• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കാറുകളിലെ അധികാര ചിഹ്നങ്ങൾക്കെതിരായ ഹർജി; കേരളാ ഹൈക്കോടതി തള്ളി

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കാറുകളിലെ അധികാര ചിഹ്നങ്ങൾക്കെതിരായ ഹർജി; കേരളാ ഹൈക്കോടതി തള്ളി

പോലീസ് വാഹനങ്ങളിൽ ഇത്തരം ചിഹ്നങ്ങളും മറ്റും പ്രദർശിപ്പിക്കുന്നത് മോട്ടോർ വാഹന നിയമങ്ങൾക്കും പോലീസ് നിയമത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകനാണ് പൊതു താൽപ്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.

  • Share this:
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കാറുകളിൽ കൊടിയും സ്റ്റാർ പ്ലേറ്റുകളും ഉപയോഗിക്കുന്നതിന് എതിരായി സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി കേരളാ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത് എന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

മറ്റു പോലീസ് ഉദ്യോഗസ്ഥർക്കും ട്രാഫിക് ഡ്യൂട്ടിയിലും നിയമ പരിപാലനത്തിലും മറ്റ് ഡ്യൂട്ടിയിലും ഏർപ്പെട്ടിരിക്കുന്ന പോലീസുകാർക്ക് തിരിച്ചറിയാൻ വേണ്ടിയാണ് കൊടിയും സ്റ്റാർ പ്ലേറ്റുകളും ഉപയോഗിക്കുന്നതെന്ന നിരീക്ഷണത്തോടെയാണ് ഹർജി ബെഞ്ച് തള്ളിയത്.

നിയമവും ചട്ടങ്ങളും വിഭാവനം ചെയ്യുന്ന രീതിയിൽ, നിയമപ്രകാരം അനുവദനീയമായ ചിഹ്നങ്ങൾ അടങ്ങിയ ബോർഡുകൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത് പൊതുജനങ്ങളെ ബാധിക്കില്ലെന്നും അതിനാൽ ഹർജിക്കാരൻ നൽകിയ പൊതുതാൽപ്പര്യ ഹർജി നിലനിൽക്കില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

പോലീസ് വാഹനങ്ങളിൽ ഇത്തരം ചിഹ്നങ്ങളും മറ്റും പ്രദർശിപ്പിക്കുന്നത് മോട്ടോർ വാഹന നിയമങ്ങൾക്കും പോലീസ് നിയമത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകനാണ് പൊതു താൽപ്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കാറുകളിൽ അധികാര ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് 1987-ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയും പുറപ്പെടുവിച്ച ഉത്തരവും ഇതേ കാര്യത്തെ കുറിച്ച് 1997-ൽ കേരള സർക്കാരിൻ്റെ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറും റദ്ദാക്കണം എന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം.

ഇത്തരം അധികാര ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നത് പോലീസ് അമിത അധികാരം ഉപയോഗിക്കുന്നതിന് തുല്യമാണെന്നും ഇതിന് നിയമപരമായ സാധുതയില്ലെന്നും ഹർജിക്കാരൻ വാദിച്ചു. ഇത്തരം അധികാര ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നത് വിഐപി സംസ്കാരത്തിലേക്ക് നയിക്കുമെന്നും പറഞ്ഞു. അതിനാൽ, ഇത് സംബന്ധിച്ച് കേരള സർക്കാരിനും ആഭ്യന്തര സെക്രട്ടറിക്കും ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും സംസ്ഥാന പോലീസ് മേധാവിക്കും നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

Also read : നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് തിരിച്ചടി; വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ഹർജിക്കാരൻ്റെയും സർക്കാരിൻ്റെയും വാദങ്ങൾ പരിഗണിച്ച കോടതി, സർക്കാരിലെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും ഭരണഘടനാപരവും നിയമപരവുമായ സ്ഥാനങ്ങൾ വഹിക്കുന്നവർക്കും വാഹനത്തിൻ്റെ രജിസ്ട്രേഷൻ ബോർഡിനു പുറമേ തങ്ങളുടെ സ്ഥാനം വ്യക്തമാക്കുന്ന ബോർഡ് വാഹനത്തിൽ സ്ഥാപിക്കാമെന്ന് 1989-ലെ കേരളാ മോട്ടോർ വാഹന ചട്ടങ്ങളിൽ പറയുന്നുണ്ടെന്ന് വ്യക്തമാക്കി.

ഇക്കാര്യത്തിൽ പോലീസ് വാഹനങ്ങൾക്കും നിയമപരമായ പിന്തുണയുണ്ട്. 2011-ലെ കേരളാ പോലീസ് നിയമപ്രകാരം, സംസ്ഥാന സർക്കാരിൻ്റെ സമ്മതത്തോടെ, പോലീസ് വാഹനങ്ങൾ ഓരോന്നും വേർതിരിച്ചറിയാനും എളുപ്പത്തിൽ തിരിച്ചറിയാനും കഴിയും വിധമുള്ള നിറമോ ചിഹ്നങ്ങളോ ഉപകരണങ്ങളോ ഘടിപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവിറക്കാനുള്ള അധികാരമുണ്ടെന്ന കാര്യവും കോടതി കണക്കിലെടുത്തു.

Also read : സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ കേരളം പുനഃപരിശോധന ഹർജി നൽകും

1987-ലെ കേന്ദ്ര സർക്കാർ ഉത്തരവും 1989-ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ ചട്ടം 92എയും (vii) ചേർത്തുവെച്ച് വായിച്ചാൽ, സർക്കാർ വാഹനം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ സ്ഥാനം വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിക്കുന്നതിന് നിയമപരമായ പിന്തുണയുണ്ട്. അതിനാൽ, സർക്കാരുകൾ വിവിധ കാലങ്ങളിൽ ഈ വിഷയത്തിൽ പുറപ്പെടുവിച്ച ഉത്തരവുകൾ നിയമപരമായി നിലനിൽക്കുന്നവയാണെന്നും കോടതി പറഞ്ഞു.

ചുവന്ന ലൈറ്റും മറ്റും അധികാരത്തിൻ്റെ പ്രദർശനമാണ് എന്ന വാദം അംഗീകരിച്ച കോടതി, അടിയന്തര ഉപയോഗത്തിനുള്ള വാഹനങ്ങളിൽ മാത്രമേ ഇവ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കും വിധത്തിൽ നിയമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്ന കാര്യവും ചൂണ്ടിക്കാട്ടി. ഹർജിക്കാരനു വേണ്ടി അഡ്വക്കേറ്റ് പ്രവീൺ കെ ജോയ് ഹാജരായി.
Published by:Amal Surendran
First published: