കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമായതോടെ മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നവര്‍ പ്രതിസന്ധിയില്‍. ആശുപത്രിയുടെ പകുതിയും കോവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചതോടെയാണ് മാരക രോഗങ്ങള്‍ ബാധിച്ചവരുള്‍പ്പെടെ ബുദ്ധിമുട്ടിലായത്.
തുടക്കത്തില്‍ തീവ്രപരിചരണം വേണ്ട കൊവിഡ് രോഗികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് കോവിഡ് ചികിത്സ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രമാക്കി പരിമിതപ്പെടുത്തി. ആശുപത്രിയുടെ പകുതിയോളം ഭാഗം ഇതിനുവേണ്ടി മാത്രം മാറ്റിവെക്കുകയും ചെയ്തു. പക്ഷേ മലബാറിലെ നാല് ജില്ലകളില്‍ നിന്ന് മറ്റുരോഗങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയെ ആശ്രയിച്ചിരുന്ന രോഗികള്‍ ഇതോടെ പ്രതിസന്ധിയിലായി.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചു തുടങ്ങി. കോവിഡിന് മുന്‍പ് ദിനം പ്രതി ആറായിരത്തിലധികം രോഗികള്‍ ഇവിടെ ചികിത്സ തേടിയിരുന്നു. എന്നാലിപ്പോള്‍ ആയിരത്തോളം പേര് മാത്രമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്. ഒപി സമയവും ചുരുക്കി. പ്രധാനപ്പെട്ട ഡിപ്പാര്‍ട്ട്മെന്റുകള്‍ പലതും അടഞ്ഞുകിടക്കുന്നു.
TRENDING:COVID 19| പ്രവാസികള്‍ മടങ്ങിയെത്തുന്നു; കൊച്ചി തുറമുഖത്തും വിമാനത്താവളത്തിലും ഒരുക്കങ്ങൾ പൂർത്തിയായി [NEWS]യുഎഇയില്‍ ജനവാസ മേഖലയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നി ബാധ [NEWS]അച്ഛനും ചേട്ടനും മാത്രമല്ല; ആക്ഷനിൽ ഒരു കൈനോക്കി വിസ്മയയും; വീഡിയോ വൈറൽ [NEWS]
മുന്‍പുണ്ടായിരുന്നത്ര രോഗികളെ ഇപ്പോള്‍ ഉള്‍ക്കൊള്ളാനാവില്ലെന്ന് ആശുപത്രി സൂപ്രണ്ട് സജിത്ത്കുമാര്‍ ന്യൂസ് 18നോട് പറഞ്ഞു. എന്നാല്‍ ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ അത് പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബീച്ച് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റി കോവിഡ് ബാധിതരില്‍ തീവ്രപരിചരണം വേണ്ടവരെ മാത്രം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിക്കണം എന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
കണ്ണൂരും കാസര്‍ഗോഡും ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികളെ ജനറല്‍ ആശുപത്രികളിലാണ് ചികിത്സിക്കുന്നത്. ഈ മാതൃക കോഴിക്കോടും സ്വീകരിക്കണമെന്നാണ് ആവശ്യം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എല്ലാ ഡിപ്പാര്‍ട്ടമെന്റും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവില്ലെന്നും കളക്ടര്‍ ശ്രീറാം സാംബശിവ റാവു പറഞ്ഞു. ബീച്ച് ആശുപത്രിയില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ കൂടി വരുന്ന സമയമായതുകൊണ്ട് പെട്ടന്ന് മാറ്റങ്ങള്‍ സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 12 ദിവസമായി കോഴിക്കോട് ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകളില്ല. ചികിത്സയിലുണ്ടായിരുന്ന നാല് പേര് രോഗമുക്തരായതോടെ ആശുപത്രി വിട്ടു. മാറിയ സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഴയസ്ഥിതിയിലേക്ക് കൊണ്ടുവരണമെങ്കില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം സ്വീകരിക്കേണ്ടതുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.