ഇന്റർഫേസ് /വാർത്ത /Kerala / ഉള്ളത് പറയാല്ലോ തിരുവനന്തപുരത്തുകാർ കളക്ടർ വാസുകിയെ മിസ് ചെയ്യുന്നുണ്ട് !

ഉള്ളത് പറയാല്ലോ തിരുവനന്തപുരത്തുകാർ കളക്ടർ വാസുകിയെ മിസ് ചെയ്യുന്നുണ്ട് !

മുൻ തിരുവനന്തപുരം കളക്ടർ കെ വാസുകി

മുൻ തിരുവനന്തപുരം കളക്ടർ കെ വാസുകി

മറ്റു ജില്ലകളിൽ നിന്നുള്ളവർ ഇതുവരെ സഹായം അഭ്യർത്ഥിച്ചിട്ടില്ലെന്നും ആവശ്യം ഉണ്ടെന്ന് അറിയിച്ചതിന് ശേഷം മാത്രം കളക്ഷൻ സെന്റർ ആരംഭിക്കാമെന്നും വീഡിയോ സന്ദേശം പോസ്റ്റ് ചെയ്ത ശേഷം അവധിയിൽ പോയ കളക്ടർ കെ ഗോപാലകൃഷ്ണനെതിരെ വ്യാപക പ്രതിഷേധം

കൂടുതൽ വായിക്കുക ...
  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ഒരു വർഷം മുൻപ് കേരളം പ്രളയ ദുരന്തത്തെ അഭിമുഖീകരിച്ചപ്പോൾ മികച്ച സംഘാടന മികവോടെ ദുരിതമുഖത്ത് മുന്നിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന വാസുകി കാണിച്ച മികവ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അന്ന് ക്യാമ്പുകൾ തോറും കയറിയിറങ്ങി. സാധാരണക്കാർക്കൊപ്പം ഭക്ഷണം കഴിച്ചു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എല്ലാ പ്രവർത്തനങ്ങൾക്കും വാസുകി മുന്നിലുണ്ടായിരുന്നു. കൃത്യം ഒരു വർഷത്തിനുശേഷം കേരളം വീണ്ടും സമാനമായ പ്രളയത്തിന് സാക്ഷ്യം വഹിക്കുമ്പോൾ ജനങ്ങൾ വാസുകിയെ മിസ് ചെയ്യുകയാണ്. പ്രത്യേകിച്ച്, പുതിയ കളക്ടർ പ്രളയക്കെടുതിക്കിടെ അവധിയെടുത്ത് പോയ വാർത്ത പുറത്തു വന്നതിന് ശേഷം. വാസുകിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ.

    സംസ്ഥാനം നേരിടുന്ന ഗുരുതര സാഹചര്യം മനസിലാക്കാതെ തിരുവനന്തപുരം കളക്ടർ കെ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാമഗ്രികൾ തൽക്കാലം ശേഖരിക്കേണ്ടതില്ലെന്നാണ് വീഡിയോ സന്ദേശത്തിലൂടെ തിരുവനന്തപുരം ജില്ലാ കളക്ടർ പറയുന്നത്. ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങൾക്കും മറ്റ് അവശ്യവസ്തുക്കൾക്കുമായി ജനം നെട്ടോടമോടുന്ന സാഹചര്യത്തിലാണ് കളക്ടറുടെ ഇത്തരമൊരു പ്രസ്താവന വന്നത്. വിമർശനം ക്ഷണിച്ചുവരുത്തുന്ന പ്രസ്താവനയായി ഇത്.

    മറ്റു ജില്ലകളിൽ നിന്നുള്ളവർ ഇതുവരെ സഹായം അഭ്യർത്ഥിച്ചിട്ടില്ലെന്നും ആവശ്യം ഉണ്ടെന്ന് അറിയിച്ചതിന് ശേഷം മാത്രം കളക്ഷൻ സെന്റർ ആരംഭിക്കാമെന്നുമാണ് കളക്ടർ പറയുന്നത്. വീഡിയോ സന്ദേശം പോസ്റ്റ് ചെയ്ത ശേഷം കളക്ടർ അവധിയിൽ പ്രവേശിക്കുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ അവധിയൊഴിവാക്കി ജോലിയിൽ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് കളക്ടർ അവധിയെടുത്ത് പോയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളുടെയും ദൗർലഭ്യം അനുഭവിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് കളക്ടറുടെ നിരുത്തരവാദപരമായ നടപടി.

    വാർത്തകൾ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിലും കളക്ടർക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഫേസ്ബുക്കിലെ വീഡിയോ സന്ദേശത്തിന് താഴെ ഒട്ടേറെ വിമർശനങ്ങളാണ് ഉയരുന്നത്. ഇത്ര നിരുത്തരവാദിത്തപരമായി പെരുമാറാൻ കളക്ടർക്ക് കഴിയുന്നത് എങ്ങനെയാണ് എന്ന് തുടങ്ങിയ വിമർശനങ്ങൾ നിറയുകയാണ്. തിരുവനന്തപുരം മുൻ കളക്ടറായിരുന്നു കെ വാസുകിയുടെ വില ഇപ്പോഴാണ് മനസിലാകുന്നതെന്നാണ് ചില കമന്റുകൾ. വാസുകിയെ തലസ്ഥാനം മിസ് ചെയ്യുന്നുണ്ടെന്നും സോഷ്യൽമീഡിയ അഭിപ്രായപ്പെടുന്നു.

    കഴിഞ്ഞ പ്രളയകാലത്ത് മികച്ച സംഘാടന മികവോടെ ദുരന്തമുഖത്ത് നിന്ന് കാര്യങ്ങൾ നിയന്ത്രിക്കാൻ കെ വാസുകിക്ക് സാധിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ടൺ കണക്കിന് ദുരിതാശ്വാസ സാമഗ്രികൾ തലസ്ഥാനത്ത് സജ്ജീകരിച്ചിരുന്ന കളക്ഷൻ സെന്ററിൽ നിന്നും എത്തിച്ചിരുന്നു. ജനങ്ങളുടെ ഒപ്പം നിൽക്കുന്ന നിലപാടുകളിലൂടെ ജനമനസ്സുകളിൽ കുടിയേറാനും വാസുകിക്ക് കഴിഞ്ഞു. ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് ഭക്ഷണവും വസ്ത്രവുമെത്തിക്കുന്ന വോളന്റിയർമാരെ അഭിനന്ദിക്കുന്ന വാസുകിയുടെ വാക്കുകൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയമായിരുന്നു.

    ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കും വോളന്റിയർമാർക്കുമൊപ്പം ഒരു സാധാരണക്കാരിയെ പോലെ ഭക്ഷണം കഴിക്കുന്ന കളക്ടറുടെ വീഡിയോ അടക്കം വൈറലായിരുന്നു. തക്കസമയങ്ങളില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് എത്തിച്ചും ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലേയ്ക്ക് ഓടി നടന്ന് കാര്യങ്ങള്‍ വിലയിരുത്തിയും വോളന്റിയേഴ്‌സിന് മാതൃകയും ധൈര്യവും നല്‍കി വാസുകി നടത്തിയ സേവനങ്ങള്‍ ജനങ്ങളുടെ കൈയടി നേടിയിരുന്നു. ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണെങ്കിലും തിരുവനന്തപുരത്തെ ജനങ്ങളുടെ മനം കവരാൻ സ്വന്തം പ്രവർത്തനങ്ങളിലൂടെ വാസുകിക്ക് കഴിഞ്ഞുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

    First published:

    Tags: Flood in kerala, Flood kerala, Heavy rain, Heavy rain in kerala, Kerala flood, Pinarayi vijayan, Rain, Rain alert