പാലക്കാട് മംഗലംഡാമിന് സമീപം ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ടാപ്പിംഗ് തൊഴിലാളി മരിച്ച സംഭവം വനംവകുപ്പ് സാധാരണ ബൈക്ക് അപകടമാക്കി മാറ്റാൻ ശ്രമിച്ചതാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. ഇതേ തുടർന്ന് നാട്ടുകാർ മൃതദേഹവുമായി ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. കാട്ടുപന്നി ആക്രമണത്തിൽ മരിച്ച മംഗലംഡാം പറശ്ശേരി സ്വദേശി വേലായുധൻ്റെ മൃതദേഹവുമായാണ് നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ സമരം നടത്തിയത്.
പരുക്കേറ്റ വേലായുധനെ ആശുപത്രിയിലെത്തിക്കാൻ വാഹനം വിട്ടുനൽകിയില്ലെന്നും നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വേലായുധൻ അപകടത്തിൽപെട്ടത്. ടാപ്പിംഗിന് പോകുമ്പോൾ മംഗലംഡാം ഫോറെസ്റ്റ് സ്റ്റേഷന് സമീപത്ത് കാട്ടുപന്നി ബൈക്കിൽ ഇടിച്ച് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വേലായുധൻ നെന്മാറയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.
എന്നാൽ കാട്ടുപന്നി ഇടിച്ചിട്ടില്ലെന്നും കാട്ടുപന്നിയെ കണ്ട് ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ടതുകൊണ്ടാണ് അപകടമെന്നായിരുന്നു വനംവകുപ്പ് രേഖപ്പെടുത്തിയത്. ഇതോടെ വന്യജീവി ആക്രമണത്തിൽ മരിച്ചവർക്കുള്ള ധനസഹായം വേലായുധൻ്റെ കുടുംബത്തിന് ലഭിക്കാതെ വന്നു. ഇതേ തുടർന്നാണ് കാട്ടുപന്നി ആക്രമണമാണ് അപകട കാരണമെന്ന വിവരം മറച്ചു വെച്ചുവെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചത്. വേലായുധൻ്റ മൃതദേഹവുമായി സമരം തുടർന്നതോടെ നെന്മാറ ഡി എഫ് ഒ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി. അപകടത്തിൽ പരുക്കേറ്റ വേലായുധനെ ആശുപത്രിയിലെത്തിക്കാൻ വനം വകുപ്പ് വാഹനം വിട്ടു നൽകിയില്ലെന്നും അര മണിക്കൂറോളം വഴിയിൽ കിടന്നതായും നാട്ടുകാർ ആരോപിച്ചു. എന്നാൽ ഡ്രൈവർ സ്ഥലത്തില്ലാത്തതുകൊണ്ടാണ് വാഹനം എടുക്കാൻ കഴിയാതിരുന്നതെന്ന് നെന്മാറ ഡിഎഫ്ഒ പറഞ്ഞു. കാട്ടുപന്നി ആക്രമണമാണെന്ന പരാതി പരിശോധിയ്ക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.