരുളികുന്നം, കുരുവിക്കൂട് കവലയിലെ എസ്.ഡി.എൽ.പി. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്കൂൾ വിദ്യാഭ്യാസം വിളക്കുമാടം സെന്റ് ജോസഫ് സ്കൂളിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂർ എം ഇ എസ് കോളജിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലും അധ്യാപകനായിരുന്നു.
സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് വിധേയൻ (1993). ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പുസ്തകശേഖരത്തിൽ സകറിയയുടെ പതിമൂന്ന് കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സലാം അമേരിക്ക(1988), ഒരിടത്ത്, ആർക്കറിയാം (1988), ഒരു നസ്രാണിയുവാവും ഗൌളി ശാസ്ത്രവും, ഭാസ്കരപട്ടേലരും എന്റെ ജീവിതവും(1988), എന്തുണ്ടു വിശേഷം പീലാത്തോസേ?(1996), കണ്ണാടികാണ്മോളവും(2000), സക്കറിയയുടെ കഥകൾ(2002), പ്രെയ്സ് ദ ലോർഡ്, ബുദ്ധിജീവികളെക്കൊണ്ട് എന്ത് പ്രയോജനം ?, ഇഷ്ടികയും ആശാരിയും, ഇതാണെന്റെ പേര് തുടങ്ങിയവയാണ് സക്കറിയയുടെ ശ്രദ്ധേയമായ കൃതികൾ.
കേരള സാഹിത്യ അക്കാഡമി അവാർഡ് (ഒരിടത്ത്)1979, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (സഖറിയയുടെ ചെറുകഥകൾ), 2004, ഒ.വി. വിജയൻ പുരസ്കാരം (അൽഫോൻസാമ്മയുടെ മരണവും ശവസംസ്കാരവും) 2012, കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം - 2013 തുടങ്ങിയവയാണ് ഇതിന് മുമ്പ് സക്കറിയയെ തേടിയെത്തിയ പുരസ്ക്കാരങ്ങളും ബഹുമതികളും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.