നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും തന്റെയും കാലം കഴിഞ്ഞു; സുധാകരനും സതീശനും ശരിയായ പോക്കാണ്;ഒരു തവണകൂടി മത്സരിക്കും; പിസി ജോര്‍ജ്

  ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും തന്റെയും കാലം കഴിഞ്ഞു; സുധാകരനും സതീശനും ശരിയായ പോക്കാണ്;ഒരു തവണകൂടി മത്സരിക്കും; പിസി ജോര്‍ജ്

  ജനപക്ഷത്തിന് യുഡിഎഫുമായി ചേരണമെന്ന അഭിപ്രായമാണ് ഉള്ളത് എന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു.

  • Share this:
  കോട്ടയം:കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറി ഉണ്ടാക്കുന്നതിനിടെ ആണ് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയും തള്ളി ജനപക്ഷം നേതാവ് പി സി ജോര്‍ജ് രംഗത്ത് വരുന്നത്. കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കാലം കഴിഞ്ഞു എന്ന് പിസി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ അടുത്തകാലത്ത് ഉണ്ടായിരിക്കുന്ന മാറ്റം ജനാധിപത്യത്തിന് ഗുണമാണ് എന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. കോണ്‍ഗ്രസില്‍ ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇത്രത്തോളം ചര്‍ച്ച ചെയ്ത് കണ്ടിട്ടില്ല എന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. പാരമ്പര്യമുള്ള നേതാക്കളെയാണ് കോണ്‍ഗ്രസ് പ്രസിഡണ്ട് മാരായി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത് എന്നും പി സി ജോര്‍ജ് പറഞ്ഞു.

  ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയും പൂര്‍ണമായും തള്ളിപ്പറയുന്ന പിസി ജോര്‍ജ് പുതിയ നേതൃത്വത്തോട് അടുക്കാനുള്ള ശ്രമം കൂടിയാണ് നടത്തുന്നത്. വിഡി സതീശനും കെ സുധാകരനും നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത് എന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.പല അപാകതകളും സ്വാഭാവികമായി വന്നിട്ടുണ്ടാകും. എന്നാല്‍ യോജിച്ചു പോകുന്ന സ്ഥിതിയാണ് ഉള്ളത് എന്നും ജോര്‍ജ് പറഞ്ഞു.കെസി വേണുഗോപാലിന് പൂര്‍ണ്ണ പിന്തുണ നല്‍കാനും പിസി ജോര്‍ജ് തയ്യാറാകുന്നു. കെ സി വേണുഗോപാല്‍ മികച്ച നേതാവാണ് എന്ന് പിസി ജോര്‍ജ് പറയുന്നു. മലയാളിയായ ഒരാള്‍ ആ പദവിയില്‍ എത്തി നില്‍ക്കുന്നതില്‍ അഭിമാനമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ പലര്‍ക്കും ഈ കാര്യത്തില്‍ അസൂയ ആണ് ഉള്ളത് എന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

  കാലം കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ മാറി നില്‍ക്കുകയാണ് വേണ്ടത് എന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. തന്റെ കാലവും കഴിഞ്ഞു. അടുത്ത ഒരുതവണകൂടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനുശേഷം ഒരു പദവികളിലും ഉണ്ടാകില്ല. എന്നാല്‍ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായി ഉണ്ടാകുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ഇപ്പോള്‍ തോറ്റു നില്‍ക്കുന്ന സാഹചര്യത്തിലാണ് അടുത്ത തവണ വീണ്ടും മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നത്. ജയിച്ചു നില്‍ക്കുമ്പോള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ആണ് ആഗ്രഹിക്കുന്നത് എന്നും ജോര്‍ജ് പറയുന്നു. പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല എന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ ജനങ്ങള്‍ വിലയിരുത്തല്‍ നടത്തട്ടെ എന്നും പിസി ജോര്‍ജ് പറയുന്നു.

  വീണ്ടും യുഡിഎഫ് ക്യാമ്പുമായി അടുക്കാനുള്ള ശ്രമം കൂടിയാണ് പിസി ജോര്‍ജ് നടത്തുന്നത്. ജനപക്ഷത്തിന് യുഡിഎഫുമായി ചേരണമെന്ന അഭിപ്രായമാണ് ഉള്ളത് എന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു. വൈകാതെ ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. പിണറായി സര്‍ക്കാരിന് പരമാവധി ഒരു വര്‍ഷം കൂടി മാത്രമാണ് ആയുസ്സ് ഉണ്ടാവുക. ആരും കാണാത്ത രീതിയിലുള്ള പ്രതിസന്ധികള്‍ ഇടതുമുന്നണിയില്‍ ഉണ്ട് എന്നും പി സി ജോര്‍ജ് വ്യക്തമാക്കി.ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് എതിരെയും പി സി ജോര്‍ജ് രംഗത്തുവന്നു.രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ നല്ല രീതിയില്‍ വരട്ടെ എന്നാണ് അഭിപ്രായം. ചാണ്ടി ഉമ്മന്‍ ഒരു സമുദായത്തെ അടച്ച് ആക്ഷേപിച്ചത് ശരിയായില്ല. ഇക്കാര്യം വിളിച്ചു ചോദിച്ചപ്പോള്‍ അബദ്ധം പറ്റി എന്നാണ് പറഞ്ഞത്. എന്നാല്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായത് എന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
  Published by:Jayashankar AV
  First published:
  )}