മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം പുനപരിശോധിക്കണമെന്ന ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹര്‍ജിക്കാരന്‍ ഡോ.ജോസഫ് സ്കറിയ. വ്യക്തിപരമായല്ല വിധിയെ കാണുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പുരോഗതിയ്ക്ക് വിധി ഗുണം ചെയ്യും. ഒരു വർഷം നീണ്ട നിയമപോരാട്ടം ആയിരുന്നുവെന്നും മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോയതായും ജോസഫ് സ്കറിയ ന്യൂസ് 18നോട് പറഞ്ഞു. ചങ്ങനാശേരി എസ്.ബി കോളേജിലെ മലയാളം വിഭാഗം മേധാവിയാണ് ഡോ.ജോസഫ് സ്കറിയ.
അഭിമുഖത്തില്‍ പ്രിയക്ക് ഒന്നാം റാങ്ക് നൽകിയ ഉത്തരവിനെതിരെ രണ്ടാം റാങ്കുകാരനായ ഡോ.ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് വിധി. 'പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസ്സറാകാനുള്ള എട്ടു വർഷത്തെ അധ്യാപന പരിചയമില്ലെന്ന് യു.ജി.സിയും കോടതിയെ അറിയിച്ചു.
അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയാ വർഗീസിന് മതിയായ യോഗ്യതയില്ല എന്നതിന്‍റെ കാരണങ്ങള്‍ അക്കമിട്ട് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രസ്താവിച്ചത്.
എല്ലാ യോഗ്യതയും പരിശോധിക്കുമ്പോഴും പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയില്ലെന്ന് കോടതി പറഞ്ഞു. യുജിസി മാനദണ്ഡങ്ങളെ മറികടക്കാനാവില്ല. പ്രവര്‍ത്തി പരിചയത്തിന്‍റെ അടിസ്ഥാനത്തിലാകണം നിയമനം. അക്കാദമിക് സ്കോര്‍ കുറഞ്ഞ പ്രിയയെ നിയമിച്ച നടപടിയെ കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റിക്ക് തെറ്റുപറ്റിയെന്ന് കോടതി നിരീക്ഷിച്ചു.അധ്യാപകര്‍ സമൂഹത്തെ വാര്‍ത്തെടുക്കേണ്ടവരാണെന്നും രാഷ്ട്ര നിര്‍മ്മാതാക്കളാണെന്നുമുള്ള ഡോ. എസ് . രാധാകൃഷ്ണന്‍റെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ടാണ് കോടതി വിധി പ്രസ്താവന നടത്തിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിധി പുറപ്പെടുവിച്ചത്.
ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കാണാനാകില്ല.
ഫെലോഷിപ്പോടു കൂടിയുള്ള PHD ഡെപ്യൂട്ടേഷനാണെന്നും കോടതി നിരീക്ഷിച്ചു. അധ്യാപന പരിചയം തസ്തികയുടെ അടിസ്ഥാനത്തിലല്ല.എന്‍എസ്എസ് കോർഡിനേറ്റർ പദവി അധ്യാപനപരിചയമല്ല. പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലാവണമെന്നാണ് യുജിസി നിലപാട്.
യുജിസി നിബന്ധനകൾ മറികടക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.