ഹെൽമറ്റ് ഇല്ലെങ്കിൽ 100 രൂപ പോകും; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപ; പൊലീസിന്റെ പിഴയും ശിക്ഷകളും ഇങ്ങനെ

വാഹനപരിശോധനസമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകള്‍, അവ ഇല്ലെങ്കില്‍ ഈടാക്കാവുന്ന പിഴ, ശിക്ഷാ വിവരങ്ങള്‍ എന്നിവ അറിയാം

news18
Updated: June 11, 2019, 8:11 PM IST
ഹെൽമറ്റ് ഇല്ലെങ്കിൽ 100 രൂപ പോകും; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപ; പൊലീസിന്റെ പിഴയും ശിക്ഷകളും ഇങ്ങനെ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 11, 2019, 8:11 PM IST
  • Share this:
തിരുവനന്തപുരം: ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചാൽ, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ, വാഹനത്തിന്റെ രേഖകൾ കൈവശമില്ലെങ്കിൽ... ഇങ്ങനെയുള്ള  ഗതാഗത നിയമ ലംഘനങ്ങൾക്ക് പൊലീസ് ചുമത്തുന്ന പിഴ എത്രയെന്ന് അറിയാമോ? ഓരോ കുറ്റത്തിനും ചുമത്തുന്ന പിഴ സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് പൊലീസ്. വാഹനപരിശോധനസമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകള്‍, അവ ഇല്ലെങ്കില്‍ ഈടാക്കാവുന്ന പിഴ, ശിക്ഷാ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പൊതുവായ വിവരങ്ങളാണ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പ്രസിദ്ധീകരിച്ചത്.

കൈയിൽ കരുതേണ്ട രേഖകൾ- ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ രേഖകള്‍, പുകപരിശോധന സര്‍ട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കേണ്ടതാണ്.
പൊതുഗതാഗത വാഹനങ്ങളില്‍- മുകളിൽ പറഞ്ഞ രേഖകൾക്ക് പുറമെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് സംബന്ധിച്ച രേഖകള്‍, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം.
സ്റ്റേജ് ക്യാരിയേജുകളില്‍- മുകളിൽ പറഞ്ഞ രേഖകൾക്കൊപ്പം കണ്ടക്ടര്‍ ലൈസന്‍സും പരാതി പുസ്തകവും ഉണ്ടാകണം.

അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍- ഡ്രൈവര്‍മാര്‍ മുകളിൽ പറഞ്ഞ രേഖകള്‍ക്കൊപ്പം ഫസ്റ്റ് എയ്ഡ്കിറ്റ്, സുരക്ഷാ ഉപകരണങ്ങള്‍, ടൂള്‍ബോക്സ്, മരുന്നുകള്‍ എന്നിവയും വാഹനത്തില്‍ കൊണ്ടുപോകുന്ന സാധനത്തെക്കുറിച്ചുളള പൂര്‍ണ്ണവും അത്യന്താപേക്ഷിതവുമായ രേഖാമൂലമുളള വിവരങ്ങളും വാഹനത്തില്‍ സൂക്ഷിച്ചിരിക്കണം. കൂടാതെ ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 9 പ്രകാരമുളള ലൈസന്‍സ് ഉണ്ടായിരിക്കണം.

വാഹനത്തിന്റെ രേഖകൾ ഇല്ലെങ്കിൽ- രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച രേഖകളുടെ ഒറിജിനലോ പകര്‍പ്പോ വാഹനത്തില്‍ സൂക്ഷിക്കാം. വാഹന പരിശോധനസമയത്ത് ഡ്രൈവറുടെ കൈവശം ഒറിജിനല്‍ ഇല്ലെങ്കില്‍ 15 ദിവസത്തിനകം വാഹനത്തിന്‍റെ ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ അത് ഹാജരാക്കിയാല്‍ മതി. രേഖകള്‍ കൈവശമില്ലെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 177 പ്രകാരം 100 രൂപ പിഴ ഈടാക്കാം. പരിശോധനസമയത്ത് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശം അവഗണിക്കുകയോ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാതിരിക്കുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഒരു മാസം തടവോ അഞ്ഞൂറ് രൂപ പിഴയോ ആണ് ശിക്ഷ.

ലൈസൻസ് ഇല്ലാത്തയാൾ വാഹനം ഓടിച്ചാൽ- നിയമപരമായി വാഹനം ഓടിക്കാന്‍ അധികാരമില്ലാത്ത ആള്‍ വാഹനം ഓടിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 180 പ്രകാരം വാഹനത്തിന്‍റെ ചുമതലയുളള ആളില്‍ നിന്നോ ഉടമയില്‍ നിന്നോ 1000 രൂപ പിഴ ഈടാക്കാം. മൂന്നുമാസം തടവും ലഭിക്കാം.  ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ മൂന്നുമാസം തടവിനോ 500 രൂപ പിഴയ്ക്കോ ശിക്ഷിക്കാം. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 182 പ്രകാരം ലൈസന്‍സ് അയോഗ്യമാക്കപ്പെട്ടയാള്‍ വീണ്ടും ലൈസന്‍സിന് അപേക്ഷിക്കുകയോ കരസ്ഥമാക്കുകയോ ചെയ്താല്‍ 500 രൂപ പിഴയോ മൂന്നുമാസം തടവോ ലഭിക്കും.

അമിതവേഗത്തില്‍ വാഹനമോടിച്ചാല്‍- 400 രൂപയാണ് പിഴ. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ 1000 രൂപ പിഴ ഈടാക്കും.  അപകടകരമായും സാഹസികമായും വാഹനമോടിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ്  184 പ്രകാരം 1000 രൂപ പിഴയോ ആറുമാസം തടവോ ആണ് ശിക്ഷ.  മൂന്നുവര്‍ഷത്തിനകം കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം തടവോ 2000 രൂപ പിഴയോ ലഭിക്കും.‌

മദ്യപിച്ച് വാഹനമോടിച്ചാല്‍-  ആറുമാസം തടവോ  2000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. അതോടൊപ്പം ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുളള നടപടിയും സ്വീകരിക്കാം. മൂന്നുവര്‍ഷത്തിനകം ഇതേകുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം തടവോ 3000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

വായു- ശബ്ദമലിനീകരണങ്ങൾക്ക്- മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 190 പ്രകാരം വായുമലിനീകരണം, ശബ്ദമലിനീകരണം എന്നിവ വരുത്തി വാഹനമോടിച്ചാല്‍ 1000 രൂപ പിഴയും അപകടകരമായ രീതിയില്‍ ചരക്ക് കൊണ്ടുപോയാല്‍ 3000 രൂപ പിഴ അല്ലെങ്കില്‍ ഒരു വര്‍ഷം തടവും ശിക്ഷയായി  ലഭിക്കും. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ശിക്ഷ 5000 രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയി മാറും.

രൂപമാറ്റം വരുത്തിയാൽ- നിയമത്തിലെ 191 ാം വകുപ്പ് പ്രകാരം നിയമവിരുദ്ധമായി വാഹനം കൈമാറ്റം ചെയ്യുന്നതിനും രൂപമാറ്റം വരുത്തുന്നതിനും 500 രൂപ പിഴ ഈടാക്കാം.  കൂടാതെ രൂപമാറ്റം വരുത്തിയ വാഹനം പൂര്‍വ്വസ്ഥിതിയിലാക്കി ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കുകയും വേണം.

രജിസ്ട്രേഷൻ നടത്താത്ത വാഹനം ഓടിച്ചാൽ- രജിസ്ട്രേഷന്‍ നടത്താത്ത വാഹനം ഓടിച്ചാല്‍ ഈ നിയമത്തിലെ 192 ാം വകുപ്പ് പ്രകാരം 2000 രൂപ മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാം. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷം തടവോ 5000 രൂപയ്ക്കും 10000 രൂപയ്ക്കും ഇടയില്‍ പിഴയോ ഈടാക്കാം.

അമിതഭാരത്തിന്- ചരക്കുവാഹനങ്ങളില്‍ ആദ്യത്തെ ഒരു ടണ്‍ വരെയുളള അമിതഭാരത്തിന് 2000 രൂപയും പിന്നീടുളള ഓരോ ടണ്ണിനും 1000 രൂപ വീതവും പിഴയാണ് ശിക്ഷ. അമിതഭാരം വാഹനത്തില്‍ നിന്ന് ഇറക്കിക്കുവാനും ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുളള നടപടി സ്വീകരിക്കുവാനും  മോട്ടോര്‍വാഹന ആക്ട് വകുപ്പ് 194 വ്യവസ്ഥ ചെയ്യുന്നു.

ഇൻഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍- 1000 രൂപയാണ് പിഴ.

ഹെല്‍മെറ്റ് ഇല്ലെങ്കില്‍- 100 രൂപ

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍- 1000 രൂപ

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍- 100 രൂപ

First published: June 11, 2019, 8:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading