ജനപക്ഷം എൻഡിഎ ബന്ധം പൂർണ്ണമായും അവസാനിപ്പിച്ചതായി പിസി ജോർജ് എംഎൽഎ. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. മോശം അനുഭവങ്ങളെ തുടർന്നാണ് താൻ എൻഡിഎ വിടുന്നതെന്നും ജോർജ് വ്യക്തമാക്കി. എൻഡിഎ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ ജോർജ് പറഞ്ഞിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബിജെപിക്കെതിരെ കടുത്ത ആക്ഷേപങ്ങളാണ് ഇദ്ദേഹം ഉന്നയിച്ചത്.
ബിജെപി കേരളത്തിലെ നമ്പർ വൺ കേഡർ പാർട്ടി
കേരളത്തിലെ നമ്പർ വൺ കേഡർ പാർട്ടിയാണ് ബിജെപി എന്നാണ് പിസി ആരോപിക്കുന്നത്. ആരു ചോദിച്ചാലും താൻ ഇക്കാര്യം പറയും. നല്ല പ്രവർത്തകരാണ് ബിജെപിയുടേതെന്ന് പുകഴ്ത്തുന്ന പി സി ജോർജ് എന്നാൽ നേതാക്കന്മാർക്ക് ജയിക്കണമെന്ന ആഗ്രഹം ഇല്ലെന്നാണ് പറയുന്നത്. നേതാക്കന്മാരുടെ മനസ്സു മാറാതെ ബിജെപിക്ക് രക്ഷയില്ല. വട്ടിയൂർക്കാവിൽ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാതിരുന്നതും, മഞ്ചേശ്വരത്ത് നിന്ന് മാറി കോന്നിയിൽ സുരേന്ദ്രനെ മത്സരിപ്പിച്ചതും തെറ്റായിരുന്നു എന്നും ജോർജ് വിലയിരുത്തുന്നു.
മോദി റിസർവ് ബാങ്ക് കൊള്ളയടിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആക്ഷേപങ്ങളും പിസി ഉന്നയിച്ചു. മോദിയെ ഇതുവരെ വാനോളം പുകഴ്ത്തിയിരുന്ന അദ്ദേഹം നിലപാട് മാറ്റിയിരിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി എന്നാണ് പിസി ജോർജ് ഇപ്പോൾ പറയുന്നത്. റിസർബാങ്ക് കൊള്ളയടിക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നത്.
നേരത്തെ മോദിയെ പുകഴ്ത്തിയതിനും എൻഡിഎയിൽ ചേർന്നതിനും ജോർജിന് കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. ഈരാറ്റുപേട്ടയിൽ വിവിധ മത സംഘടനകൾ ജോർജിനെതിരെ രംഗത്തെത്തിയിരുന്നു. ജനപക്ഷം ഭരിച്ചിരുന്ന പല പഞ്ചായത്തിലും ഭരണമാറ്റം ഉണ്ടായിരുന്നു. വീണ്ടും പൂഞ്ഞാറിൽ തന്നെ ജനവിധി തേടാൻ ഉള്ള നീക്കത്തിന് ഇടെയാണ് ജോർജിൻറെ മനംമാറ്റം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.