• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാടിറങ്ങുന്ന കടുവയും ചെന്നായ്ക്കൂട്ടങ്ങളും; ഭീതിയുടെ മുൾമുനയിൽ നിലമ്പൂർ വനമേഖലയോട് ചേർന്നുള്ള ജനവാസകേന്ദ്രങ്ങൾ

കാടിറങ്ങുന്ന കടുവയും ചെന്നായ്ക്കൂട്ടങ്ങളും; ഭീതിയുടെ മുൾമുനയിൽ നിലമ്പൂർ വനമേഖലയോട് ചേർന്നുള്ള ജനവാസകേന്ദ്രങ്ങൾ

മൂലേപ്പാടത്ത് വളർത്തു നായ്ക്കളെ കടുവ പിടിച്ചു. പെരുവമ്പാടത്താണ് ചെന്നായ് കൂട്ടം ആടുകളെ കൊന്നത്

മൂലേപ്പാടത്ത് വളർത്തു നായ്ക്കളെ കടുവ പിടിച്ചുപെരുവമ്പാടത്താണ് ചെന്നായ് കൂട്ടം ആടുകളെ കൊന്നത്

മൂലേപ്പാടത്ത് വളർത്തു നായ്ക്കളെ കടുവ പിടിച്ചുപെരുവമ്പാടത്താണ് ചെന്നായ് കൂട്ടം ആടുകളെ കൊന്നത്

  • Last Updated :
  • Share this:
കടുവയും ചെന്നായ്ക്കളും ജനവാസ കേന്ദ്രങ്ങളിൽ (residential areas) ഇറങ്ങാൻ തുടങ്ങിയതു മുതൽ ഭീതിയുടെ മുൾമുനയിലാണ് നിലമ്പൂർ (Nilambur) മൂലേപ്പാടം, പെരുവമ്പാടം നിവാസികൾ. മൂലേപ്പാടത്ത് കടുവ വളർത്തുപട്ടിയെ പിടിക്കാനാണ് ശ്രമിച്ചതെങ്കിൽ പെരുവമ്പാടത്ത് ആടുകളാണ് ചെന്നയ്ക്കൾക്ക് ഇരയായത്.

നിലമ്പൂർ - നായാടംപൊയിൽ മലയോരപാതയിൽ മൂലേപ്പാടം ഭാഗത്തെ മൂവായിരം വനമേഖലയിലാണ് കടുവ തമ്പടിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് പുറത്താനകുത്തിയിൽ കുട്ടിയച്ചന്റെ വീട്ടിലെ കൂട്ടിൽ കിടന്ന പട്ടിയെ കടുവ ആക്രമിച്ചത്. ശബ്ദം കേട്ട് പുറത്തു വന്ന് ടോർച്ച് അടിച്ചു നോക്കിയപ്പോൾ കടുവ ഓടി പോകുന്നത് കണ്ടതായി കുട്ടിയച്ചൻ പറഞ്ഞു. കഴുത്തിന് കടുവയുടെ കടിയേറ്റ നായ അവശനിലയിലാണ്.

40 വർഷമായി ഇവിടെ താമസിക്കുന്ന കുട്ടിയച്ചൻ ഇതുവരെ ഈ മേഖലയിൽ കടുവയെ കണ്ടിട്ടില്ല എന്നും പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച വീട്ടുമുറ്റത്തെ കൂട്ടിലായിരുന്ന നായയെ കടുവ പിടിച്ചു കൊണ്ടുപോയതായി കപ്പിലുമാക്കൽ ജോസിന്റെ ഭാര്യ ഗ്രേസിയും പറഞ്ഞു. പുലർച്ചെ ടാപ്പിംഗിന് പോയ പാറപ്പുറം സാബു എന്നയാളും അഞ്ച് മണിയോടെ ഈ കടുവയെ കണ്ടതായി അവകാശപ്പെടുന്നുണ്ട്. മറ്റ് ഏതെങ്കിലും വനമേഖലയിൽ നിന്നും പിടികൂടിയ കടുവയെ വനം വകുപ്പ് മൂവായിരം വനമേഖലയിൽ കൊണ്ടുവന്ന് വിട്ടതാകാം എന്നും പ്രദേശവാസികൾ സംശയിക്കുന്നുണ്ട്.

നിലമ്പൂർ - നായാടംപൊയിൽ മലയോരപാതയോട് ചേർന്ന് മൂവായിരം വനമേഖലയിൽ കടുവയുടെ സാന്നിധ്യമുള്ളത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. പെരുവമ്പാടം ആദിവാസി കോളനിക്ക് സമീപം താമസിക്കുന്ന വടക്കേപറമ്പിൽ പങ്കജാഷിയുടെ ആറ് ആടുകളെയാണ് ചെന്നായ്ക്കൾ കടിച്ചു കൊന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു ചെന്നയ്ക്കളുടെ ആക്രമണം. ചെന്നായ് കൂട്ടം ആടുകളെ കടിച്ച് കൊണ്ട് പോകുന്നതാണ് കണ്ടതെന്ന് പങ്കജാക്ഷി.

കുറച്ചകലെയുള്ള പ്രദേശത്തെ തോടിനരികിലാണ് ആടുകളെ ചത്ത നിലയിൽ കണ്ടെത്തിയത്.  പെരുവമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ചെന്നായ്ക്കൾ കടിച്ചു കൊന്നതാണെന്നും വയർ പൊട്ടി കുടലുകൾ ഉൾപ്പെടെ പുറത്ത് ചാടിയതിന്റെ ലക്ഷണമുണ്ടെന്നും വനപാലകർ പറഞ്ഞു.



ആനകളും കുരങ്ങുകളും കാട്ടുപന്നികളും മുൻപുതന്നെ മേഖലയിലെ കർഷകർക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതിനു പുറമെയാണ് ഇപ്പോൾ കടുവയും ചെന്നായക്കൂട്ടവും ഭീതി പരത്തുന്നത്.

നിലമ്പൂർ  വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങൾ മാത്രമല്ല വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. മാസങ്ങൾക്ക് മുൻപ് നിലമ്പൂർ നഗരത്തിൽ വരെ കാട്ടാനകൾ വലിയ നാശം വിതച്ചിരുന്നു. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് മേഖലയിൽ പതിവായതോടെ കർഷകരും വലിയ പ്രതിഷേധത്തിലാണ്. എന്നാൽ കടുവയും ചെന്നായ്ക്കളും ഒക്കെ ജനജീവിതത്തിന് ഭീഷണിയാകുന്ന തരത്തിൽ കാടിറങ്ങുന്നത് ഈ ആശങ്ക ഇരട്ടിയാക്കുന്നു.

മലപ്പുറം ജില്ലയുടെ മലയോര മേഖലകളായ കരുവാരക്കുണ്ട് കാളികാവ് പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം ആശങ്ക ഉണ്ടാക്കുന്നുണ്ട്. പുല്ലങ്കോട് എസ്റ്റേറ്റിൽ കടുവയെ പിടിക്കാൻ കൂടു വച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.

Summary: People in Nilambur live in constant fear of attack from wild animals
Published by:user_57
First published: