• HOME
  • »
  • NEWS
  • »
  • kerala
  • »
  • P.C. George | 'ടെക്നോപാർക്ക് ടോറസ് ഡൗൺടൗൺ പദ്ധതിയുടെ പേരിൽ കോടികളുടെ അഴിമതി': ആരോപണവുമായി പി.സി. ജോർജ്

P.C. George | 'ടെക്നോപാർക്ക് ടോറസ് ഡൗൺടൗൺ പദ്ധതിയുടെ പേരിൽ കോടികളുടെ അഴിമതി': ആരോപണവുമായി പി.സി. ജോർജ്

അന്ന് ഐ.ടി.സെക്രട്ടറിയായിരുന്ന ശിവശങ്കറിനും, ഫാരിസ് അബൂബക്കറിനും, വീണ വിജയനും അഴിമതികളിൽ പങ്കുണ്ട് എന്ന് ജോർജ്

പി.സി. ജോർജ്

പി.സി. ജോർജ്

  • Last Updated :
  • Share this:
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.സി. ജോർജ് (P.C. George).  മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനും എതിരെയാണ് പി.സി. ജോർജ് പ്രധാനമായും ആരോപണങ്ങൾ ഉന്നയിച്ചത്. ഫാരീസ് അബൂബക്കറിനും അഴിമതിയിൽ കൃത്യമായ പങ്കുണ്ട് എന്ന് പി.സി. ജോർജ് പറയുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ നടക്കുന്ന സ്വർണ്ണക്കടത്ത് കേസടക്കം ബാംഗ്ലൂരിലേക്ക് മാറ്റിയാൽ ഡൗൺടൗൺ അഴിമതിയിൽ ശക്തമായ തെളിവ് നേരിട്ട് നൽകുമെന്ന് പി.സി. ജോർജ് വ്യക്തമാക്കി.

അമേരിക്കൻ റിയൽ എസ്റ്റേറ്റ് കമ്പനിയായ ടോറസുമായി ചേർന്ന് ടെക്നോപാർക്കിൽ നടപ്പിലാക്കുന്ന ഡൗൺ ടൗൺ പ്രോജക്റ്റിൽ വൻ അഴിമതി അരങ്ങേറി. ഇതുകൂടാതെ ടെക്നോപാർക്കിൽ ബ്രിഗേഡ് ഗ്രൂപ്പ്  ചെന്നൈയ്ക്ക്  പന്ത്രണ്ടേക്കർ ഭൂമിയിൽ വേൾഡ് ട്രേഡ് സെന്റർ സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിച്ചതിലും അഴിമതി നടന്നു. അന്ന് ഐ.ടി.സെക്രട്ടറിയായിരുന്ന ശിവശങ്കറിനും, ഫാരിസ് അബൂബക്കറിനും, വീണ വിജയനും അഴിമതികളിൽ പങ്കുണ്ട് എന്ന് ജോർജ് ആരോപിക്കുന്നു.

ഡൗൺടൗൺ പ്രോജക്ടിൽ പി.സി. ജോർജ് അഴിമതി ആരോപണങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ നിരത്തി. '2014ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ടെക്നോപാർക്കിന്റെ മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി അമേരിക്കൻ കമ്പനിയായ ടോറസ് ഇൻവെസ്റ്റ്മെന്റ് എൽ.എൽ.സിയുമായി ചേർന്ന് 'ടെക്നോപാർക്ക് ഡൗൺടൗൺ' എന്ന പേരിൽ ഒരു പദ്ധതി വിഭാവനം ചെയ്തു.

90 വർഷക്കാലത്തേക്ക് 19.73 ഏക്കർ ഭൂമി ടോറസ് കമ്പനിക്ക് പാട്ടത്തിന് നൽകി. 55 ലക്ഷം സ്ക്വയർഫീറ്റ് കെട്ടിടം നിർമ്മിക്കുന്നതിനും അതിൽ 33 ലക്ഷം സ്ക്വയർ ഫീറ്റ് ഐ.ടി. അനുബന്ധ സ്ഥാപനങ്ങൾക്കും ബാക്കി 22 ലക്ഷം സ്ക്വയർഫീറ്റിൽ ഹോട്ടൽ സമുച്ചയം, പാർപ്പിട സമുച്ചയം, മറ്റ് കൊമേഴ്സ്യൽ ആവശ്യങ്ങൾക്കുമായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.

എന്നാൽ 2015 സെപ്റ്റംബർ 29ന് ഈ പദ്ധതിയിൽ വലിയ നിഗൂഢതകൾ ഉണ്ടെന്നും ഇതിന്റെ കരാറും അനുബന്ധ രേഖകളും പ്രസിദ്ധീകരിക്കണം എന്നും അന്നത്തെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദൻ നിയമസഭയിൽ ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പിന്നീട് ഈ പദ്ധതിയ്ക്കോ, പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾക്കോ പിണറായി അധികാരത്തിൽ വരുന്നതുവരെ യാതൊരനക്കവും ഉണ്ടായില്ല.

2016-ൽ പിണറായി വിജയൻ അധികാരത്തിൽ എത്തുന്നതോടെയാണ് പദ്ധതിക്ക് വേഗത്തിൽ അനുമതി നൽകിയത് എന്ന് ജോർജ് പറയുന്നു. വയലും തണ്ണീർ തടവും ആയിരുന്ന സ്ഥലം ടോറസ് കമ്പനിക്ക് അനുവദിച്ച 19.73 ഏക്കർ ഭൂമി ലാൻഡ് കൺവെർഷനുവേണ്ടി ടെക്നോപാർക്ക് സിഇഒ കൃഷി ഓഫീസർക്ക് കത്ത് നൽകി വെറും 8 ദിവസത്തിനപ്പുറം ലോക്കൽ ലെവൽ മോണിറ്ററിംഗ് കമ്മിറ്റി സ്ഥലം സന്ദർശിച്ച് ഭൂമി വെറ്റ് ലാൻഡ് ആണെന്ന് സ്ഥിരീകരിച്ചു.

തൊട്ടടുത്തദിവസം 5/1/2018ൽ ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റിയുടെ തീരുമാനം സ്റ്റേറ്റ് ലെവൽ മോണിറ്ററിങ് കമ്മിറ്റി ശരിവെച്ചു. അതേ മാസം തന്നെ പതിനാറാം തീയതി അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന പോൾ ആന്റണി ഐ.എ.എസ്. ഈ ഭൂമി ടോറസ് കമ്പനിയ്ക്ക് നൽകുന്നതിനായി റിപ്പോർട്ട് തയ്യാറാക്കുവാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

വെറും രണ്ടു ദിവസത്തിനകം റിപ്പോർട്ട് തയ്യാറാക്കി 18/1/2018-ൽ ജില്ലാ കളക്ടർ കെ. വാസുകി ചീഫ് സെക്രട്ടറിക്ക്  സമർപ്പിച്ചു. അതേമാസം മുപ്പതാം തീയതി ടോറസ് കമ്പനിക്ക് ലാൻഡ് കൺവേർഷൻ നടത്തി സ്ഥലം നൽകുന്നതിനായി  തീരുമാനം എടുത്തു. അതോടൊപ്പം തന്നെ 2.5 ഏക്കർ ഭൂമി കൂടി അധികമായി നൽകി. ഈ വസ്തുവിനെ സംബന്ധിച്ച് 2017 ഡിസംബർ മാസം 26-ആം തീയതി സർക്കാർ തുടങ്ങിയ നടപടികൾ ഭൂമി തരം മാറ്റം ഉൾപ്പെടെ കൃത്യം 35 ദിവസം കൊണ്ട് പൂർത്തീകരിച്ച് ആ കമ്പനിക്ക് കൈമാറതായും ജോർജ് പറയുന്നു.

തട്ടിപ്പ് പിടിക്കാൻ ഇ.ഡി. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് കമ്പനിയുടെ അക്കൗണ്ടുകൾ പരിശോധിക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു. ടോറസ് കമ്പനിയും മറ്റ് മൂന്ന് കമ്പനികളും ചേർന്ന കൺസോർഷ്യമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. Winter fell reality pvt. Ltd, Dorner Reality Pvt. Ltd, Dragon Reality Pvt. Ltd എന്നിവയാണ് ആ കമ്പനികൾ. ഈ കമ്പനികളുടെ ഇൻ കോർപ്പറേഷൻ അഡ്രസ് പരിശോധിച്ചപ്പോൾ ഇത് മൂന്നും പേപ്പർ,ബിനാമി കമ്പനികൾ ആണെന്നാണ് ബോധ്യപ്പെട്ടിട്ടുള്ളത്.

അതിൽ 2015-ൽ രൂപീകരിച്ച Winter Fell Reality Pvt. Ltd എന്ന കമ്പനി ആയിരം കോടിയിലധികം രൂപയാണ് വായ്പ്പയായി കൈപ്പറ്റിയിരിക്കുന്നത്. പ്രത്യേകിച്ച് പ്രവർത്തനം ഒന്നുമില്ലാത്ത കമ്പനിക്ക് എവിടുന്നാണ് ആയിരം കോടിയുടെ ബാങ്ക് വായ്പ ലഭ്യമായത് എന്നും അതെങ്ങനെ ലഭ്യമായെന്നും അന്വേഷണം നടത്തണം എന്നും ജോർജ് ആവശ്യപ്പെട്ടു. അജയ പ്രസാദ്, Erik Reinier Rijan Bout എന്നീ വ്യക്തികൾ ഈ മൂന്ന് കമ്പനികളുടെയും ഡയറക്ടർമാരാണ്.

അജയ് പ്രസാദ് എന്ന വ്യക്തിക്ക്  മേൽപ്പറഞ്ഞ ആരോപണ വിധേയരായ വ്യക്തികളുമായി എന്താണ് ബന്ധം എന്ന് അന്വേഷണവിധേയമാക്കേണ്ടതാണ്. Winter Fell Reality Pvt Ltd എന്ന കമ്പനിയുടെ 51% ഷെയറും കൈവശം വെച്ചിരിക്കുന്നത് ടോറസ് ട്രാവൻകൂർ ഹോൾഡിങ്സ്-2 എന്ന കമ്പനിയാണ്. ഇത് മൗറീഷ്യസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനിയാണ്. മൗറിഷ്യസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനികളിൽ നല്ലൊരു ശതമാനവും ബിനാമി കമ്പനികൾ ആണെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തിയാൽ മുഖ്യമന്ത്രിയും, അദ്ദേഹത്തോട് ചേർന്ന് നിൽക്കുന്ന മേൽപ്പറഞ്ഞ വ്യക്തികളുമായുള്ള ബന്ധം ബോധ്യപ്പെടുമെന്നും ജോർജ് പറയുന്നു.
Published by:user_57
First published: