കൊച്ചി: വിവാദമായ തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സിബിഐ അല്ലെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ പുറത്തിശ്ശേരി സ്വദേശി എംവി സുരേഷ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. സിപിഎം നേതാക്കള്‍ പ്രതികളായ കേസ് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണം രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വലിയ സാമ്പത്തിക തിരിമറി ആയതിനാല്‍ സിബിഐയോ ഇഡിയോ കേസ് അന്വേഷിക്കണം. കോടതിയുടെ മേല്‍നോട്ടത്തിലാവണം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമെന്നും ഹര്‍ജിയില്‍ പറയുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ കൊടുക്കുന്നതിനിടെ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് എം സി അജിതിനെ മാറ്റി. മൂന്നംഗ സമിതിക്കാണ് പകരം ചുമതല. തട്ടിപ്പ് സംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നെങ്കിലും നടപടിയെടുക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ തയാറായില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് നടപടി. ഭരണം കൂടുതല്‍ കാര്യക്ഷമമായി നടത്താനാണ് തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു.കഴിഞ്ഞയാഴ്ചയാണ് ബാങ്കിന്റെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണചുമതല നല്‍കിയത്. സിപിഐഎമ്മിന് അനുകൂലമായ നിലപാടാണ് എം സി അജിത് സ്വീകരിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് അജിതിനെ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.
ആറുദിവസം മുന്‍പ് കേസിലെ നാല് പ്രതികളെ കസ്റ്റഡിയിലെടുത്തതായി വാര്‍ത്തയുണ്ടായിരുന്നു. ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് സി കെ ജില്‍സ്, കമ്മിഷന് ഏജന്റ് ബിജോയ് എന്നിവരെയാണ് അയ്യന്തോളിലെ ഫ്ളാറ്റില്‍നിന്നു ക്രൈംബ്രാഞ്ച് പിടികൂടിതെന്നാണ് വിവരം പുറത്തു വന്നത്. എന്നാല്‍ ക്രൈബ്രാഞ്ച് കസ്റ്റഡി വിവരം സ്ഥിരീകരിച്ചില്ല.
2014 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ് അരങ്ങേറിയത്. ബാങ്കില്‍ പണമിട്ടിരുന്ന നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ണ് ആറ് മുന്‍ ജീവനക്കാര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. പലര്‍ക്കും ആവശ്യത്തില്‍ അധികം പണം വായ്പയായി നല്‍കിയെന്നാണ് ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നല്‍കിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് വിവരങ്ങള്‍ പുറത്തുവന്നത്.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചതിന് പിന്ന്ാലെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും, കുറി നടത്തിപ്പിലും ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെബാങ്കില്നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ടി.എം.മുകുന്ദന് (59) ആത്മഹത്യ ചെയ്തിരുന്നു. ബാങ്കില്‍ നിന്ന് 80 ലക്ഷം രൂപ വായ്പ എടുത്ത ടി.എം.മുകുന്ദന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ബാങ്കിന്റെ ജപ്തി നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.