മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ ശേഷം ജാമ്യം ലഭിച്ച പി.സി ജോര്‍ജ് (PC George) കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ (V. Muraleedharan) സന്ദര്‍ശിച്ചു. പി.സി ജോര്‍ജിനോട് സര്‍ക്കാര്‍ കാണിച്ചത് ഇരട്ടത്താപ്പാണെന്നും അദ്ദേഹത്തെ പുലര്‍ച്ചെ ഈരാറ്റുപേട്ടയില്‍നിന്ന് അറസ്റ്റുചെയ്ത് തിരുവനന്തപുരംവരെ കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കേണ്ട ആവശ്യമെന്തായിരുന്നുവെന്നും ഇത്രയധികം തിരക്ക് ആര്‍ക്കായിരുന്നുവെന്നും കൂടിക്കാഴ്ചയ്ക്കുശേഷം വി.മുരളീധരന് ചോദിച്ചു.
ഇതുപോലെ നിരവധി പ്രസംഗങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം നടപടി ഉണ്ടായിട്ടുണ്ടോ , ഇരട്ടത്താപ്പ് കണ്ടാല്‍ ചൂണ്ടിക്കാട്ടും. ഇരട്ടനീതി ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് അറസ്റ്റുചെയ്ത് പോലീസ് സ്റ്റേഷനില്വച്ചിരിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനെ കാണാന്‍ പോകുമ്പോള്‍ ഒരു കേന്ദ്രമന്ത്രിക്ക് അനുമതി നിഷേധിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. 58 പേരുടെ മരണത്തിന് ഉത്തരവാദിയെന്ന ആരോപണ വിധേയനായ അബ്ദുള്‍നാസര്‍ മദനി ജയിലില്‍ കിടക്കുമ്പോള്‍ സംസ്ഥാന മന്ത്രിമാരടക്കം എത്ര നേതാക്കള്‍ കാണാന്‍ പോയിട്ടുണ്ട്. അന്ന് ആര്‍ക്കെങ്കിലും പ്രവേശനം നിഷേധിച്ചോയെന്നും മുരളീധരന് ചോദിച്ചു.
നമ്മുടെ നാട്ടില്‍ ഭീകരവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ അറസ്റ്റുചെയ്യാന്‍ ഈ തിരക്കില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നു എന്നുപറയുന്ന പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് രാജ്യദ്രോഹ മുദ്രാവാക്യം അടക്കം വിളിച്ചാല്‍ തെറ്റില്ല എന്നാണ് ഇത്രയുംകാലം എടുത്ത നിലപാട്. പി.സി ജോര്‍ജ് അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. അതിന്റെ പേരില്‍ ഈരാറ്റുപേട്ടയില്‍നിന്ന് അറസ്റ്റുചെയ്ത് തിരുവനന്തപുരത്ത് എത്തിച്ച് ഈ നാടകമെല്ലാം നടത്തിയത് ആരെ പ്രീണിപ്പിക്കാനാണ് ? മാത്രമല്ല വിഷയത്തില്‍ താന്‍ പ്രതികരിച്ചത് വലിയ വിവാദമായി. പി.കെ കുഞ്ഞാലിക്കുട്ടിക്ക് പ്രതികരിക്കാം, മറ്റ് സര്‍വ ആളുകള്‍ക്കും പ്രതികരിക്കാം തനിക്ക് പ്രതികരിക്കാനാവില്ല എന്നാണോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കാലങ്ങളില്‍ ഇതുപോലെ നിരവധി കാര്യങ്ങള്‍ നടന്നിട്ടുണ്ട്. എ.എ റഹീമിനെതിരെ വാറണ്ട് വന്നാല്‍ അറസ്റ്റ് ചെയ്യില്ല. പി.സി ജോര്‍ജിനെതിരെ വാറണ്ട് ഇല്ലെങ്കിലും അറസ്റ്റുചെയ്യാം. അത് എന്ത് നിയമമാണ് ? ഈ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടും. കേന്ദ്രമന്ത്രി ആയതിനാല്‍ അക്കാര്യം ചൂണ്ടുക്കാട്ടാനാവില്ലെന്ന് എന്താണ് നിയമം. ഇരട്ടത്താപ്പ് ജനങ്ങള്‍ മനസിലാക്കട്ടെ. ജനങ്ങളാണ് ഇക്കാര്യങ്ങള്‍ തന്നോട് ചോദിക്കുന്നത്. പോലീസുകാരെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ഇരട്ടനീതി ജനം തിരിച്ചറിയും. ഇതുപോലെ നിരവധി പ്രസംഗങ്ങള്‍ കാണിച്ചുതരാം. അതിലെല്ലാം ഇതുപോലെ നടപടി ഉണ്ടായോ എന്നും വി മുരളീധരന് ചോദിച്ചു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.